കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍; സമ്മാനത്തുക ദുരന്തബാധിതര്‍ക്ക് നല്‍കി കാലിക്കറ്റിലെ ഗവേഷണ വിദ്യാര്‍ഥി

സമ്മാനത്തുക ദുരന്തബാധിതര്‍ക്ക് നല്‍കി കാലിക്കറ്റിലെ ഗവേഷണ വിദ്യാര്‍ഥി

പ്രബന്ധമത്സരത്തിലെ സമ്മാനത്തുക വയനാട്ടിലെ ദുരന്തബാധിര്‍ക്ക് നല്‍കി കാലിക്കറ്റ് സര്‍വകലാശാലയിലെ ഗവേഷണ വിദ്യാര്‍ഥി. മലയാള പഠനവിഭാഗത്തിലെ കെ.ടി. പ്രവീണാണ് കഴിഞ്ഞ ദിവസം ഏറ്റുവാങ്ങിയ സമ്മാനത്തുക വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന് കൈമാറിയത്. പി.എം. താജ് അനുസ്മരണ സമിതി സംഘടിപ്പിച്ച ‘ പി.എം. താജിന്റെ നാടകലോകം ‘ പ്രബന്ധമത്സരത്തില്‍ ഒന്നാം സ്ഥാനം പ്രവീണ്‍ നേടിയിരുന്നു. അയ്യായിരം രൂപയാണ് സമ്മാനം ലഭിച്ചത്. വയനാട്ടിലെ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ചെറിയൊരു തുക ആദ്യമേ തന്നെ പ്രവീണ്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയിരുന്നു. അതിനു ശേഷം ലഭിച്ച അവാര്‍ഡ് തുക കൂടി ദുരന്തബാധിതര്‍ക്കായി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. സര്‍വകലാശാലാ കാമ്പസ് എന്‍.എസ്.എസ്. യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ദുരന്തബാധിതരെ സഹായിക്കാന്‍ അവശ്യസാധനങ്ങള്‍ സ്വരൂപിക്കുന്നുണ്ട്. പ്രവീണ്‍ കൈമാറിയ തുകയും എന്‍.എസ്.എസ് മുഖേന നല്‍കുമെന്ന് വൈസ് ചാന്‍സലര്‍ പറഞ്ഞു. കോഴിക്കോട് പറമ്പില്‍ബസാര്‍ സ്വദേശിയായ കെ.ടി. രവി – പ്രമീള ദമ്പതിമാരുടെ മകനാണ് പ്രവീണ്‍. മലയാള പഠനവിഭാഗത്തിലെ പ്രൊഫസര്‍ ഡോ. പി. സോമനാഥന് കീഴിലാണ് ഗവേഷണം നടത്തുന്നത്.

എം.ബി.എ. കൗൺസിലിംഗ് 2024

കാലിക്കറ്റ് സർവകലാശാലാ കോമേഴ്‌സ് ആന്റ് മാനേജ്‌മന്റ് സ്റ്റഡീസ് പഠനവകുപ്പിലെയും സ്വാശ്രയ സെന്ററുകളിലെയും 2024 – 2025 അധ്യയന വർഷത്തേക്കുള്ള എം.ബി.എ. പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് സർവകലാശാലാ വെബ്‌സൈറ്റിൽ ലഭ്യമാണ്. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് കൗൺസിലിംഗിന് ഹാജരാകാനുള്ള അറിയിപ്പ് ഇ-മെയിൽ വഴി നൽകിയിട്ടുണ്ട്. അറിയിപ്പ് ലഭിച്ചവർ നിർദിഷ്ട രേഖകൾ സഹിതം പഠനവകുപ്പിൽ നേരിട്ട് ഹാജരാകേണ്ടതാണ്. ഹാജരാകേണ്ടവരുടെ റാങ്ക്, ഹാജരാകേണ്ട ദിവസം, സമയം എന്നിവ ക്രമത്തിൽ. (1) റാങ്ക് 1 മുതൽ 100 വരെ, ആഗസ്റ്റ് 6, 10 മണി. (2) റാങ്ക് 101 മുതൽ 200 വരെ, ഓഗസ്റ്റ് 6, 2 മണി. (3) റാങ്ക് 201 മുതൽ 260 വരെ, ആഗസ്റ്റ് 7, 10 മണി. (4) റാങ്ക് 261 മുതൽ 320 വരെ, ആഗസ്റ്റ് 7, 2 മണി.

എം.ബി.എ. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

2024 – 2025 അധ്യയന വര്‍ഷത്തേക്കുള്ള കാലിക്കറ്റ് സര്‍വകലാശാലയുടെ പഠനവകുപ്പ്, സ്വാശ്രയ സെന്ററുകള്‍, അഫിലിയേറ്റഡ് കോളേജുകള്‍ (ഓട്ടണമസ് കോളേജ് ഒഴികെ) എന്നിവയിലെയും എം.ബി.എ. പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് വെബ്സൈറ്റില്‍ ലഭ്യമാണ്. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട വിദ്യാർഥികൾ അതത് പഠനവകുപ്പ് / കോളേജുകളില്‍ നിന്നുള്ള നിര്‍ദേശാനുസരണം ആഗസ്റ്റ് എട്ടിന് മുൻപായി പ്രവേശനം ഉറപ്പാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ https://admission.uoc.ac.in/ .

ഇന്റഗ്രേറ്റഡ് പി.ജി. പ്രവേശനം: വെയ്റ്റിംഗ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

അഫിലിയേറ്റഡ് കോളേജുകളിലെ 2024 – 2025 അധ്യയന വര്‍ഷത്തേക്കുള്ള ഇന്റഗ്രേറ്റഡ് പി.ജി. പ്രാഗ്രാമുകളുടെ പ്രവേശനത്തിന് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത വിദ്യാർഥികളുടെ വെയ്റ്റിംഗ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. സ്റ്റുഡന്റസ് ലോഗിൻ വഴി റാങ്ക് പരിശോധിക്കാം. വിദ്യാർഥികള്‍ പ്രവേശനത്തിന് ഹാജരാകുന്നതിന് മുൻപ് കോളേജുമായി ബന്ധപ്പെടേണ്ടതും അവർ നിർദേശിക്കുന്ന സമയക്രമം പാലിക്കേണ്ടതുമാണ്. ഫോണ്‍ : 0494 2407017, 2407016, 2660600.

ബിരുദ പ്രവേശനം: സ്വാശ്രയ കോഴ്‌സുകളിലേക്കുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

2024 – 2025 അധ്യയന വർഷത്തെ ബിരുദ പ്രവേശനത്തിനോടനുബന്ധിച്ചുള്ള അഫിലിയേറ്റഡ് കോളേജുകൾ / സർവകലാശാല സെന്ററുകൾ എന്നിവയിലെ സ്വാശ്രയ കോഴ്‌സുകളിലേക്കുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. സ്റ്റുഡന്റസ് ലോഗിൻ വഴി റാങ്ക് പരിശോധിക്കാം. പ്രവേശനം ആഗ്രഹിക്കുന്നവർ തങ്ങളുടെ റാങ്ക്, കോളേജുകളിലെ വേക്കന്‍സി എന്നിവ പരിശോധിച്ച് ആഗസ്റ്റ് 13-ന് മുൻപായി കോളേജുമായി ബന്ധപ്പെടേണ്ടതും പ്രവേശനത്തിനായി അവർ നിർദേശിക്കുന്ന സമയക്രമം പാലിക്കേണ്ടതുമാണ്. പ്രസ്തുത റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള നിലവിൽ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനായി കാത്തിരിക്കുന്നവർക്ക്, അലോട്ട്മെന്റ് പ്രസിദ്ധീകരിച്ച് പ്രവേശനം ആരംഭിക്കുന്നത് വരെ പ്രവേശനത്തിന് ഹാജരാകാൻ സമയം അനുവദിക്കുന്നതിനായി അതത് കോളേജുകളോട് ആവശ്യപ്പെടാവുന്നതാണ്.

ഐ.ടി.എസ്.ആറിൽ എം.എ. സോഷ്യോളജി: സ്പോട്ട് അഡ്മിഷൻ

പട്ടികവർഗ വിഭാഗത്തിൽപ്പെട്ട വിദ്യാഥികൾക്ക് വയനാട് ചെതലയത്തുള്ള കാലിക്കറ്റ് സർവകലാശാലാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രൈബൽ സ്റ്റഡീസ് ആൻ്റ് റിസർച്ചിൽ താമസിച്ചു പഠിക്കാവുന്ന എം.എ. സോഷ്യോളജി പ്രോഗ്രാമിലേക്കുള്ള സ്പോട്ട് അഡ്മിഷൻ ആഗസ്റ്റ് അഞ്ചിന് രാവിലെ 11.30-ന് നടക്കും. യോഗ്യതാ സർട്ടിഫിക്കറ്റ്, മാർക്ക്ലിസ്റ്റ്, പി.ജി. ക്യാപ് ഐ.ഡി., എസ്.എസ്.എല്‍.സി., ടി.സി., കണ്ടക്ട്, കമ്മ്യുണിറ്റി, ഇന്‍കം, നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റുകള്‍, ഇക്വലന്‍സി സര്‍ട്ടിഫിക്കറ്റ് ( ആവശ്യമാണെങ്കില്‍ ), ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക്, രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ തുടങ്ങിയവ സഹിതം അന്നേ ദിവസം ചെതലയം ഐ.ടി.എസ്.ആർ. കാര്യാലയത്തിൽ ഹാജരാകേണ്ടതാണ്. ഫോൺ : 9645598986, 6282064516.

ബി.എഡ്. സീറ്റൊഴിവ്

കോഴിക്കോട് കല്ലായിയിലുള്ള കാലിക്കറ്റ് സർവകലാശാലാ ടീച്ചർ എജ്യുക്കേഷൻ സെന്ററിൽ അറബിക്, മലയാളം വിഭാഗങ്ങളിൽ ( ഭിന്നശേഷി സംവരണം ) ഓരോ സീറ്റ് വീതം ഒഴിവുണ്ട്. യോഗ്യരായവർ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം ആഗസ്റ്റ് രണ്ടിന് ഉച്ചക്ക് രണ്ട് മണിക്ക് സെന്ററിൽ നേരിട്ട് ഹാജരാകേണ്ടതാണ്.

പ്രാക്ടിക്കൽ പരീക്ഷ

നാലാം സെമസ്റ്റർ ബി.വോക്. ഫിഷ് പ്രോസസ്സിംഗ് ടെക്‌നോളജി ഏപ്രിൽ 2024 പ്രാക്ടിക്കൽ പരീക്ഷകൾ ആഗസ്റ്റ് ആറിന് തുടങ്ങും. കേന്ദ്രം: എം.ഇ.എസ്. അസ്മാബി കോളേജ് വെമ്പല്ലൂർ.

രണ്ടാം സെമസ്റ്റർ ബി.വോക്. ടൂറിസം ആന്റ് ഹോസ്പിറ്റാലിറ്റി മാനേജ്‌മന്റ് (2023 ബാച്ച്) ഏപ്രിൽ 2024 പ്രാക്ടിക്കൽ പരീക്ഷകൾ ആഗസ്റ്റ് 12-ന് തുടങ്ങും. കേന്ദ്രം: എം.ഇ.എസ്. കല്ലടി കോളേജ് മണ്ണാർക്കാട്, എം.ഇ.എസ്. അസ്മാബി കോളേജ് വെമ്പല്ലൂർ, ലിറ്റിൽ ഫ്‌ളവർ കോളേജ് ഗുരുവായൂർ. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.

പരീക്ഷ

സർവകലാശാലാ സെന്ററുകളിലെയും അഫിലിയേറ്റഡ് കോളേജുകളിലെയും മാറ്റിവച്ച നാലാം സെമസ്റ്റർ രണ്ടു വർഷ ബി.എഡ്. (2020 പ്രവേശനം മുതൽ) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ പുതുക്കിയ സമയക്രമം പ്രകാരം ആഗസ്റ്റ് അഞ്ചിന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.

പരീക്ഷാഫലം

സംയോജിത ഒന്ന്, രണ്ട് സെമസ്റ്റർ, മൂന്നാം സെമസ്റ്റർ ബി.ടെക്. (2014 സ്‌കീം – 2014 പ്രവേശനം) സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ആഗസ്റ്റ് 23 വരെ അപേക്ഷിക്കാം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top