പരീക്ഷാഫലം അട്ടിമറിക്കാന്‍ ശ്രമം; സിന്‍ഡിക്കേറ്റ് സമിതി അന്വേഷിക്കും അഴിമതിക്കാര്‍ സര്‍വീസിലുണ്ടാകില്ല

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍

പരീക്ഷാഫലം അട്ടിമറിക്കാന്‍ ശ്രമം; സിന്‍ഡിക്കേറ്റ് സമിതി അന്വേഷിക്കും അഴിമതിക്കാര്‍ സര്‍വീസിലുണ്ടാകില്ല

കാലിക്കറ്റ് സര്‍വകലാശാലയുടെ പരീക്ഷാഫലം അട്ടിമറിക്കാന്‍ ബോധപൂര്‍വം ശ്രമം നടന്നോ എന്ന കാര്യം സിന്‍ഡിക്കേറ്റ് സമിതി അന്വേഷിക്കുമെന്ന് സിന്‍ഡിക്കേറ്റ് സ്ഥിരംസമിതി കണ്‍വീനര്‍ കെ.കെ. ഹനീഫ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ബിരുദമൂല്യനിര്‍ണയ ക്യാമ്പില്‍ ചില അധ്യാപകര്‍ പങ്കെടുക്കാന്‍ കൂട്ടാക്കിയില്ല. ക്യാമ്പ് ചെയര്‍മാന്മാര്‍ ആവശ്യപ്പെട്ടിട്ടും വന്നില്ല. ഇതൊക്കെയാണ് ബിരുദഫല പ്രഖ്യാപനം വൈകിച്ചത്. കക്ഷിരാഷ്ട്രീയം മുന്‍നിര്‍ത്തി ആരൊക്കെ പരീക്ഷാനടപടികളില്‍ നിന്നു മുഖം തിരിഞ്ഞു എന്നത് സിന്‍ഡിക്കേറ്റ് സമിതി അന്വേഷിക്കും. ഔദ്യോഗിക ഉത്തരവാദിത്വം നിര്‍വഹിക്കാത്ത അധ്യാപകര്‍ക്കെതിരെ നടപടിക്ക് സര്‍ക്കാറിനോട് ശുപാര്‍ശ ചെയ്യും. സ്വകാര്യ-കല്പിത സര്‍വകലാശാലകളുടെ വളര്‍ച്ചയ്ക്കും പൊതുമേഖലയിലുള്ള സര്‍വകലാശാലകളുടെ തകര്‍ച്ചയ്ക്കും വേണ്ടി ചിലര്‍ ശ്രമിക്കുന്നതായും അദ്ദേഹം പറഞ്ഞു. രണ്ടാം സെമസ്റ്റര്‍ ബിരുദപരീക്ഷയുടെ മൂവായിരത്തഞ്ഞൂറോളം ഉത്തരക്കടലാസുകള്‍ നഷ്ടപ്പെട്ടെന്ന പ്രചാരണം വസ്തുതാ വിരുദ്ധമാണ്. കോളേജില്‍ നിന്ന് ഇന്റേണല്‍ മാര്‍ക്കുകള്‍ ചേര്‍ക്കാത്തതോ റദ്ദാക്കിയ ചോദ്യക്കടലാസ് ഉപയോഗിച്ച് പരീക്ഷ നടത്തിയതോ ആയ കോളേജുകളിലെ വിദ്യാര്‍ഥികളുടെ ഫലമാണ് ഇനിയും പ്രസിദ്ധീകരിക്കാനുള്ളത്. അഴിമതി നടത്തുന്ന ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും വീഴ്ച വരുത്തിയ ജീവനക്കാര്‍ സര്‍വീസിലുണ്ടാകില്ലെന്നും കെ.കെ. ഹനീഫ വ്യക്തമാക്കി. സര്‍വകലാശാലയില്‍ 30 ലക്ഷം രൂപയുടെ അഴിമതി നടത്തിയ ഉദ്യോഗസ്ഥനെതിരെ അന്വേഷണ നടപടികള്‍ തുടരുകയാണ്. നേരത്തെ ക്രമക്കേട് കണ്ടെത്തിയ ഒരാളെ സര്‍വീസില്‍ നിന്ന് പിരിച്ചു വിട്ടിട്ടുമുണ്ട്. അഴിമതി ആരു നടത്തിയാലും സംരക്ഷിക്കില്ലെന്നും സിന്‍ഡിക്കേറ്റംഗങ്ങള്‍ പറഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് അവശ്യ സേവനങ്ങള്‍ അതിവേഗം ലഭിക്കുന്നതിനായി സമഗ്രമായ ഡിജിറ്റൈസേഷന്‍ നടപടികള്‍ പരിഗണനയിലുണ്ട്. ഒരുവര്‍ഷത്തിനകം ഇവ യാഥാര്‍ഥ്യമാക്കാനാണ് ശ്രമം. പരീക്ഷാഭവന്‍, ഭരണകാര്യാലയം എന്നിവിടങ്ങളിലേക്ക് ആവശ്യമായ പുതിയ കമ്പ്യൂട്ടറുകള്‍ വാങ്ങാന്‍ സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചിട്ടുണ്ട്. വ്യാജ ചലാനുകളുടെ പേരില്‍ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടോ എന്നും സര്‍വകലാശാലക്ക് സാമ്പത്തിക നഷ്ടമുണ്ടായിട്ടുണ്ടോ എന്നും അന്വേഷിക്കാന്‍ പ്രൊഫ. എം.എം. നാരായണന്‍ കണ്‍വീനറായ സമിതിക്കാണ് ചുമതല. സിന്‍ഡിക്കേറ്റംഗങ്ങളായ അഡ്വ. ടോം കെ. തോമസ്, ഡോ. ജി. റിജുലാല്‍, ഡോ. എം. മനോഹരന്‍, എ.കെ. രമേഷ് ബാബു, ഡോ. കെ.ഡി. ബാഹുലേയന്‍, ഡോ. കെ.പി. വിനോദ് കുമാര്‍ തുടങ്ങിയവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

എന്‍.എസ്.എസ്. ദേശീയ പുരസ്‌കാരം സര്‍വകലാശാലക്ക് കൈമാറി

മികച്ച എന്‍.എസ്.എസ്. പ്രവര്‍ത്തനങ്ങള്‍ക്കുള്ള ദേശീയ പുരസ്‌കാരം കാലിക്കറ്റ് സര്‍വകലാശാലയിലെത്തി. കോവിഡ് കാരണം വിതരണം ചെയ്യാതിരുന്ന 2018-19 വര്‍ഷത്തെ പുരസ്‌കാരമാണ് ഇപ്പോള്‍ കൈമാറിയിരിക്കുന്നത്. രാഷ്ട്രപതിഭവനില്‍ വെച്ച് നടക്കേണ്ട ചടങ്ങ് കോവിഡ് നിയന്ത്രണങ്ങള്‍ കാരണം മുടങ്ങുകയായിരുന്നു. ആ വര്‍ഷത്തെ മികച്ച കോ-ഓര്‍ഡിനേറ്റര്‍ക്കുള്ള മെഡലും കാലിക്കറ്റിലെ തന്നെ പി.വി. വത്സരാജനായിരുന്നു. ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിന പരേഡിനായി കേരള ടീമിനൊപ്പം ഡല്‍ഹിയില്‍ പോയ നിലമ്പൂര്‍ ഗവ. കോളേജിലെ സമീറയാണ് കാലിക്കറ്റിന്റെ പുരസ്‌കാരങ്ങള്‍ കാമ്പസിലെത്തിച്ചത്. സെനറ്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ അന്നത്തെ കോ-ഓര്‍ഡിനേറ്റര്‍ പി.വി. വത്സരാജില്‍ നിന്ന് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഇവ ഏറ്റുവാങ്ങി. മികച്ച കോ-ഓര്‍ഡിനേറ്റര്‍ക്കുള്ള മെഡല്‍ വി.സി. സമ്മാനിച്ചു. ഭവനരഹിതര്‍ക്ക് വീടുവെച്ചു നല്‍കുന്ന പദ്ധതിയാണ് കാലിക്കറ്റിനെ പുരസ്‌കാരമികവിലേക്കെത്തിച്ചത്. പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍, രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, എന്‍.എസ്.എസ്. പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ. ടി.എല്‍. സോണി, സിന്‍ഡിക്കേറ്റംഗങ്ങളായ കെ.കെ. ഹനീഫ, കെ.ഡി. ബാഹുലേയന്‍, അഡ്വ. ടോം കെ. തോമസ്, ഡോ. എം. മനോഹരന്‍, എ.കെ. രമേഷ് ബാബു, ഡോ. കെ.പി. വിനോദ് കുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

ഡോ. ടി.എല്‍. സോണി കാലിക്കറ്റിലെ
എന്‍.എസ്.എസ്. പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍

കാലിക്കറ്റ് സര്‍വകലാശാലാ എന്‍.എസ്.എസ്. പ്രോഗ്രാം കോ-ഓര്‍ഡിനേറ്ററായി ഡോ.ടി.എല്‍. സോണി. ചുമതലയേറ്റു. തൃശൂര്‍ ശ്രീ. സി. അച്ചുതമേനോന്‍ ഗവ. കോളേജിലെ അസോ. പ്രൊഫസറും സാമ്പത്തിക ശാസ്ത്ര വിഭാഗം മേധാവിയുമായ ഡോ. സോണി കാലിക്കറ്റില്‍ എന്‍.എസ്.എസ്. കോ-ഓര്‍ഡിനേറ്റര്‍ ചുമതലയിലെത്തുന്ന ആദ്യ വനിതയാണ്. ഏറ്റവും നല്ല എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ക്കുള്ള ദേശീയ അവാര്‍ഡ് നേടിയിട്ടുണ്ട്. തൃശൂര്‍ പുത്തന്‍പള്ളിക്കു സമീപം തേര്‍മഠം ലാസറിന്റെ മകളും എല്‍ത്തുരുത്ത് സ്വദേശി പീറ്റര്‍ ഡി. കുഞ്ഞാപ്പുവിന്റെ ഭാര്യയുമാണ്.

ഓവര്‍സിയര്‍ (സിവില്‍) കരാര്‍ നിയമനം

കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ വയനാട് ചെതലയത്തുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ട്രൈബല്‍ സ്റ്റഡീസ് ആന്റ് റിസര്‍ച്ചില്‍ ഓവര്‍സിയര്‍ (സിവില്‍) തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ക്കുള്ള അഭിമുഖം 19-ന് രാവിലെ 9 മണിക്ക് സര്‍വകലാശാലാ ഭരണ കാര്യാലയത്തില്‍ നടക്കും. യോഗ്യരായാവരുടെ പേരും മറ്റു വിവരങ്ങളും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും സര്‍വകലാശാലാ വെബ്‌സൈറ്റില്‍

കോവിഡ് പ്രത്യേക പരീക്ഷാ പട്ടിക പ്രസിദ്ധീകരിച്ചു

രണ്ടാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്.-യു.ജി. ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് കോവിഡ് പ്രത്യേക പരീക്ഷക്ക് യോഗ്യരായവരുടെ പട്ടിക സര്‍വകലാശാലാ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.

പരീക്ഷാ ഫലം

എസ്.ഡി.ഇ. രണ്ടാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ. ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 28 വരെ അപേക്ഷിക്കാം.

ഏഴാം സെമസ്റ്റര്‍ ബി.ആര്‍ക്ക്. നവംബര്‍ 2020 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

ഒന്നാം വര്‍ഷ ഇന്റഗ്രേറ്റഡ് ബി.പി.എഡ്. ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 25 വരെ അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റര്‍ ബി.എ. മള്‍ട്ടി മീഡിയ, ബി.എം.എം.സി. ഏപ്രില്‍ 2020 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 25 വരെ അപേക്ഷിക്കാം.

Share news
error: Content is protected !!
Scroll to Top