ജ്ഞാനമേഖലക്ക് കരുതല്‍ നല്‍കി കാലിക്കറ്റ് സര്‍വകലാശാലാ ബജറ്റ് ;ഹ്രസ്വകാല തൊഴിലധിഷ്ഠിത പരിപാടികള്‍ പരിഗണനയില്‍
ജ്ഞാനോത്പാദനം കൂടുതല്‍ മെച്ചപ്പെടുത്താനും അഭ്യസ്തവിദ്യര്‍ക്കും പഠനം മുടങ്ങിയവര്‍ക്കും തൊഴിലധിഷ്ഠിത പരിശീലനം നല്‍കാനും ഊന്നല്‍ നല്‍കി കാലിക്കറ്റ് സര്‍വകലാശാലാ ബജറ്റ്. മുന്‍ ബാക്കി ഉള്‍പ്പെടെ 814.15 കോടി രൂപ വരവും 603.62 കോടി രൂപ ചെലവും 210.53 കോടി രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് അംഗീകരിച്ചത്. സര്‍വകലാശാലയുടെ ജ്ഞാനശേഖരവും ഭൗതിക സ്വത്തും ഉപയോഗിച്ച് ഹ്രസ്വകാല തൊഴിലധിഷ്ഠിത പദ്ധതികള്‍ നടപ്പാക്കുകയാണ് ലക്ഷ്യമെന്ന് ബജറ്റ് അവതരിപ്പിച്ച സിന്‍ഡിക്കേറ്റ് ധനകാര്യ സ്ഥിരസമിതി കണ്‍വീനര്‍ പ്രൊഫ. എം.എം. നാരായണന്‍ പറഞ്ഞു. മനഃശാസ്ത്രം, ഭാഷാശാസ്ത്രം, കൊമേഴ്സ്, ആജീവനാന്ത പഠനവിഭാഗം തുടങ്ങിയ വകുപ്പുകളുമായി സഹകരിച്ചും ടീച്ചര്‍ ലേണിങ് സെന്ററിന്റെ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തിയുമാകും കോഴ്സുകള്‍ വികസിപ്പിക്കുക. വിജ്ഞാന വ്യാപന നിര്‍മാണകേന്ദ്രത്തിന് ഒരു കോടി രൂപ മാറ്റിവെച്ചിട്ടുണ്ട്. ചെതലയം ഗോത്രവര്‍ഗ ഗവേഷണ പഠനകേന്ദ്രത്തിന്റെ ഹോസ്റ്റല്‍ നിര്‍മാണത്തിന് രണ്ട് കോടി രൂപ, അക്കാദമിക് മൂല്യനിര്‍ണയത്തിനുള്ള സുവര്‍ണജൂബിലി ബ്ലോക്കിന് 1.5 കോടി, പഠനവകുപ്പുകളുടെ നവീകരണത്തിനും താളിയോല ഗ്രന്ഥപ്പുര, മ്യൂസിയം എന്നിവ മെച്ചപ്പെടുത്താനും 5.35 കോടി, സി.യു. നോളജ് നെറ്റ് വര്‍ക്കിനും മള്‍ട്ടിമീഡിയ ഉള്ളടക്ക നിര്‍മാണത്തിനും 1.5 കോടി എന്നിങ്ങനെയാണ് വകയിരുത്തിയിരിക്കുന്നത്. നടപ്പുവര്‍ഷം ഫെലോഷിപ്പുകള്‍ക്കായി 2.2 കോടി രൂപയും മെറിറ്റ് സ്‌കോളര്‍ഷിപ്പിനായി 25 ലക്ഷം രൂപയും നീക്കിവെച്ചിട്ടുണ്ട്. വിദ്യാര്‍ഥി യൂണിയന്‍ ഫണ്ടിലേക്ക് 90 ലക്ഷവും പഠനവകുപ്പ് യൂണിയന് അഞ്ച് ലക്ഷം രൂപയുമാണ് മാറ്റിവെച്ചിട്ടുള്ളത്. പദ്ധതിയേതര ഇനത്തില്‍ മലബാര്‍ പഠനകേന്ദ്രത്തിന് രണ്ട് കോടി, ഡോ. അംബേദ്കര്‍ സ്‌കോളര്‍ഷിപ്പിന് 20 ലക്ഷം, കായിക ഹോസ്റ്റലിന് മൂന്ന് കോടി, അംബേദ്കര്‍, അയ്യങ്കാളി ചെയറുകള്‍ക്ക് അരക്കോടി വീതമാണ് നീക്കിവെച്ചിട്ടുള്ളത്. യോഗത്തില്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് അധ്യക്ഷത വഹിച്ചു. ദേശീയപാതാ വികസനത്തിന്റെ ഭാഗമായി ലഭിക്കുന്ന തുക സര്‍വകലാശാലയുടെ അക്കാദമിക് വികസനത്തിന് സഹായമാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വാര്‍ഷിക റിപ്പോര്‍ട്ട് കെ.കെ. ഹനീഫയും വാര്‍ഷിക കണക്ക് എ.കെ. രമേഷ് ബാബുവും അവതരിപ്പിച്ചു. പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍, രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, ഡോ. ജി. റിജുലാല്‍, ഡോ. കെ.പി. വിനോദ് കുമാര്‍, വിനോദ് എന്‍. നീക്കാമ്പുറത്ത്, ഡോ. ടി. മുഹമ്മദാലി, സോണിയ ഇ.പ., ഡോ. പി. റഷീദ് അഹമ്മദ് തുടങ്ങിയവര്‍ പങ്കെടുത്തു. 23 ഡിപ്ലോമ, 13605 ഡിഗ്രി, 447 പി.ജി., 13 എം.ഫില്‍., 19 പി.എച്ച്.ഡി. എന്നിവ ഉള്‍പ്പെടെ 14107 ബിരുദങ്ങള്‍ക്ക് യോഗം അംഗീകാരം നല്‍കി.
സോഷ്യല്‍ സര്‍വീസ് സര്‍ട്ടിഫിക്കറ്റ്
എസ്.ഡി.ഇ. 2019 പ്രവേശനം ബിരുദ വിദ്യാര്‍ത്ഥികള്‍ 6 ദിവസത്തെ സാമൂഹിക സേവനം നടത്തിയതിന്റെ സി.യു.എസ്.എസ്.പി. (കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സോഷ്യല്‍ സര്‍വീസ് പ്രോഗ്രാം) സര്‍ട്ടിഫിക്കറ്റ് ഏപ്രില്‍ 30-നകം സര്‍വകലാശാലാ സ്റ്റുഡന്റ്‌സ് പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യണം. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ രജിസ്റ്റര്‍ നമ്പര്‍ ഉപയോഗിച്ച് പോര്‍ട്ടലില്‍ സൈന്‍അപ് ചെയ്യാം.
പരീക്ഷാ അപേക്ഷ
മൂന്നാം സെമസ്റ്റര്‍ എം.സി.എ. ലാറ്ററല്‍ എന്‍ട്രി ഏപ്രില്‍ 2022 സപ്ലിമെന്ററി പരീക്ഷക്ക് പിഴ കൂടാതെ ഏപ്രില്‍ 8 വരെയും 170 രൂപ പിഴയോടെ 12 വരെയും ഫീസടച്ച് ഓണ്‍ലൈനായി അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റര്‍ എം.വോക് ഇന്‍ സോഫ്റ്റ് വെയര്‍ ഡവലപ്‌മെന്റ് നവംബര്‍ 2021 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ ഏപ്രില്‍ 12 വരെയും 170 രൂപ പിഴയോടെ 18 വരെയും ഫീസടച്ച് ഓണ്‍ലൈനായി അപേക്ഷിക്കാം.
പരീക്ഷാ ഫലം
രണ്ടാം സെമസ്റ്റര്‍ എം.എ. ഹിസ്റ്ററി ഏപ്രില്‍ 2021 റഗുലര്‍, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെയും നാലാം സെമസ്റ്റര്‍ ബി.കോം. (ഹോണേഴ്‌സ്/പ്രൊഫഷണല്‍) ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷ മാറ്റി
മാര്‍ച്ച് 31-ന് തുടങ്ങാന്‍ നിശ്ചയിച്ച രണ്ടാം വര്‍ഷ ബി.പി.എഡ്. ഇന്റഗ്രേറ്റഡ് ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
കോവിഡ് പ്രത്യേക പരീക്ഷാ പട്ടിക
ഒന്നാം സെമസ്റ്റര്‍ എം.ബി.എ. ജനുവരി 2021 കോവിഡ് പ്രത്യേക പരീക്ഷക്ക് യോഗ്യരായവരുടെ കൂട്ടിച്ചേര്‍ത്ത പട്ടിക സര്‍വകലാശാലാ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.
സ്‌പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷ
2005 മുതല്‍ 2009 വരെ പ്രവേശനം എം.സി.എ. ഒന്നു മുതല്‍ അഞ്ചു വരെ സെമസ്റ്റര്‍ സപ്തംബര്‍ 2017 സ്‌പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷ ഏപ്രില്‍ 18-ന് തുടങ്ങും.



