ഹാന്‍ഡ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന് സംഘാടകസമിതിയായി
മത്സരങ്ങള്‍ ഫ്‌ളഡ്‌ലിറ്റില്‍
കാലിക്കറ്റ് സര്‍വകലാശാല ആതിഥ്യമരുളുന്ന ദക്ഷിണമേഖല, അഖിലേന്ത്യാ അന്തസ്സര്‍വകലാശാലാ പുരുഷ ഹാന്‍ഡ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പുകള്‍ക്ക് സംഘാടക സമിതിയായി. വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ചെയര്‍മാനും രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ് ജനറല്‍ കണ്‍വീനറുമായ സമിതിയുടെ രക്ഷാധികാരികള്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു, എം.പി. അബ്ദുസമദ് സമദാനി എം.പി., മന്ത്രി വി. അബ്ദുറഹ്‌മാന്‍, പി. അബ്ദുള്‍ഹമീദ് എം.എല്‍.എ. എന്നിവരാണ്. സിന്‍ഡിക്കേറ്റംഗങ്ങളും സര്‍വകലാശാലാ സ്റ്റാറ്റിയൂട്ടറി ഓഫീസര്‍മാരും സംഘാടക സമിതിഭാരവാഹികളായുണ്ട്. ഇത്തവണ ഫ്‌ളഡ്‌ലിറ്റ് മൈതാനത്ത് കളിനടത്താനാണ് തീരുമാനം. ഹാന്‍ഡ്‌ബോള്‍ കോര്‍ട്ടില്‍ 12 ലക്ഷം രൂപ ചെലവില്‍ ഫ്‌ളഡ്‌ലിറ്റ് സ്ഥാപിക്കുന്ന ജോലി തുടങ്ങിക്കഴിഞ്ഞു. ഇതിനായി 100 വാട്‌സിന്റെ 2 എല്‍.ഇ.ഡികള്‍ ഉള്‍പ്പെടുന്ന 19 തൂണുകളാണ് സ്ഥാപിക്കുന്നത്. ദക്ഷിണമേഖലാ ചാമ്പ്യന്‍ഷിപ്പുകള്‍ മാര്‍ച്ച് 18 മുതല്‍ 22 വരെയും അഖിലേന്ത്യാ മത്സരം മാര്‍ച്ച് 25 മുതല്‍ 29 വരെയുമാണ് നടക്കുക. ദക്ഷിണമേഖലാ ചാമ്പ്യന്‍ഷിപ്പിന് 60 സര്‍വകലാശാലാ ടീമുകളെയാണ് പ്രതീക്ഷിക്കുന്നത്. അഖിലേന്ത്യാ മത്സരത്തിന് 12 ടീമുകളുണ്ടാകും. വൈകീട്ട് നാലിന് തുടങ്ങി രാത്രി ഒമ്പതര വരെ മത്സരങ്ങള്‍ നടത്താനാണ് നീക്കം. ഫൈനല്‍ മത്സരങ്ങള്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാകും. ടീമുകള്‍ക്കും ഓഫീഷ്യലുകള്‍ക്കും മികച്ച സൗകര്യങ്ങളൊരുക്കി ചാമ്പ്യന്‍ഷിപ്പ് ഗംഭീരമാക്കാനാണ് തീരുമാനം. സംഘാടകസമിതി രൂപവത്കരണ യോഗം വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, സിന്‍ഡിക്കേറ്റംഗങ്ങളായ അഡ്വ. ടോം കെ. തോമസ്, ഡോ. എം. മനോഹരന്‍, കായികവകുപ്പ് മേധാവി ഡോ. വി.പി. സക്കീര്‍ ഹുസൈന്‍, കായികാധ്യാപക സംഘടനാ ഭാരവാഹി ഹരിദയാല്‍, കായികവിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. എം.ആര്‍. ദിനു, അസി. ഡയറക്ടര്‍ ഡോ. കെ. ബിനോയ് തുടങ്ങിയവര്‍ പങ്കെടുത്തു.
സര്‍വകലാശാലാ കാമ്പസിലെ ജന്തുവൈവിധ്യമറിയാന്‍ സര്‍വേ
കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസിലെ ജന്തുവൈവിധ്യം രേഖപ്പെടുത്തു ന്നതിനായുള്ള സര്‍വേക്ക് തുടക്കായി. അഞ്ഞൂറേക്കറിലധികം വരുന്ന കാമ്പസിലെ പക്ഷികള്‍, പാമ്പുകള്‍, ചിത്രശലഭങ്ങള്‍, തുമ്പികള്‍, എട്ടുകാലികള്‍, മറ്റുജീവികള്‍ എന്നിവയെയെല്ലാം തിരിച്ചറിയുകയും ഫോട്ടോ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ രേഖപ്പെടുത്തുകയുമാണ് ലക്ഷ്യം. വിവിധ ഗവേഷണ സ്ഥാപനങ്ങളില്‍ നിന്നുള്ള വിദഗ്ധരുടെ സഹായത്തോടെ നടത്തുന്ന സര്‍വേക്ക് സര്‍വകലാശാലാ പഠനവകുപ്പുകളിലെ വിദ്യാര്‍ഥികളുടെ പിന്തുണയുമുണ്ട്. കാലാവസ്ഥ മാറുന്നതനുസരിച്ച് ജീവികളുടെ സാന്നിധ്യത്തിലും മാറ്റമുണ്ടാകുമെന്നതിനാല്‍ ഏറെനാള്‍ സര്‍വേ തുടര്‍ന്നാലേ പൂര്‍ണമായ പട്ടിക തയ്യാറാകൂ എന്ന് പദ്ധതിക്ക് നേതൃത്വം നല്‍കുന്ന ജന്തുശാസ്ത്രവിഭാഗം അധ്യാപകന്‍. ഡോ. ആര്‍. ബിനു പറഞ്ഞു. ഇതിന്റെ ഭാഗമായി കാമ്പസ് പഠനവകുപ്പിലെ വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും മാത്രമായി ജന്തുശാസ്ത്ര പഠനവകുപ്പ് ഫോട്ടോഗ്രാഫി മത്സരവും നടത്തുന്നുണ്ട്. 23-ന് രാവിലെ ഒമ്പത് മുതല്‍ 11 മണി വരെയാണ് പരിപാടി. കാമ്പസിലെ ജന്തുജാലങ്ങളുടെ ചിത്രങ്ങളാണ് പകര്‍ത്തേണ്ടത്. മൊബൈലിലും ഡിജിറ്റല്‍ ക്യാമറയിലുമുള്ള ഫോട്ടോകള്‍ പരിഗണിക്കും. ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കും. ഫോണ്‍: 7025517105, 8086138347.
മാതൃഭാഷാ ദിനാചരണം
കാലിക്കറ്റ് സര്‍വകലാശാലാ ഫോക് ലോര്‍ പഠനവിഭാഗത്തില്‍ നടന്ന മാതൃഭാഷാ ദിനാചരണത്തില്‍ വകുപ്പ് മേധാവി ഡോ. കെ.കെ. ഗീതാകുമാരി മുഖ്യപ്രഭാഷണം നടത്തി. അദ്ധ്യാപകരായ സിനീഷ് വേലിക്കുനി, ഡോ. വിജിഷ എന്നിവര്‍ സംസാരിച്ചു. സര്‍വകലാശാലാ നിയമ പഠന വകുപ്പില്‍ വിദ്യാര്‍ത്ഥികള്‍ ഭാഷാ പ്രതിജ്ഞയെടുത്തു. കോ-ഓര്‍ഡിനേറ്റര്‍ ഡോ. റിഫത്ത് ഖാന്‍, അഡ്വ. സി.ഇ. മൊയ്തീന്‍കുട്ടി ഫാക്കല്‍റ്റി അംഗങ്ങളായ ശ്രുതി അനൂപ്, പ്രീതി തമ്പാന്‍, ഷര്‍മിള മേനോന്‍, ഫറ റഹ്‌മാന്‍ എന്നിവര്‍ സംസാരിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.
ഇംഗ്ലീഷ് ദേശീയ സെമിനാര്‍
കാലിക്കറ്റ് സര്‍വകലാശാലാ ഇംഗ്ലീഷ് പഠനവിഭാഗം 23, 24 തീയതികളിലായി ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു. സര്‍വകലാശാലാ മുന്‍ പ്രൊഫസറും അക്കാദമി അവാര്‍ഡ് ജേതാവുമായ ഡോ. എം.വി. നാരായണനോടുള്ള ആദരസൂചകമായാണ് പരിപാടി. 23-ന് രാവിലെ 10 മണിക്ക് ഇ.എം.എസ്. സെമിനാര്‍കോംപ്ലക്സില്‍ ഡോ. അനില്‍ ചേലേമ്പ്ര ഉദ്ഘാടനം ചെയ്യും. കേരള സര്‍വകലാശാലാ ഇംഗ്ലീഷ് പഠനവിഭാഗം പ്രൊഫസര്‍ ഡോ. മീന ടി. പിള്ള മുഖ്യപ്രഭാഷണം നടത്തും.
മ്യൂറല്‍ പെയ്ന്റിംഗ്, തയ്യല്‍ – സൗജന്യ പരിശീലനം
കാലിക്കറ്റ് സര്‍വകലാശാലാ ലൈഫ്ലോംഗ് ലേണിംഗ് ആന്റ് എക്സ്റ്റന്‍ഷന്‍ വകുപ്പ് മ്യൂറല്‍ പെയ്ന്റിംഗ്, തയ്യല്‍ എന്നിവയില്‍ നല്‍കുന്ന 15 ദിവസത്തെ സൗജന്യ പരിശീലനത്തിലേക്ക് അപേക്ഷ ക്ഷണിച്ചു. മാര്‍ച്ച് 2 മുതല്‍ ആരംഭിക്കുന്ന പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ പഠനവകുപ്പുമായി ബന്ധപ്പെടുക. രണ്ട് ഡോസ് കോവിഡ് വാക്സിന്‍ എടുത്ത, ആദ്യം അപേക്ഷിക്കുന്ന 30 പേര്‍ക്കാണ് പ്രവേശനം. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും.
യു.ജി.സി. നെറ്റ് പരിശീലനം
കാലിക്കറ്റ് സര്‍വകലാശാലാ ഇസ്ലാമിക് ചെയര്‍ അറബിക്, ജനറല്‍ പേപ്പര്‍ വിഷയത്തില്‍ യു.ജി.സി. നെറ്റ് പരിശീലനം നല്‍കുന്നു. 26-ന് ക്ലാസ്സുകള്‍ ആരംഭിക്കും. ഫോണ്‍ 8943539439, 7736418428
ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ
രണ്ടാം വര്‍ഷ അഫ്സലുല്‍ ഉലമ പ്രിലിമിനറി ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. മാര്‍ച്ച് 10-ന് മുമ്പായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കി. 10-ന് മുമ്പായി അപേക്ഷയുടെ പകര്‍പ്പും അനുബന്ധ രേഖകളും പരീക്ഷാ കണ്‍ട്രോളര്‍ക്ക് സമര്‍പ്പിക്കണം. രജിസട്രേഷന്‍ – പരീക്ഷാ ഫീസുകള്‍ സംബന്ധിച്ച വിവരങ്ങളും മറ്റ് വിശദാംശങ്ങളും വെബ്സൈറ്റില്‍
പരീക്ഷാ ഫലം
ഒന്നാം സെമസ്റ്റര്‍ എം.എസ് സി. സ്റ്റാറ്റിസ്റ്റിക്സ് നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനര്‍മൂല്യനിര്‍ണയ ഫലം
എം.എ. ഹിസ്റ്ററി മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2020 പരീക്ഷയുടെയും നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2021 പരീക്ഷയുടെയും എസ്.ഡി.ഇ. അവസാന വര്‍ഷ ഏപ്രില്‍ 2020 പരീക്ഷയുടെയും മൂന്നാം സെമസ്റ്റര്‍ സംസ്‌കൃത സാഹിത്യ (സ്പെഷ്യല്‍) നവംബര്‍ 2020 പരീക്ഷയുടെയും നാലാം സെമസ്റ്റര്‍ ഇസ്ലാമിക് ഹിസ്റ്ററി ഏപ്രില്‍ 2021 പരീക്ഷയുടെയും എസ്.ഡി.ഇ. ഒന്നാം സെമസ്റ്റര്‍ ബി.എ., ബി.എസ് സി. നവംബര്‍ 2019 സപ്ലിമെന്ററി പരീക്ഷയുടെയും നാലാം സെമസ്റ്റര്‍ ബി.വോക്. ഏപ്രില്‍ 2020 പരീക്ഷയുടെയും രണ്ടാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് ലോ ഏപ്രില്‍ 2020 റഗുലര്‍ പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.




