വനിതാ സംവരണ ഭേദഗതി അടക്കമുള്ള ബില്ലുകള്‍ക്ക് ലോക്‌സഭയിൽ അവതരണാനുമതി

ന്യൂഡല്‍ഹി: വനിതാ സംവരണ ഭേദഗതി അടക്കമുള്ള ബില്ലുകള്‍ക്ക് അവതരണാനുമതി. വോട്ടെടുപ്പിലൂടെയാണ് ലോക്സഭ ബില്ലുകള്‍ക്ക് അവതരണ അനുമതി നല്കി‍യത്. ബില്ലിനെ പിന്തുണച്ച് 251 പേര്‍ വോട്ടു ചെയ്തു. എതിര്‍ത്ത് 185 പേരും വോട്ടു ചെയ്തു. നേരത്തെ പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടെയാണ് കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ രാം മേഘ് വാള്‍ ബില്ലുകള്‍ സഭയില്‍ വെച്ചത്. വനിതാ സംവരണ ഭേദഗതി ബില്‍, മണ്ഡല പുനര്‍നിര്‍ണയ ബില്‍, കേന്ദ്രഭരണ നിയമ ഭേദഗതി എന്നിങ്ങനെ മൂന്ന് ബില്ലുകള്‍ ആണ് കേന്ദ്രം കൊണ്ടുവന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് കേന്ദ്രഭരണ നിയമ ഭേദഗതി ബില്‍ അവതരിപ്പിച്ചത്. ബില്ലിന്മേൽ ഇന്നും നാളെയുമായി ലോക്സഭയിൽ പന്ത്രണ്ട് മണിക്കൂർ ചർച്ച നടക്കും. ഇന്ന് പ്രധാനമന്ത്രി ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കും. നാളെ ഉച്ചതിരിഞ്ഞ് നാല് മണിക്കാണ് ബില്ലിന്മേൽ വോട്ടെടുപ്പ്.

ലോക്‌സഭയിലെ സീറ്റ് എണ്ണം 850 ആക്കി ഉയര്‍ത്തി വനിതാ സംവരണം നടപ്പിലാക്കുക ലക്ഷ്യമിട്ടുള്ളതാണ് ‘നാരീശക്തി വന്ദന്‍ അധിനിയം’ എന്നു പേരിട്ടിട്ടുള്ള ബില്‍. ഇതുപ്രകാരം 2029 ലെ പൊതു തെരഞ്ഞെടുപ്പില്‍ ലോക്‌സഭയുടെ അംഗബലം 543 ല്‍ നിന്നും 850 ആയി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്. നിയമസഭകളിലും മണ്ഡല പുനര്‍ നിര്‍ണയത്തിലൂടെ 33 ശതമാനം സ്ത്രീ സംവരണം നടപ്പാകും.

കേന്ദ്രസര്‍ക്കാരിന്റെ ബില്ലിനെ എതിര്‍ക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. നിലവിലെ 543 അംഗസംഖ്യയില്‍ മൂന്നിലൊന്ന് സ്ത്രീ സംവരണം കൊണ്ടു വരികയാണെങ്കില്‍ പിന്തുണയ്ക്കാമെന്ന് പ്രതിപക്ഷം വ്യക്തമാക്കി. വനിതാ സംരക്ഷണ ബില്ലിനെതിരെ ലോക്‌സഭയില്‍ ശക്തമായ പ്രതിപക്ഷ പ്രതിഷേധമുണ്ടായി. സഭ ആരംഭിച്ച് ബില്‍ അവതരിപ്പിക്കാന്‍ സ്പീക്കര്‍ നീക്കം നടത്തിയതോടെയാണ് പ്രതിപക്ഷം ബഹളം ആരംഭിച്ചത്. വനിതാ സംവരണ ബില്‍ ഫെഡറല്‍ സംവിധാനത്തിന് എതിരായ ആക്രമണമാണെന്ന് കോണ്‍ഗ്രസ് എംപി കെ സി വേണുഗോപാല്‍ പറഞ്ഞു. ജനാധിപത്യം ഹൈജാക്ക് ചെയ്യാനാണ് സര്‍ക്കാര്‍ ശ്രമമെന്നും ബില്‍ പിന്‍വലിക്കണമെന്നും കെ സി ആവശ്യപ്പെട്ടു. ബില്ലിനെ എതിര്‍ത്ത് സമാജ്‌വാദി പാര്‍ട്ടിയും രംഗത്തെത്തി. കശ്മീരിനും അസമിനും സംഭവിച്ചത് രാജ്യം മുഴുവന്‍ സംഭവിക്കുമെന്നാണ് അഖിലേഷ് യാദവ് പറഞ്ഞത്. ബില്‍ ജനാധിപത്യത്തിന് എതിരാണെന്നും പിന്‍വലിക്കണമെന്നും അഖിലേഷ് ആവശ്യപ്പെട്ടു.

ബില്ലിനെ എതിര്‍ത്ത് തൃണമൂല്‍ കോണ്‍ഗ്രസും എന്‍സിപിയും രംഗത്തെത്തി. അംബേദ്കറുടെ ആശയങ്ങള്‍ തകിടം മറിച്ചുവെന്നും ഭരണഘടനാ- ജനാധിപത്യ വിരുദ്ധമാണെന്നും ടിഎംസി എംപി പറഞ്ഞു. ബില്‍ സ്ത്രീ സംവരണത്തിന് ഉളളതല്ലെന്നും മണ്ഡല പുനര്‍നിര്‍ണയം ലക്ഷ്യമിട്ടുളളതാണെന്നും എന്‍ കെ പ്രേമചന്ദ്രന്‍ എംപി പറഞ്ഞു. 2023-ല്‍ വനിതാ സംവരണത്തെ പ്രതിപക്ഷം പൂര്‍ണമായി പിന്തുണച്ചതാണെന്നും അദ്ദേഹം പറഞ്ഞു. കറുത്ത വസ്ത്രം ധരിച്ചാണ് ഡിഎംകെ എംപിമാര്‍ പാര്‍ലമെന്റിലെത്തിയത്.

ബില്‍ ഭരണഘടനാ വിരുദ്ധമാണെന്നും പിന്‍വലിക്കണമെന്നും ഡിഎംകെ എംപി ടി ആര്‍ ബാലു ആവശ്യപ്പെട്ടു. വനിതാ സംവരണ ബില്‍ ഫെഡറല്‍ തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്ന് എഐഎംഐഎമ്മും അഭിപ്രായപ്പെട്ടു.

Share news
error: Content is protected !!
Scroll to Top