കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; നെറ്റ്‌ബോളില്‍ കാലിക്കറ്റിന് വെള്ളി

നെറ്റ്‌ബോളില്‍ കാലിക്കറ്റിന് വെള്ളി

തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി ഭാരതീദാസന്‍ യൂണിവേഴ്‌സിറ്റിയില്‍ നടന്ന അഖിലേന്ത്യാ അന്തര്‍ സര്‍വകലാശാലാ പുരുഷ നെറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി റണ്ണറപ്പ്. സെമിഫൈനല്‍ ലീഗ് മത്സരങ്ങളില്‍ ആതിഥേയരായ ഭാരതീ ദാസന്‍ യൂണിവേഴ്‌സിറ്റിയോട് മാത്രമാണ് കാലിക്കറ്റ് പരാജയപ്പെട്ടത്. സ്‌കോര്‍ (31-35). കേരള യൂണിവേഴ്‌സിറ്റി (48-18), തമിഴ്‌നാട് ഫിസിക്കല്‍ എജുക്കേഷന്‍ സ്‌പോര്‍ട്‌സ് യൂണിവേഴ്‌സിറ്റി (47-07) ടീമുകളെ കാലിക്കറ്റ് പരാജയപ്പെടുത്തി. ടീമംഗങ്ങള്‍: ബേസില്‍ ആന്റിയോസ് (ക്യാപ്റ്റന്‍ ജി.സി.പി.ഇ., കാലിക്കറ്റ്), പി.എസ്. അനിരുദ്ധന്‍ (വൈസ് ക്യാപ്റ്റന്‍), പി. നിഖില്‍, കെ.എസ്. സഞ്ജയ് (ക്രൈസ്റ്റ് കോളേജ് ഇരിഞ്ഞാലക്കുട), എ.എസ്. ഹരികൃഷ്ണന്‍ (സഹൃദയ കോളേജ്), എ.എം. അര്‍ജുന്‍, അരുണ്‍ ഫ്രാന്‍സിസ്, വി.എ. അനന്തപത്മനാഭന്‍, കെ. സിയാഫര്‍, കെ.ബി. വൈഷ്ണവ്, കെ. മുഹമ്മദ് ആസിഫ്, ഒ. ആനന്ദരാജ് (നൈപുണ്യ കോളേജ്, കൊരട്ടി). പരിശീലകന്‍: ജിതിന്‍ മാത്യു.

അഖിലേന്ത്യാ ഹാന്‍ഡ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന് 25-ന് കൊടിയേറും; കിരീട പ്രതീക്ഷയില്‍ കാലിക്കറ്റ്

അഖിലേന്ത്യാ അന്തര്‍സര്‍വകലാശാലാ ഹാന്‍ഡ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന് വെള്ളിയാഴ്ച കാലിക്കറ്റ് സര്‍വകലാശാലയില്‍ തുടക്കമാകും. ദക്ഷിണമേഖലാ ചാമ്പ്യന്മാരായ കാലിക്കറ്റ് ആദ്യദിനം തന്നെ മത്സരത്തിനിറങ്ങും. കാല്‍ നൂറ്റാണ്ടിന് ശേഷം സ്വന്തം മൈതാനത്ത് കിരീട പ്രതീക്ഷയോടെയാണ് ടീം ഇറങ്ങുന്നത്. ഇതിന് മുമ്പ് 1996-ലാണ് കാലിക്കറ്റ് അഖിലേന്ത്യാ ജേതാക്കളായത്. ദക്ഷിണ, ഉത്തര, പശ്ചിമ, പൂര്‍വ മേഖലകളില്‍ നിന്നായി 16 ടീമുകള്‍ മത്സരത്തിനുണ്ട്. പ്രാഥമിക റൗണ്ടില്‍ ലീഗ് മത്സരങ്ങളാണ് നടക്കുക. തുടര്‍ന്ന് ഓരോ പൂളില്‍ നിന്ന് യോഗ്യത നേടുന്ന രണ്ട് ടീമുകള്‍ വീതം ക്വാര്‍ട്ടറില്‍ നോക്കൗട്ട് മത്സരങ്ങള്‍ കളിക്കും. ഇതിലെ ജേതാക്കളാണ് സെമി, ഫൈനല്‍ മത്സരങ്ങളില്‍ ഏറ്റുമുട്ടുക. 29-നാണ് അവസാന മത്സരം. കാലിക്കറ്റിന് പുറമെ കേരളത്തില്‍ നിന്ന് എം.ജി. സര്‍വകലാശാലയാണുള്ളത്. വൈകീട്ട് അഞ്ച് മണിക്ക് സര്‍വകലാശാലാ ഫ്‌ളഡ്‌ലിറ്റ് സ്റ്റേഡിയത്തില്‍ മന്ത്രി വി. അബ്ദുറഹ്‌മാന്‍ ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് അധ്യക്ഷനാകും. ആറ് മണിക്കാണ് ഉദ്ഘാടന മത്സരം. കാലിക്കറ്റിന്റെ ടീമംഗങ്ങള്‍: ജീവന്‍ പോളി (ക്യാപ്റ്റന്‍, കൊടകര സഹൃദയ കോളേജ്), കെ. അഭയ് കൃഷ്ണ (ഗവ. കോളേജ് ചിറ്റൂര്‍), യു.കെ. വൈശാഖ് (സര്‍വകലാശാലാ പഠനവിഭാഗം), വി.പി. അര്‍ഷാദ്, ടി. മുഹമ്മദ് ഫാരിസ്, സി. മുഹമ്മദ് ഷഹദ്, കെ.എം. മുഹമ്മദ് റമീസ് (ഫാറൂഖ് കോളേജ്), ജെയ്‌മോന്‍ ജോര്‍ജ് (ഗവ. കോളേജ് കോടഞ്ചേരി), എം. സാവിദ്, ജോയല്‍ ആന്റണി, കെ.ആര്‍. ഹരികൃഷ്ണന്‍, എസ്. അരുണ്‍, ജീവന്‍ ജോസ് ജോജി (സഹൃദയ കോളേജ്), കെ.പി. ജിഷ്ണു, എം. വിഷ്ണു, എസ്.എം. ശ്രീജിത്ത് (ഗുരുവായൂരപ്പന്‍ കോളേജ് കോഴിക്കോട്). പരിശീലകര്‍: സി.എ. സോസിം, മുനീര്‍. മാനേജര്‍: മിഥിന്‍ ആനന്ദ്. ഫിസിയോ: ഡെന്നി ഡേവിസ്.

പ്രൊജക്ട് ഏപ്രില്‍ 20-നകം നല്‍കണം

എസ്.ഡി.ഇ. 2018 വരെ പ്രവേശനം ആറാം സെമസ്റ്റര്‍ ബി.എ., ബി.എസ് സി., ബി.കോം. ഏപ്രില്‍ 2022 സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷിച്ചിട്ടുള്ളവര്‍ അവരുടെ പ്രൊജക്ട് വര്‍ക്കുകള്‍ ഹാള്‍ടിക്കറ്റിന്റെ കോപ്പി സഹിതം ഏപ്രില്‍ 20-നകം നേരിട്ടോ അല്ലെങ്കില്‍ ഡയറക്ടര്‍, വിദൂര വിദ്യാഭ്യാസ വിഭാഗം, കാലിക്കറ്റ് സര്‍വകലാശാലാ, കാലിക്കറ്റ് യൂണിവേഴ്സിറ്റി പി.ഒ., മലപ്പുറം – 673635 എന്ന വിലാസത്തിലോ നല്‍കണം. ഫോണ്‍ – 0494 2407356, 7494

പരീക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ ആറാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്.-യു.ജി. ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷകളും ബി.എ. മള്‍ട്ടി മീഡിയ ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളും ഏപ്രില്‍ 6-ന് തുടങ്ങും.

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ മാറ്റി

മൂന്നാം സെമസ്റ്റര്‍ / അവസാന വര്‍ഷ എം.എസ് സി മാത്തമറ്റിക്സ് സപ്തംബര്‍ 2021, ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷകളില്‍ 25-ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ഫംഗ്ഷണല്‍ അനാലിസിസ്, ടോപിക്സ് ഇന്‍ ഡിസ്‌ക്രീറ്റ് മാത്തമറ്റിക്സ് എന്നീ പേപ്പറുകളുടെ പരീക്ഷ 26-ലേക്ക് മാറ്റി.

Share news
error: Content is protected !!
Scroll to Top