തേഞ്ഞിപ്പലം: ലൈംഗീക പീഡന പരാതിയില്‍ കാലിക്കറ്റ് സര്‍വകലാശാല ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.ഹാരിസിനെ സര്‍വീസില്‍ നിന്ന് പുറത്താക്കി. ഇന്ന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം. ഗവേഷക വിദ്യാര്‍ത്ഥി നല്‍കിയ പരാതിയിലാണ് നടപടി.
ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ക്കെതിരെ 2021 ജൂലൈ മാസത്തിലാണ് വിദ്യാര്‍ത്ഥിനി പരാതിയുമായി രംഗത്തെത്തിയത്. വിദ്യാര്‍ത്ഥിനിയുടെ പരാതി ആഭ്യന്തര പരാതി സമിതി കേസ് തേഞ്ഞിപ്പലം പോലീസിന് കൈമാറി. പോലീസ് കേസെടുത്തതിനെ തുടര്‍ന്ന് അധ്യാപകനെ സര്‍വകലാശാലയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്ന് ഈ അധ്യാപകനെതിരെ നിരവധി പെണ്‍കുട്ടികള്‍ രംഗത്തെത്തി. തേഞ്ഞിപ്പം പോലീസ് തുടര്‍ന്ന് ഡോ.ഹാരിസിനെ അറസ്റ്റ് ചെയ്തു.
സര്‍വകലാശാല നടത്തിയ അന്വേഷണത്തില്‍ ഡോ.ഹാരിസ് ഗൗരവതരമായ കുറ്റകൃത്യമാണ് ചെയ്തതെന്ന് വ്യക്തമാവുകയായിരുന്നു. തുടര്‍ന്നാണ് ഇന്ന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തില്‍ ഡോ.ഹാരിസിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടാന്‍ തീരുമാനമെടുത്തത്.




