Section

malabari-logo-mobile

നാക് പരിശോധനക്ക് ഒരുങ്ങി കാലിക്കറ്റ്: പ്രതീക്ഷിക്കുന്നത് മികച്ച ഗ്രേഡ് – വൈസ് ചാന്‍സലര്‍

HIGHLIGHTS : Calicut ready for tongue test: Best Grade Expected - Vice Chancellor

സര്‍വകലാശാലയുടെ ജൈവവൈവിധ്യം പുസ്തകരൂപത്തില്‍

കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസിന്റെ ജൈവ വൈവിധ്യം വ്യക്തമാക്കുന്ന സചിത്ര പുസ്തകം പുറത്തിറങ്ങി. അഞ്ഞൂറേക്കറിലധികം വരുന്ന കാമ്പസിലെ സസ്യ ജന്തുജാലങ്ങളെക്കുറിച്ചുള്ള വിവരണമാണിത്. 558 സപുഷ്പികള്‍, 202 ജന്തുജാലങ്ങള്‍ എന്നിവയെക്കുറിച്ച് ഇതില്‍ വിശദമാക്കുന്നുണ്ട്. ബോട്ടണി പഠനവകുപ്പ് മേധാവി ഡോ. ജോസ് ടി. പുത്തൂര്‍, അധ്യാപകരായ ഡോ. സന്തോഷ് നമ്പി, എ.കെ. പ്രദീപ്, ഡോ. സി.ഡി. സെബാസ്റ്റിയന്‍, ഡോ. സി. പ്രമോദ്, ഡോ. മഞ്ജു സി. നായര്‍ എന്നിവരാണ് പുസ്തം തയ്യാറാക്കിയത്. വിദ്യാര്‍ഥികളായ ഐ. അംബിക, കെ. അരുണിമ, എം.ആര്‍. പ്രദ്യുമ്‌നന്‍ എന്നിവര്‍ ബൊട്ടാണിസ്റ്റുകളായും കെ. എം. മനീഷ്മ സുവോളജിസ്റ്റായും പദ്ധതിയില്‍ പങ്കാളികളായി. 440 പേജുകളിലായി സര്‍വകലാശാലാ ബോട്ടണി, സുവോളജി പഠനവകുപ്പുകളുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ പുസ്തകം വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പ്രകാശനം ചെയ്തു. ചടങ്ങില്‍ പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍, രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, സിന്‍ഡിക്കേറ്റംഗം ഡോ. എം. മനോഹരന്‍, ഐ.ക്യു.എ.സി. ഡയറക്ടര്‍ ഡോ. പി. ശിവദാസന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

sameeksha-malabarinews

ഫോട്ടോ- സര്‍വകലാശാലാ കാമ്പസിന്റെ ജൈവ വൈവിധ്യം വിശദമാക്കുന്ന പുസ്തകം വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പ്രകാശനം ചെയ്യുന്നു.

ബി.ടെക്. പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജില്‍ 2022-23 അദ്ധ്യയന വര്‍ഷത്തെ ബി.ടെക്. പ്രവേശനത്തിനുള്ള നടപടികള്‍ ആരംഭിച്ചു. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഇല്ക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍, മെക്കാനിക്കല്‍, പ്രിന്റിംഗ് ടെക്‌നോളജി, ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ് എന്നീ ബ്രാഞ്ചുകളിലേക്കാണ് പ്രവേശനം. കീം റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക്  കീം-2022 വെബ്‌സൈറ്റ് വഴി കോളേജിലെ വിവിധ കോഴ്‌സുകള്‍ക്ക് ഓപ്ഷന്‍ നല്‍കാവുന്നതാണ്. ഇരുപതിനായിരം രൂപയാണ് ട്യൂഷന്‍ ഫീസ്. ഇ-ഗ്രാന്റ്, എം.സി.എം. തുടങ്ങിയ സ്‌കോളര്‍ഷിപ്പുകളും അര്‍ഹരായവര്‍ക്ക് നല്‍കും. പ്രവേശന പരീക്ഷയെഴുതാത്തവര്‍ക്ക് എന്‍.ആര്‍.ഐ. ക്വാട്ടയില്‍ പ്രവേശനത്തിന് അവസരമുണ്ട്. ഫോണ്‍ – 9567172591.

നാക് പരിശോധനക്ക് ഒരുങ്ങി കാലിക്കറ്റ്:
പ്രതീക്ഷിക്കുന്നത് മികച്ച ഗ്രേഡ് – വൈസ് ചാന്‍സലര്‍

54 വയസ്സ് പിന്നിട്ട കേരളത്തിലെ ഏറ്റവും വലിയ സര്‍വകലാശാലയായ കാലിക്കറ്റ് യു.ജി.സിയുടെ ‘നാക് ‘ അംഗീകാര പരിശോധനക്ക് ഒരുങ്ങിയിരിക്കുകയാണെന്ന് കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പത്രസമ്മേളനത്തില്‍ പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങളുടെയും അക്കാദമിക് മികവുകളുടെയും അടിസ്ഥാനത്തില്‍ ഏറ്റവും മികച്ച ഗ്രേഡായ എ പ്ലസ് പ്ലസ് നേടാന്‍ എന്തു കൊണ്ടും യോഗ്യമാണ് കാലിക്കറ്റ് സര്‍വകലാശാല. കേരളത്തില്‍ നാലാമത് നാക് അക്രഡിറ്റേഷന് വിധേയമാകുന്ന ആദ്യ സര്‍വകലാശാലയാണ് കാലിക്കറ്റ്. 2016 ജൂലൈ മാസത്തില്‍ നടന്ന മൂന്നാമത് നാക് അക്രഡിറ്റേഷനില്‍ 3.13 പോയിന്റോടെ എ ഗ്രേഡ് ലഭിച്ചിരുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷം പാഠ്യ പഠ്യേതര പ്രവര്‍ത്തനങ്ങളിലും ഗവേഷണത്തിലും കാര്യമായ പുരോഗതി കാലിക്കറ്റ് നേടിയെടുത്തിട്ടുണ്ട്. സെപ്റ്റംബര്‍ 15, 16, 17 തീയതികളിലായി നാക് പിയര്‍ ടീം അംഗങ്ങള്‍ സര്‍വകലാശാലാ കാമ്പസും പഠനവകുപ്പുകളും സന്ദര്‍ശിക്കും. ഔറംഗാബാദ് എം.ജി.എം. സര്‍വകലാശാലാ മുന്‍ വൈസ് ചാന്‍സലറും മാധ്യമപഠന വിദഗ്ധനുമായ ഡോ. സുധീര്‍ ഗാവ്‌നേ അധ്യക്ഷനായ ആറംഗ സംഘമാണ് എത്തുന്നത്. ഈ സംഘത്തെ വരവേല്‍ക്കാനും കാലിക്കറ്റ് സര്‍വകലാശാലയുടെ തനതായ പ്രത്യേകതകളും മേന്മകളും എടുത്തു കാണിക്കാനും വേണ്ട ഒരുക്കങ്ങള്‍ നടത്തിക്കഴിഞ്ഞുവെന്നും വി.സി. അറിയിച്ചു. മലബാറിന്റെ അക്കാദമിക കുതിപ്പിന് നട്ടെല്ലാകുന്ന കാലിക്കറ്റ് സര്‍വകലാശാലക്ക് മികച്ച ഗ്രേഡ് ലഭിക്കുന്നതിന് വേണ്ടി എല്ലാ മാധ്യമങ്ങളുടെയും പിന്തുണ അഭ്യര്‍ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു. പത്രസമ്മേളനത്തില്‍ പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍, രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, സിന്‍ഡിക്കേറ്റംഗം ഡോ. എം. മനോഹരന്‍, നാക് കോ-ഓര്‍ഡിനേറ്റര്‍ ഡോ. ജോസ് ടി. പുത്തൂര്‍, ഐ.ക്യു.എ.സി. ഡയറക്ടര്‍ ഡോ. പി. ശിവദാസന്‍ എന്നിവരും പങ്കെടുത്തു.

നേട്ടങ്ങള്‍

1) 2016ലെ നാക് അക്രഡിറ്റേഷന്‍ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ച കുറവുകള്‍ പൂര്‍ണമായി പരിഹരിക്കുവാന്‍ സര്‍വകലാശാലക്ക് കഴിഞ്ഞു

2) സര്‍വകലാശാലാ കാമ്പസിലെ 36 പഠനവകുപ്പുകളിലായി മികച്ച അധ്യാപനവും ഗവേഷണ പ്രവര്‍ത്തനങ്ങളും നടക്കുന്നു. അധ്യാപകര്‍ ലോകശ്രദ്ധ പിടിച്ചുപറ്റിയ കണ്ടെത്തലുകള്‍ക്ക് നേതൃത്വം നല്‍കുകയും ഗവേഷണ പേറ്റന്റുകള്‍ നേടുകയും ചെയ്തു.

3) യുനെസ്‌കോ അംഗീകാരമുള്ള രണ്ട് ചെയറുകള്‍ പ്രവര്‍ത്തിക്കുന്നു

4) സ്ഥിരം അധ്യാപകരുടെ ഒഴിവുകള്‍ നികത്തി.

5) പാഠ്യവിഷയങ്ങളെയും അധ്യാപകരെയും വിലയിരുത്തുന്നതിന് ഡിജിറ്റല്‍ ഫീഡ്ബാക്ക് സമ്പ്രദായം നടപ്പിലാക്കി

6) സര്‍വകലാശാലയില്‍ പഠന പ്രവര്‍ത്തനങ്ങള്‍ക്കായി മൂഡില്‍ ലേണിങ് മാനേജ്‌മെന്റ് സിസ്റ്റം, ലേണിങ്ങ് സ്‌പേസ് എന്ന പേരില്‍ നടപ്പിലാക്കി

7) സര്‍വകലാശാല കമ്പ്യൂട്ടര്‍ സെന്റര്‍ വിഭാഗം പോര്‍ട്ടലുകള്‍ വികസിപ്പിച്ച് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഡിജിറ്റല്‍വത്കരണം നടപ്പാക്കി

8) കേരളത്തിലെ സര്‍വകലാശാലകളില്‍ ആദ്യത്തേത് എന്ന നിലക്ക് ഇന്റര്‍നെറ്റ് റേഡിയോ (റേഡിയോ സി.യു.) പ്രവര്‍ത്തനം തുടങ്ങി

9) കാമ്പസ് പഠനവകുപ്പുകളിലും സര്‍വകലാശാലയുടെ വയനാട് ചെതലയത്തുള്ള ട്രൈബല്‍ സ്റ്റഡി സെന്ററിലും തൃശ്ശൂരിലുള്ള ജോണ്‍ മത്തായി സെന്ററിലും അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ചു

10) നാഷണല്‍ സര്‍വീസ് സ്‌കീമിന് ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത ‘അഭയം’ ഭവന നിര്‍മാണ പദ്ധതി രാജ്യശ്രദ്ധ ആകര്‍ഷിച്ചു.

11) ഈ വര്‍ഷം ഒമ്പത് ഇനങ്ങളില്‍ അഖിലേന്ത്യാ അന്തര്‍സര്‍വകലാശാലാ കായിക കി രീടങ്ങള്‍ നേടാന്‍ കാലിക്കറ്റിന് കഴിഞ്ഞു.

12) സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയോടെ ഫാബ് ലാബ് അടക്കം ഗവേഷണ നൂതനാശയ പ്രോത്സാഹന പദ്ധതികള്‍ ഒരുങ്ങുന്നുണ്ട്.

കാമ്പസിന്റെ പ്രധാന ആകര്‍ഷണങ്ങള്‍

ഹരിതാഭ
ജൈവ വൈവിധ്യം
കായിക മികവ് പദ്ധതി (ലാഡര്‍)
ഭിന്നശേഷീ പരിപാലന പദ്ധതി (സി.ഡി.എം.ആര്‍.പി.)
സുവേഗ (ഡിജിറ്റല്‍ സ്റ്റുഡന്റ് സര്‍വീസ് സെന്റര്‍)

സര്‍വകലാശാലാ പഠനവകുപ്പുകളില്‍
ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം നടത്തുന്നു

കാലിക്കറ്റ് സര്‍വകലാശാലാ പഠനവകുപ്പുകളില്‍ എന്‍ട്രന്‍സ് പരീക്ഷ വഴി പ്രവേശനം നടത്തുന്ന ഏതാനും കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്കായി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന് സൗകര്യം. വിജ്ഞാപനപ്രകാരം നിഷ്‌കര്‍ഷിച്ചിട്ടുള്ള നിശ്ചിത യോഗ്യതയുള്ളവര്‍ക്ക് പരമാവധി നാല് പ്രോഗ്രാമുകളിലേക്ക് 16 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2407016, 2660600.

പരീക്ഷാ അപേക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ അഞ്ചാം സെമസ്റ്റര്‍ യു.ജി. നവംബര്‍ 2022 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ ഒക്‌ടോബര്‍ 10 വരെയും 170 രൂപ പിഴയോടെ 13 വരെയും മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2022 റഗുലര്‍ പരീക്ഷകള്‍ക്ക് പിഴ കൂടാതെ ഒക്‌ടോബര്‍ 11 വരെയും 170 രൂപ പിഴയോടെ 14 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.

ബി.എ. മള്‍ട്ടി മീഡിയ നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2020, അഞ്ചാം സെമസ്റ്റര്‍ നവംബര്‍ 2020 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 26 വരെയും 170 രൂപ പിഴയോടെ 28 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റര്‍ ബി.വോക്. നവംബര്‍ 2021 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ ഒക്‌ടോബര്‍ 10 വരെയും 170 രൂപ പിഴയോടെ 12 വരെയും സപ്തംബര്‍ 22 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം.

പരീക്ഷാ ഫലം

ഏഴാം സെമസ്റ്റര്‍ ബി.ടെക്. ഏപ്രില്‍ 2020 സപ്ലിമെന്ററി പരീക്ഷയുടെയും നാലാം സെമസ്റ്റര്‍ എം.എ. ഉര്‍ദു ഏപ്രില്‍ 2022 പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു.

കാമ്പസില്‍ വനിതാ സുരക്ഷാ ജീവനക്കാര്‍ സേവനം തുടങ്ങി

കാലിക്കറ്റ് സര്‍വകലാ കാമ്പസില്‍ വനിതാ സുരക്ഷാ ജീവനക്കാര്‍ സേവനം തുടങ്ങി. 25 പേരെയാണ് കരാറടിസ്ഥാനത്തില്‍ നിയമിച്ചിരിക്കുന്നത്. കൂടുതല്‍ സ്ത്രീസൗഹൃദ കാമ്പസാക്കി മാറ്റുന്നതിന് ഇവരുടെ സേവനം പ്രയോജപ്രദമാകും. രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെയാണ് ഇവര്‍ ജോലിയിലുണ്ടാകുക. ഭരണകാര്യാലയം, പരീക്ഷാഭവന്‍, വനിതാ ഹോസ്റ്റല്‍,  ടാഗോര്‍ നികേതന്‍, ഹെല്‍ത്ത് സെന്റര്‍, ഡേ കെയര്‍ സെന്റര്‍, തുടങ്ങി പ്രധാന കേന്ദ്രങ്ങളിലെല്ലാം ഇവരുടെ സേവനം ലഭ്യമാകും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!