പെണ്‍ ജനനം ആഘോഷിക്കപ്പെടണം;ഡോ. ബി സന്ധ്യ ഐപിഎസ്

തേഞ്ഞിപ്പലം: സ്ത്രീ പുരുഷ അനുപാതം അപകടകരമാംവിധം താഴോട്ട് പോകുന്ന ഇക്കാലത്ത് ഓരോ പെണ്‍കുട്ടിയുടെയും ജനനം ആഘോഷിക്കപ്പെടേണ്ടതാണെന്ന് എഡിജിപി ഡോ. ബി സന്ധ്യ ഐപിഎസ് അഭിപ്രായപ്പെട്ടു. കാലിക്കറ്റ് സര്‍വ്വകലാശാല വനിതാവകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ത്രിദിന ദേശീയ സെമിനാറിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അവര്‍. സമൂഹത്തില്‍ സ്ത്രീകള്‍ വിവേചനം അനുഭവിക്കുന്നതിന്റെ മുഖ്യകാരണം സാമ്പത്തിക അസമത്വങ്ങളാണ്. സാമ്പത്തിക രംഗത്തും രാഷ്ട്രീയരംഗത്തും സമത്വം ഉണ്ടായാലേ സ്ത്രീ പുരുഷ സമത്വമെന്ന ആശയം യാഥാര്‍ത്ഥ്യമാകൂ. പോലീസില്‍ പോലും വനിതാ വിവേചനം പലരംഗത്തും നടക്കുന്നതായി ബി. സന്ധ്യ പറഞ്ഞു. സ്ത്രീകള്‍ ശരീരം മാത്രമാണെന്ന ധാരണ സമൂഹത്തില്‍ വളരുകയാണ്. അതാണ് പല പീഢനങ്ങളുടെയും അടിസ്ഥാന കാരണം.

ചടങ്ങില്‍ വൈസ്ചാന്‍സലര്‍ ഡോ. കെ. മൂഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിച്ചു. കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡണ്ട് ഡോ. കദീജ മുംതാസ് മുഖ്യ പ്രഭാഷണം നടത്തി. ഡോ. മോളി കുരുവിള, വകുപ്പ് മേധാവി മിനി സുകുമാര്‍ , ലയന ആനന്ദ്, തുടങ്ങിയവര്‍ സംസാരിച്ചു.

മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ദേശീയ സെമിനാറില്‍ സ്ത്രീ – ലൈംഗിക, പ്രത്യൂല്‍പാദന അവകാശങ്ങള്‍ എന്ന വിഷയത്തില്‍ ഡോ. സോണിയ കെ ദാസ്, അഡ്വ. മരിയ ലൂയിസ്, പ്രൊഫ. ഷാഹിദ മുര്‍തസ, ഡോ. കെ. എസ്. പ്രദീപ് കുമാര്‍, (കോഴിക്കോട് കിര്‍ത്താഡ്സ് ഡെപ്യൂട്ടി ഡയറക്ടര്‍) പ്രൊഫ. രേഖ പാണ്ഢെ(സെന്റര്‍ ഫോര്‍ വുമണ്‍ സ്റ്റഡീസ്, ഹൈദരാബാദ്), ഡോ. എന്‍ മണിമേഖലൈ (ഭാരതീദാസന്‍ സര്‍വ്വകലാശാല) തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ പ്രഭാഷണം നടത്തും.

Related Articles