കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍;കോവിഡ് സ്‌പെഷ്യല്‍ പരീക്ഷാ പട്ടിക

ലൈബ്രറി പ്രവര്‍ത്തനങ്ങളുടെ അതിജീവനത്തിന്
ഐ.ടി. പഠനം അനിവാര്യം- ഡോ. എം.കെ. ജയരാജ്

വിവരസാങ്കേതികതയും  വിനിമയ വൈദഗ്ദ്യവുമാണ് പുതിയകാലത്തെ അനിവാര്യതയെന്നും അതിനൊപ്പം നീങ്ങിയാലേ ലൈബ്രറി പ്രവര്‍ത്തനങ്ങളും അതിജീവിക്കുകയുള്ളൂവെന്നും കാലിക്കറ്റ് സര്‍വകലാശലാ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പറഞ്ഞു. ‘ലൈബ്രറി പ്രവര്‍ത്തനം ; വിജയവും അതിജീവനവും’ എന്ന വിഷയത്തില്‍ സര്‍വകലാശാലാ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് സംഘടിപ്പിച്ച അന്തര്‍ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലൈബ്രറി പ്രവര്‍ത്തനവും പഠനവുമെല്ലം സാങ്കേതികയ്ക്കനുസരിച്ച് മാറുകയാണ്. ഇതിനൊപ്പം സഞ്ചരിക്കാനും നവീകരിക്കപ്പെടാനും തയ്യാറായാലേ അതിജീവനം സാധ്യമാകൂ എന്നും വി.സി. പറഞ്ഞു. കേരളസര്‍വകലാശാലാ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് മുന്‍ വകുപ്പ് മേധാവി ഡോ. കെ.പി. വിജയകുമാര്‍ ആമുഖ പ്രഭാഷണം നടത്തി.   ചടങ്ങില്‍  വകുപ്പ് മേധാവി പ്രൊഫ. കെ. മുഹമ്മദ് ഹനീഫ അധ്യക്ഷനായി. സിന്‍ഡിക്കേറ്റംഗം ഡോ. എം. മനോഹരന്‍, സര്‍വകലാശാലാ ലൈബ്രേറിയന്‍ ഡോ. അബ്ദുള്‍ അസീസ്, ഡോ. ടി.എം. വാസുദേവന്‍, ഡോ. സി. ശ്യാമിലി തുടങ്ങിയവര്‍ സംസാരിച്ചു. 1998-99 ബാച്ചിലെ പൂര്‍വ വിദ്യാര്‍ത്ഥികള്‍ ഏര്‍പ്പെടുത്തിയ ഫൈസല്‍-സെബാസ്റ്റ്യന്‍ മെറിറ്റ് അവാര്‍ഡ്, സോയാദാസ് മെമ്മോറിയല്‍ ക്യാഷ് അവാര്‍ഡ് എന്നിവ ലൈബ്രറി സയന്‍സ് പി.ജി.യില്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് റാങ്കുകള്‍ നേടിയ പി. ജിഷ്ന, പി. നയന, കെ. ഹര്‍ഷ എന്നിവര്‍ക്ക്  വിതരണം ചെയ്തു. യു.ജി.സി. ജെ.ആര്‍.എഫ്. നേടിയ ബി. അഭിജിത്ത്, വി. അഹല്ല്യ, ആയിഷ സാഖിയ, വി.കെ. ഭവിത, കെ.പി. ഭവ്യ, ഒ.കെ. ബിന്‍സി, എ. സാഹിറ, കെ.ടി. ശിവാനി, എ. ശ്രീതു എന്നീ വിദ്യാര്‍ത്ഥികള്‍ക്ക് പൂര്‍വവിദ്യാര്‍ത്ഥിസംഘടന ‘ഡെലിസ്സ’ അവാര്‍ഡ് നല്‍കി. വ്യാഴാഴ്ച ടാഗോര്‍ നികേതനില്‍ രാവിലെ പത്തു മണിക്ക് സെമിനാര്‍ തുടങ്ങും. പ്രൊഫ. ലക്ഷമണ റാവു (ഒസ്മാനിയ യൂണിവേഴ്സിറ്റി), ഡോ. എം.ജി. ശ്രീകുമാര്‍ (ജിയോ ഇന്‍സ്റ്റിറ്റ്യൂട്ട്, മുംബൈ), നികേഷ് നാരായണന്‍ (സെയ്ദ് യൂണിവേഴ്സിറ്റി, ദുബായ്) ഡോ. ടമാറ പിയനോസ് (ജര്‍മനി), ഡോ. ദിലാരാ ബീഗം (വെസ്റ്റ് യൂണിവേഴ്സിറ്റി, ബംഗ്ളാദേശ്), സ്റ്റീഫന്‍ ബക്ക് (അയര്‍ലാന്റ്), നീല്‍സ് സ്റ്റേണ (നെതര്‍ലാന്റ്) പ്രസന്ന വടുവത്തിരിയന്‍ (യുഎസ്എ), ഡോ. ജെ.കെ. വിജയകുമാര്‍ (സൗദി അറേബ്യ), പ്രൊഫ. നസറുദ്ദീന്‍ മിഥുല്‍ (ബംഗ്ളാദേശ്) ഡോ. കെ. ഇളവഴഗന്‍ (ഐ.ഐ.എം. ട്രിച്ചി), ഡോ നബി ഹസ്സന്‍ (ഐ.ഐ.ഐ.ടി ഡല്‍ഹി) എന്നിവര്‍ വരും ദിവസങ്ങളില്‍ സംസാരിക്കും. വെള്ളിയാഴ്ചയാണ് സമാപനം.

  കാലിക്കറ്റില്‍ അന്തര്‍ദേശീയ രസതന്ത്ര സെമിനാര്‍

കാലിക്കറ്റ് സര്‍വകലാശാലാ രസതന്ത്ര പഠനവിഭാഗം സംഘടിപ്പിക്കുന്ന ത്രിദിന അന്താരാഷ്ട്ര സെമിനാറിന് വ്യാഴാഴ്ച തുടക്കമാകും. സര്‍വകലാശാലാ കാമ്പസിലെ ആര്യഭട്ട ഹാളില്‍ നടക്കുന്ന പരിപാടി രാവിലെ 9.30-ന് രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി ഡയറക്ടര്‍ ഡോ. ചന്ദ്രഭാസ് നാരായണ ഉദ്ഘാടനം ചെയ്യും. രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി ശാസ്ത്രജ്ഞര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.

എസ്.ഡി.ഇ. കോണ്‍ടാക്ട് ക്ലാസ്

2019 പ്രവേശനം എസ്.ഡി.ഇ. ആറാം സെമസ്റ്റര്‍ ബി.എ. ഹിന്ദി, അഫ്‌സലുല്‍ ഉലമ, സംസ്‌കൃതം, ഫിലോസഫി വിദ്യാര്‍ത്ഥികള്‍ക്കുള്ള കോണ്‍ടാക്ട് ക്ലാസുകള്‍ മാര്‍ച്ച് 2-ന് തുടങ്ങി. എസ്.ഡി.ഇ.-യില്‍ നടക്കുന്ന ക്ലാസുകള്‍ക്ക് വിദ്യാര്‍ത്ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡ് സഹിതം ഹാജരാകണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2400288, 2407356, 7494.

അസി. പ്രൊഫസര്‍ നിയമനം

കാലിക്കറ്റ് സര്‍വകലാശാലാ ലൈഫ് സയന്‍സ് പഠനവിഭാഗം കേരള പോലീസ് അക്കാദമിയില്‍ നടത്തുന്ന എം.എസ് സി. ഫോറന്‍സിക് സയന്‍സ് കോഴ്‌സിലേക്ക് രണ്ട് അസിസ്റ്റന്റ് പ്രൊഫസര്‍മാരെ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. താല്‍പര്യമുള്ളവര്‍ മാര്‍ച്ച് 7-ന് തൃശൂര്‍ അരണാട്ടുകരയിലുള്ള ഡോ. ജോണ്‍ മത്തായി സെന്ററില്‍ നടക്കുന്ന വാക്-ഇന്‍-ഇന്റര്‍വ്യൂവിന് ഹാജരാകണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കാലിക്കറ്റ് സര്‍വകലാശാലാ റഷ്യന്‍ ആന്റ് കംപാരറ്റീവ് ലിറ്ററേച്ചര്‍ പഠന വിഭാഗത്തില്‍ ഒഴിവുള്ള ഒരു അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് അദ്ധ്യാപകരെ നിയമിക്കുന്നു. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍സഹിതം മാര്‍ച്ച് 7-ന് രാവിലെ 10.30-ന് പഠനവകുപ്പില്‍ ഹാജരാകണം.     പി.ആര്‍. 306/2022

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ

എസ്.ഡി.ഇ. 2011 മുതല്‍ 2013 വരെ പ്രവേശനം, സി.സി.എസ്.എസ്.-യു.ജി. 1, 2, 4 സെമസ്റ്റര്‍ സപ്തംബര്‍ 2021, 3, 4, 6 സെമസ്റ്റര്‍ ഏപ്രില്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷിക്കാം. പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്യുന്നതിനും നേരത്തേ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഫീസടയ്ക്കുന്നതിനും മാര്‍ച്ച് 31 വരെ അവസരമുണ്ട്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാ ഫലം

എസ്.ഡി.ഇ. 1, 2 സെമസ്റ്റര്‍ എം.എ. ഹിന്ദി മെയ് 2020 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 15 വരെ അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് ലോ നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 24 വരെ അപേക്ഷിക്കാം.

കോവിഡ് സ്‌പെഷ്യല്‍ പരീക്ഷാ പട്ടിക

രണ്ടാം വര്‍ഷ അഫ്‌സലുല്‍ ഉലമ പ്രിലിമിനറി മാര്‍ച്ച് 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് കോവിഡ് സ്‌പെഷ്യല്‍ പരീക്ഷക്ക് യോഗ്യരായവരുടെ പട്ടിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.

പുനര്‍മൂല്യനിര്‍ണയ ഫലം

എം.എ. ഇംഗ്ലീഷ് നവംബര്‍ 2020 മൂന്നാം സെമസ്റ്റര്‍ പരീക്ഷയുടെയും ഏപ്രില്‍ 2021 നാലാം സെമസ്റ്റര്‍ പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

Share news
error: Content is protected !!
Scroll to Top