കാലിക്കറ്റ് സർവകലാശാല വാർത്തകൾ; സ്പർശനത്തിൽ നിന്ന് ഡി.എൻ.എ.: പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യക്ക് പേറ്റന്റ്

സ്പർശനത്തിൽ നിന്ന് ഡി.എൻ.എ.: പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യക്ക് പേറ്റന്റ്

കാലിക്കറ്റ്, എം.ജി. സർവകലാശാലകളിലെയും നാഷണൽ ഫോറൻസിക് സയൻസ് സർവകലാശാലയിലെയും ഗവേഷകർ പരിസ്ഥിതി സൗഹൃദ രീതിയിൽ നിർമിച്ച നാനോ സിൽവർ ഉപയോഗിച്ച് വികസിപ്പിച്ച നവീന ഡി.എൻ.എ. ഫിംഗർപ്രിന്റിംഗ് പൗഡറിനും അനുബന്ധ സാങ്കേതികവിദ്യക്കും പേറ്റൻ്റ് ലഭിച്ചു. ഒരു വ്യക്തി ഒരു വസ്തുവിനെ സ്പർശിക്കുമ്പോൾ അവിടെ കണ്ണാൽ കാണാനാകാത്ത ചെറുതായ ത്വക്ക് കോശങ്ങൾ അവശേഷിക്കും. ഇതിലടങ്ങിയിരിക്കുന്ന ഡി.എൻ.എ. കണ്ടെത്തുന്ന രീതിയെയാണ് “ടച്ച് ഡി.എൻ.എ.” എന്ന് വിളിക്കുന്നത്. പരിസ്ഥിതി സൗഹൃദമായ നാനോ-സിൽവർ ഘടകങ്ങൾ ഉപയോഗിച്ച് വികസിപ്പിച്ച പ്രത്യേക ഡി.എൻ.എ ഫിംഗർപ്രിന്റിംഗ് പൗഡർ വഴി ഇത്തരം അദൃശ്യ ഡി.എൻ.എ. തെളിവുകൾ കൂടുതൽ കൃത്യതയോടെ കണ്ടെത്താൻ കഴിയുന്ന പുതിയ സാങ്കേതികവിദ്യയണിത്. വിരലടയാളങ്ങൾ വ്യക്തമായി ദൃശ്യവത്കരിക്കാനും ഉയർന്ന നിലവാരത്തിൽ ഫോട്ടോഗ്രാഫ് ചെയ്യാനും കഴിയുന്നതോടൊപ്പം അതേ വിരലടയാളങ്ങളിൽ നിന്ന് ഡി.എൻ.എ. സാമ്പിളുകൾ ശേഖരിക്കാനുമുള്ള സൗകര്യം ഈ സാങ്കേതികവിദ്യ ഒരുക്കുന്നു. സാധാരണ രീതികളേക്കാൾ പത്ത് മടങ്ങ് കൂടുതൽ “ടച്ച് ഡി.എൻ.എ.” ലഭ്യമാക്കാൻ കഴിയുന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകതയെന്ന് ഗവേഷകർ വ്യക്തമാക്കി. കുറ്റാന്വേഷണ ശാസ്ത്രത്തിൽ വിരലടയാളങ്ങൾ കണ്ടെത്തുന്നതിനും വ്യക്തിയെ തിരിച്ചറിയുന്നതിനും ഈ സാങ്കേതികവിദ്യ നിർണായകമാകും. അക്കാദമിക് മേഖലയിലും നിയമപ്രവർത്തന രംഗത്തും ഈ നേട്ടം ശ്രദ്ധേയമായ മുന്നേറ്റമായി കണക്കാക്കപ്പെടുന്നു. ഡോ. ഷാരൽ റെബല്ലോ, ഡോ. എം.എസ്. ജിഷ ( എം.ജി. സർവകലാശാല ), ഡോ എം.എസ്. ശിവപ്രസാദ്, ആർ. സുവിത (കാലിക്കറ്റ് സർവകലാശാല, ഫോറൻസിക് സയൻസ് പഠനവകുപ്പ്, കേരളാ പോലീസ് അക്കാദമി), ഡോ. ഇ.എം. അനീഷ്, ( കാലിക്കറ്റ് സർവകലാശാല, സുവോളജി പഠനവകുപ്പ് ), ശ്രുതി ജയൻ ( നാഷണൽ ഫോറൻസിക് സയൻസ് സർവകലാശാല ) എന്നിവർ ഉൾപ്പെടുന്നതാണ് ഗവേഷക സംഘം.

പ്രകൃതിയിലെ ബുദ്ധിവൈഭവം അനന്യം- ഡോ. പി. രവീന്ദ്രന്‍ , ബോട്ടണി ദേശീയ സെമിനാര്‍ തുടങ്ങി

പ്രകൃതിയിലും സസ്യ ജീവജാലങ്ങളിലും കാണുന്ന ബുദ്ധിവൈഭവത്തിന്റെ അടുത്തെങ്ങും എത്താന്‍ നിര്‍മിതബുദ്ധിക്ക് കഴിയില്ലെന്ന് കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ പറഞ്ഞു. ബോട്ടണിപഠനവകുപ്പ് സംഘടിപ്പിക്കുന്ന ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വളരെ ചെറിയ സസ്യങ്ങളിലും ജീവികളിലും പോലും അതിസങ്കീര്‍ണമായ ജൈവസാങ്കേതിക വിദ്യയാണ് പ്രവര്‍ത്തിക്കുന്നത്. അതിന്റെ മനോഹാരിത അത്ഭുതപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ലക്ഷക്കണക്കിന് വരുന്ന സസ്യവൈവിധ്യത്തെ തിരിച്ചറിയാനും അതിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്താനും അസംഖ്യം സസ്യവര്‍ഗീകരണ ശാസത്രജ്ഞരെ രാജ്യത്തിന് ആവശ്യമുണ്ടെന്ന് ചടങ്ങില്‍ സംസാരിച്ച ബൊട്ടാണിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ മുന്‍ ഡയറക്ടര്‍ ഡോ. എം. സഞ്ചപ്പ അഭിപ്രായപ്പെട്ടു. നിലവില്‍ ഈ മേഖലയിലുള്ളവരുടെ എണ്ണം വളരെക്കുറവാണ്. പ്രകൃതിയിലെ എല്ലാ സസ്യജീവജാലങ്ങളുടെയും കടമ എന്താണെന്ന് നമുക്കിപ്പോഴും വ്യക്തമല്ല. ജൈവവൈവിധ്യം നിലനിര്‍ത്തുന്നതിനും പ്രകൃതി സൗഹൃദമായി തുടരുന്നതിനും വര്‍ഗീകരണ ശാസ്ത്രജ്ഞരുടെ സേവനം അവശ്യമാണ്. എന്നാല്‍ പലപ്പോഴും രാജ്യത്തെ നയരൂപവത്കരണത്തിന് നേതൃത്വം നല്‍കുന്നവര്‍ ഇക്കാര്യം മനസ്സിലാക്കുന്നില്ലെന്നും ഡോ. സഞ്ചപ്പ പറഞ്ഞു. പഠനവകുപ്പ് മേധാവി ഡോ. എ. യൂസഫ് അധ്യക്ഷനായി. സിന്‍ഡിക്കേറ്റംഗം ഡോ. പി.പി. പ്രദ്യുമ്‌നന്‍, വനംവകുപ്പ് അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഡോ. ജസ്റ്റിന്‍ മോഹന്‍, ബൊട്ടാണിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ മുന്‍ ഡയറക്ടര്‍ ഡോ. എം. സഞ്ചപ്പ, ബോട്ടണി പഠനവകുപ്പ് മുന്‍മേധാവി ഡോ. കെ.വി. മോഹനന്‍, ഡോ. സന്തോഷ് നമ്പി, ഡോ. എല്‍. രശ്മി, ഡോ. മഞ്ജു സി. നായര്‍ എന്നിവര്‍ സംസാരിച്ചു. ബോട്ടണിപഠന വകുപ്പിലെ സീനിയര്‍ പ്രൊഫസറും പ്രമുഖ ടാക്‌സോണമിസ്റ്റുമായ ഡോ. സന്തോഷ് നമ്പിയുടെ വിരമിക്കലിനോടനുബന്ധിച്ച് അനുസന്ധാന്‍ റിസര്‍ച്ച് ഫൗണ്ടേഷന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. വ്യാഴാഴ്ചയാണ് സമാപനം.

പൂർത്തീകരിക്കാനിരിക്കുന്നത്  കാലിക്കറ്റിന്റെ മുഖഛായ മാറുന്ന പ്രവൃത്തികൾ – വി.സി.

സമീപ ഭാവിയിൽത്തന്നെ കാലിക്കറ്റ് സർവകലാശാലയുടെ മുഖഛായ മാറുന്ന പ്രവൃത്തികളാണ് പൂർത്തിയാകാനിരിക്കുന്നതെന്ന് വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രൻ പറഞ്ഞു. സി.എച്ച്. മുഹമ്മദ് കോയാ സ്റ്റേഡിയത്തിൽ പുതുതായി നിർമിക്കുന്ന സ്പോർട്സ് പവലിയന്റെ ആദ്യഘട്ട പ്രവൃത്തി ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സ്പോർട്സ് പവലിയൻ, സ്‌കേറ്റിങ് ട്രാക്ക്, ഷൂട്ടിങ് റേഞ്ച് എന്നിവയെല്ലാം വരാനിരിക്കുകയാണ്. പുതിയ ഹോസ്റ്റലുകൾ, അക്കാദമിക് ബ്ലോക്കുകൾ, സിഫ് ബിൽഡിങ് എന്നിവയുടെയെല്ലാം നിർമാണം പുരോഗമിക്കുന്നു. ഗവേഷണ രംഗത്തും കാര്യമായ പുരോഗതിയുണ്ടെന്നും വൈസ് ചാൻസിലർ പറഞ്ഞു. സിൻഡിക്കേറ്റംഗം അഡ്വ. എം.ബി. ഫൈസൽ അധ്യക്ഷത വഹിച്ചു. സിൻഡിക്കേറ്റംഗങ്ങളായ അഡ്വ. എൽ.ജി. ലിജീഷ്, ഡോ. ടി. വസുമതി, പി. മധു, സെനറ്റംഗം ഡോ. ആർ. ജയകുമാർ, കായിക വകുപ്പ് മേധാവി ഡോ. വി.പി. സക്കീർ ഹുസൈൻ, സർവകലാശാലാ എഞ്ചിനീയർ സി.കെ. മുബാറക്ക്, കായിക വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. ജി. ബിപിൻ തുടങ്ങിയവർ പങ്കെടുത്തു. പി.എം. – ഉഷാ സ്‌കീമിൽ അഞ്ചു കോടി രൂപ ചെലവിലാണ് പവലിയൻ നിർമിക്കുന്നത്. സിന്തറ്റിക്ക് – മഡ് ട്രക്കുകളുടെ മധ്യഭാഗത്തായി 50 മീറ്റർ നീളത്തിലാണ് ആദ്യഘട്ട നിർമാണം നടക്കുന്നത്. ആദ്യഘട്ട പ്രവർത്തനത്തിൽ ഗാലറികൾ, വി.ഐ.പി. ഏരിയ, മെഡൽ റൂം, ടെക്നിക്കൽ ഒഫീഷ്യൽസ് റൂം, മെഡൽ സെറിമണി റൂം, ഡ്രസ്സ് ചെയിഞ്ചിങ് റൂം, ഡോപ്പിങ് കൺട്രോൾ റൂം എന്നിവയാണ് സജ്ജീകരിക്കുന്നത്. സർവകലാശാലാ എഞ്ചിനീയറിങ് വിഭാഗത്തിന് മേൽനോട്ടത്തിൽ കെൻസ എഞ്ചിനീയറിങ് കൺസ്ട്രക്ഷനാണ് പ്രവൃത്തി നടത്തുന്നത്. പവലിയൻ പൂർത്തിയാകുന്നതോടെ ദേശീയ ഫുട്ബാൾ അത്‌ലറ്റിക് മത്സരങ്ങൾക്ക് വേദിയാകാൻ കാലിക്കറ്റിന് കഴിയും. ഒക്ടോബർ മാസത്തോട് പൂർത്തീകരിക്കാനാകുമെന്നാണ് പ്രതീക്ഷ.

ഹിന്ദി ദേശീയ സെമിനാർ

സർവകലാശാലാ ഹിന്ദി പഠനവകുപ്പ് “സമകാലീന ഹിന്ദി കവിത കെ വിവിധ് സ്വർ” എന്ന വിഷയത്തിൽ ദേശീയ സെമിനാർ സംഘടിപ്പിക്കുന്നു. ഹിന്ദി സാഹിത്യകാരിയും സാമൂഹിക പ്രവർത്തകയുമായ അനിത ഭാരതി, ഡോ. പി. രവി, ഡോ. എം. മൂസ (ശ്രീ ശങ്കരാചാര്യാ സംസ്‌കൃത സർവകലാശാല), ഡോ. ആർ. ജയചന്ദ്രൻ, ഡോ. എസ്.ആർ. ജയശ്രീ, ഡോ. പി.ജെ. ഹെർമൻ (കേരള സർവകലാശാല), ഡോ. ബി. അശോക് (യൂണിവേഴ്സിറ്റി കോളേജ് തിരുവനന്തപുരം), ഡോ. ബി. വിജയകുമാർ (ശ്രീ സി. അച്യുതമേനോൻ ഗവ. കോളേജ് തൃശ്ശൂർ) എന്നിവർ പ്രഭാഷണം നടത്തും. പഠനവകുപ്പിൽ നിന്ന് വിരമിക്കുന്ന പ്രൊഫസർ ഡോ. വി.കെ. സുബ്രഹ്മണ്യനെ ആദരിക്കുന്നതിന്റെ ഭാഗമായാണ് സെമിനാർ സംഘടിപ്പിക്കുന്നത്. പരിപാടി മാർച്ച് 06-ന് രാവിലെ 9.45-ന് സർവകലാശാലാ സെമിനാർ കോംപ്ലക്സിൽ രജിസ്ട്രാർ ഡോ. ഡിനോജ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യും.

ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷാഫലം

രണ്ടാം സെമസ്റ്റർ എം.എസ് സി. കമ്പ്യൂട്ടർ സയൻസ് (CBCSS 2020 പ്രവേശനം) സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

വിദൂര വിഭാഗം (CBCSS) എം.കോം. രണ്ടാം സെമസ്റ്റർ (2019 പ്രവേശനം) സെപ്റ്റംബർ 2023, നാലാം സെമസ്റ്റർ (2020 പ്രവേശനം) സെപ്റ്റംബർ 2024  ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 16 വരെ അപേക്ഷിക്കാം.

പരീക്ഷാഫലം

മൂന്നാം സെമസ്റ്റർ ഇക്കണോമിക്സ് (CCSS – 2024 പ്രവേശനം) നവംബർ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

മൂന്നാം സെമസ്റ്റർ ( 2024 പ്രവേശനം ) എം.എച്ച്.എം. പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 16 വരെ അപേക്ഷിക്കാം.

വിദൂര വിഭാഗം മൂന്നാം സെമസ്റ്റർ ബി.കോം., ബി.ബി.എ. – (CUCBCSS UG – 2014, 2015, 2016) സെപ്റ്റംബർ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 22 വരെ അപേക്ഷിക്കാം.

മൂന്നാം സെമസ്റ്റർ എം.എസ് സി. ഫുഡ് സയൻസ് ആന്റ് ടെക്‌നോളജി (CBCSS PG – 2023, 2024 പ്രവേശനം) നവംബർ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 13 വരെ അപേക്ഷിക്കാം.

മൂന്നാം സെമസ്റ്റർ എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷൻ (CBCSS PG – 2022, 2023, 2024 പ്രവേശനം) നവംബർ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 16 വരെ അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റർ എം.ബി.എ. ഇന്റർനാഷണൽ ഫിനാൻസ്, ഹെൽത് കെയർ മാനേജ്മെന്റ് (2021 മുതൽ 2025 വരെ പ്രവേശനം) ജനുവരി 2026 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 16 വരെ അപേക്ഷിക്കാം.

വിദൂര വിഭാഗം മൂന്നാം സെമസ്റ്റർ എം.കോം. (CBCSS – 2022, 2023 പ്രവേശനം) നവംബർ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 16 വരെ അപേക്ഷിക്കാം.

സൂക്ഷ്മപരിശോധനാഫലം

ഒന്നാം സെമസ്റ്റർ എം.എ. ഇംഗ്ലീഷ്, അറബിക്, എം.എസ് സി. ഫിസിക്സ്, സൈക്കോളജി, എം.എസ്.ഡബ്ല്യൂ. (CBCSS PG) നവംബർ 2025 പരീക്ഷകളുടെ സൂക്ഷ്മപരിശോധനാഫലം പ്രസിദ്ധീകരിച്ചു.

പുനർമൂല്യനിർണയഫലം

സംയോജിത ഒന്നും രണ്ടും സെമസ്റ്റർ ബി.ടെക്. (2014 സ്‌കീം 2016 – 2018 പ്രവേശനം) ഏപ്രിൽ 2024 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.

Share news
error: Content is protected !!
Scroll to Top