പെണ്‍കുട്ടി മാതാവ് ചെമ്മാട് സ്വദേശിനി
കോഴിക്കോട് : പതിനാലുകാരിയെ വിവാഹം കഴിച്ച 42 വയസ്സുകാരന്‍ റിമാന്‍ഡില്‍. കോഴിക്കോട് പാനൂര്‍ സ്വദേശി മജീദ് (42) ആണ് പിടിയിലായത്. സാമ്പത്തിക പരാധീനത മുതലെടുത്താണ് പെണ്‍കുട്ടിയെ വിവാഹം ചെയ്തതെന്നാണ് പൊലീസ് പറയുന്നത്.
തിരൂരങ്ങാടി ചെമ്മാട് സ്വദേശിനിയായ യുവതിയുടെ മകളെയാണ് രണ്ടാനച്ഛന്റെ സഹായത്തോടെ മജീദ് വിവാഹം കഴിച്ചത്. സ്ത്രീയുടെ ആദ്യ വിവാഹമായ മൈസൂര്‍ കല്ല്യാണത്തിലുണ്ടായ പെണ്‍കുട്ടിയെയാണ് 42 കാരനെ കൊണ്ട് വിവാഹം കഴിപ്പിച്ചത്. ആദ്യഭര്‍ത്താവ് ഉപേക്ഷിച്ചതിനെ തുടര്‍ന്ന് ഈ സ്ത്രീയും മകളും രണ്ടാമത് വിവാഹം കഴിച്ച ഭര്‍ത്താവിനോടൊപ്പം കോഴിക്കോടാണ് താമസിച്ചിരുന്നത്. പെണ്‍കുട്ടിയെ ഉണ്ണിക്കുളം ജിയുപി സ്‌കൂളില്‍ ആറാംക്ലാസില്‍ ചേര്‍ത്തിരുന്നു. മൈസൂരിലായതിനാല്‍ പഠനം തുടരാന്‍ കഴിഞ്ഞില്ലെന്നാണ് കുട്ടിയുടെ മാതാവ് സ്‌കൂള്‍ അധികൃതരെ അറിയിച്ചിരുന്നത്. കഴിഞ്ഞ ദിവസം സ്‌കൂളിലെത്തിയ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരോട് പെണ്‍കുട്ടി തന്റെ വിവാഹം കഴിഞ്ഞതായും തന്റെ സമ്മതമില്ലാതെയാണ് വിവാഹം നടന്നത് എന്ന കാര്യം പറഞ്ഞതോടെയാണ് പെണ്‍കുട്ടിയുടെ വിവാഹക്കാര്യം പുറംലോകം അറിഞ്ഞത്. തുടര്‍ന്ന് ബാലുശ്ശേരി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
സംഭവത്തെ തുടര്‍ന്ന് അറസ്റ്റ് ചെയ്ത മജീദുമായി പോലീസ് പെണ്‍കുട്ടിയുടെ വാടക വീട്ടിലെത്തിയെങ്കിലും വീട്ടിലുള്ളവര്‍ കടന്ന് കളഞ്ഞിരുന്നു . പെണ്‍കുട്ടിയുടെ രണ്ടാനച്ഛന്‍ മജീദില്‍ നിന്നും വന്‍തുക കൈപറ്റിയിരുന്നതായും ഇത് തിരിച്ച് നല്‍കാതിരിക്കാന്‍ വേണ്ടിയാണ് പെണ്‍കുട്ടിയെ വിവാഹം കഴിപ്പിച്ചതെന്നുമാണ് പോലീസ് നല്‍കുന്ന വിവരം.




