കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍; സര്‍വകലാശാലാ സസ്യോദ്യാനത്തില്‍ ശിംശിപാ വൃക്ഷം പൂവണിഞ്ഞു

സര്‍വകലാശാലാ സസ്യോദ്യാനത്തില്‍ ശിംശിപാ വൃക്ഷം പൂവണിഞ്ഞു

സപുഷ്പി സസ്യഗണത്തിലെ രാഞ്ജി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ശിംശിപാ വൃക്ഷം കാലിക്കറ്റ് സസ്യോദ്യാനത്തില്‍ പൂവണിഞ്ഞു. അശോക മരത്തോട് രൂപസാദൃശ്യം പുലര്‍ത്തുന്ന ശിംശിപായുടെ ജന്മദേശം മ്യാന്‍മര്‍ ആണ്. മ്യാന്മാറിന്റെ അഭിമാനം എന്നറിയപ്പെടുന്ന ഈ വൃക്ഷത്തെക്കുറിച്ച് രാമായണത്തില്‍ പരാമര്‍ശമുണ്ട്. വിരഹ വ്യഥയാല്‍ ക്ഷീണിതയായ സീത അശോകവനിയിലെ ശിംശിപാ വൃക്ഷച്ചുവട്ടിലിരിക്കുന്നതായാണ് കാവ്യത്തില്‍ പറയുന്നത്. കണിക്കൊന്നയും അശോകവും രാജമല്ലിയും ഉള്‍പ്പെടുന്ന സിസാല്‍പിനേസിയേ സസ്യ കുടുംബാംഗമായ ഈ വൃക്ഷത്തിന്റെ ശാസ്ത്രീയനാമം ആംഹേസ്റ്റിയ നൊബിലിസ് (Amherstia nobilis) എന്നാണ്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഏഷ്യയിലെ സസ്യങ്ങള്‍ ശേഖരിച്ച് പഠനം നടത്തിയിരുന്ന ലേഡി സാറാ ആംഹേസ്റ്റിന്റെ സ്മരണയ്ക്കായി നാമകരണം നടത്തിയിട്ടുള്ള ആംഹേസ്റ്റിയ ജനുസ്സിലെ ഏകയിനമാണ് ശിംശിപാ വൃക്ഷം. രണ്ടടിയോളം നീളത്തില്‍ തൂങ്ങിക്കിടക്കുന്ന മനോഹരങ്ങളായ പൂങ്കുലകള്‍ കൗതുകകരമായ കാഴ്ചയൊരുക്കുന്നു. പൂക്കള്‍ക്ക് മഞ്ഞയും വെള്ളയും കലര്‍ന്ന ഓറഞ്ച് നിറമാണുള്ളത്. കേരള വനഗവേഷണ കേന്ദ്രത്തില്‍ നിന്നും ലഭിച്ച വൃക്ഷത്തൈ 2018-ലാണ് സര്‍വകലാശാലാ ഉദ്യാനത്തില്‍ അന്നത്തെ ഗവര്‍ണര്‍ ആയിരുന്ന ജസ്റ്റിസ് പി. സദാശിവം നടുന്നത്. അപൂര്‍വമായി ചിലയിടങ്ങളില്‍ ശിംശിപാ വൃക്ഷം നട്ടുവളര്‍ത്തി വരുന്നുണ്ടെങ്കിലും തൈകളുടെ ദൗര്‍ലഭ്യം കാരണം അധികം പ്രചാരം നേടിയിട്ടില്ല. പതിവെച്ച് തൈകള്‍ ഉണ്ടാക്കുന്നതാണ് ഏറെ പ്രായോഗികം.

ഗോത്ര വൈദ്യം – ആരോഗ്യവും അറിവ് സമ്പ്രദായവും; ദേശീയ സെമിനാര്‍

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ കീഴില്‍ വയനാട് ചെതലയത്തുള്ള ഗോത്ര പഠന ഗവേഷണ കേന്ദ്രം, ഇന്‍ഡിജീനിയസ് മെഡിസിന്‍, ഹെല്‍ത്ത് ലോര്‍ ആന്‍ഡ് നോളജ് സിസ്റ്റം എന്ന വിഷയത്തില്‍ ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു. മാര്‍ച്ച് 3, 4, 5 തീയതികളില്‍ നടക്കുന്ന സെമിനാറില്‍ ഇന്ത്യയിലെ വിവിധ യൂണിവേഴ്സിറ്റികളില്‍ നിന്നുള്ള പ്രഗത്ഭര്‍ പങ്കെടുക്കും. പ്രൊഫ. വി.സുജാത (ജെഎന്‍യു) പ്രൊഫ. ലീനാ എബ്രഹാം (ടിസ്സ്, മുംബൈ) തുടങ്ങിയ അധ്യാപകര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. കേരളത്തിലെ പ്രമുഖരായ ആദിവാസി വംശീയ വൈദ്യന്മാരുടെ അനുഭവങ്ങള്‍ പങ്കുവെയ്ക്കലും ഗോത്ര കലകളുടെ അവതരണവും ഉണ്ടാകും. ഫോണ്‍ : 9961665214, 960588465, Email: itsrseminar@gmail.com , siruek@gmail.com

ഇംഗ്ലീഷ് പഠനവിഭാഗം ദേശീയ സെമിനാര്‍ തുടങ്ങി

കാലിക്കറ്റ് സര്‍വകലാശാലാ ഇംഗ്ലീഷ് പഠനവിഭാഗം സംഘടിപ്പിക്കുന്ന ”കേരള പശ്ചാത്തലത്തിലെ സാംസ്‌കാരിക പഠനം – പുതിയ ചക്രവാളങ്ങള്‍” ദേശീയ സെമിനാറിന് തുടക്കമായി. സര്‍വകലാശാലാ മുന്‍ പ്രൊഫസറും അക്കാദമി അവാര്‍ഡ് ജേതാവുമായ പ്രൊഫ. എം.വി. നാരായണനോടുള്ള ആദരസൂചകമായി നടത്തുന്ന പരിപാടി ഡോ. അനില്‍ ചേലേമ്പ്ര ഉദ്ഘാടനം ചെയ്തു. കേവല ദ്വന്ദ്വങ്ങളില്‍ നിന്ന് പുറത്തുകടക്കുന്നതാകണം സാംസ്‌കാരിക പഠനമെന്നും പാഠ്യപദ്ധതിക്ക് പുറത്തുള്ള രാഷ്ട്രീയ ധൈഷണിക ജീവിതമാണ് സംസ്‌കാരത്തെ നിര്‍ണയിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പഠനവകുപ്പ് മേധാവി ഡോ. ജാനകി ശ്രീധരന്‍ അദ്ധ്യക്ഷത വഹിച്ചു. കേരള സര്‍വകലാശാലാ ഇംഗ്ലീഷ് പഠനവിഭാഗം പ്രൊഫ. മീന പി. പിള്ള മുഖ്യ പ്രഭാഷണം നടത്തി. ഡോ. കെ.എം. ഷെറീഫ്, ഡോ. ഉമര്‍ തസ്നീം, ഡോ. അയിഷാ ഷമ റഹ്‌മത്ത്, ഡോ. സുചേതാ ശങ്കര്‍, ആതിര സദാനന്ദ്, ടി.പി. ശ്വേത തുടങ്ങിയവര്‍ സംസാരിച്ചു.

അറബിക് പഠനവിഭാഗം; അന്താരാഷ്ട്ര സെമിനാര്‍ പ്രബന്ധാവതരണത്തിന് അവസരം

”സഹിഷ്ണുതാ സങ്കല്‍പ്പനം അറബി സാഹിത്യത്തില്‍ – അധികാരം, ജനത, സഹവര്‍ത്തിത്വം” എന്ന വിഷയത്തില്‍ കാലിക്കറ്റ് സര്‍വകലാശാലാ അറബിക് പഠന വിഭാഗം അന്താരാഷ്ട്ര സെമിനാര്‍ സംഘടിപ്പിക്കുന്നു. മാര്‍ച്ച് 8 മുതല്‍ 12 വരെ ഇ.എം.എസ്. സെമിനാര്‍ കോംപ്ലക്സിലാണ് പരിപാടി. സെമിനാറില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കാന്‍ കോളേജ്, യൂണിവേഴ്സിറ്റി അദ്ധ്യാപകര്‍, അംഗീകൃത ഗവേഷണ കേന്ദ്രങ്ങളിലെ ഗൈഡുമാര്‍, ഗവേഷകര്‍ എന്നിവര്‍ക്ക് അവസരമുണ്ട്. താല്‍പര്യമുള്ളവര്‍ പ്രബന്ധ സംക്ഷിപ്തം 300 വാക്കില്‍ കുറയാതെ 25-ന് മുമ്പും 3000 വാക്കില്‍ കവിയാത്ത പൂര്‍ണരൂപം 28-ന് മുമ്പും സമര്‍പ്പിക്കണം. ഫോണ്‍ 9497343532

പരീക്ഷാ അപേക്ഷ

ഒന്നാം സെമസ്റ്റര്‍ ബി.എഡ്. സ്പെഷ്യല്‍ എഡ്യുക്കേഷന്‍ (ഹിയറിംഗ് ആന്റ് ഇംപയര്‍മെന്റ്) നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷക്ക് പിഴ കൂടാതെ മാര്‍ച്ച് 7 വരെയും 170 രൂപ പിഴയോടെ 9 വരെയും ഫീസടച്ച് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

എസ്.ഡി.ഇ., പ്രൈവറ്റ് രജിസ്ട്രേഷന്‍ സി.ബി.സി.എസ്.എസ്.-യു.ജി. ആറാം സെമസ്റ്റര്‍ ഏപ്രില്‍ 2022 പരീക്ഷക്ക് പിഴ കൂടാതെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അവസാന തീയതി മാര്‍ച്ച് 2 വരെ നീട്ടി. 170 രൂപ പിഴയോടെ മാര്‍ച്ച് 5 വരെ രജിസ്റ്റര്‍ ചെയ്യാം.

 

Share news
error: Content is protected !!
Scroll to Top