
കാലിക്കറ്റ് സര്‍വകലാശാലാ ബയോടെക്നോളജി വകുപ്പും കോഴിക്കോട്ടെ ഇഖ്‌റ ഇന്റര്‍നാഷണല്‍ ഹോസ്പിറ്റല്‍&റിസര്‍ച്ച് സെന്ററും തമ്മില്‍ സംയുക്ത ഗവേഷണ സഹകരണത്തിന് ധാരണയായി.
കരാര്‍ പ്രകാരം ഇരു സ്ഥാപനങ്ങളും സംയുക്തമായി ഗവേഷണപദ്ധതികള്‍ നടപ്പിലാക്കുകയും വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും പരിശീലനം, ഇന്റേണ്‍ഷിപ്പ് അവസരങ്ങള്‍ നല്‍കുകയും ചെയ്യും. എത്തിക്കല്‍ കമ്മിറ്റിയുടെ അനുമതിയോടെ ക്ലിനിക്കല്‍ സാമ്പിളുകള്‍ ലബോറട്ടറി സൗകര്യങ്ങള്‍, സാങ്കേതികവിദ്യകള്‍ എന്നിവ പരസ്പരം പങ്കുവെയ്ക്കുകയും ചെയ്യും. അവയവ മാറ്റ ചികിത്സയുമായി ബന്ധപ്പെട്ട ഗവേഷണ പദ്ധതികള്‍ സര്‍വകലാശാലയില്‍ പുരോഗമിക്കുന്നുണ്ട്.
വൃക്ക മാറ്റിവെയ്ക്കുന്നവരില്‍ കുറച്ച് കാലം കഴിയുമ്പോള്‍ മാറ്റിവെയ്ക്കപ്പെട്ട വൃക്ക തിരസ്‌കരിക്കാന്‍ ശരീരം ശ്രമിക്കും. ആന്റിബയോട്ടിക്കുകള്‍ ഉപയോഗിച്ച് ഇത് തടഞ്ഞു നിര്‍ത്തിയാണ് തുടര്‍ ചികിത്സ നടത്തുക. മാറ്റി വെച്ച വൃക്ക തിരസ്‌കരിക്കാനുള്ള മുന്‍കൂട്ടി അറിയാനും അപകടനില ഒഴിവാക്കാനും സഹായിക്കുന്ന ഗവേഷണ പദ്ധതി സര്‍വകലാശാലാ ബയോടെക്‌നോളജി വകുപ്പില്‍ നടക്കുന്നുണ്ട്. രോഗിയുടെ മൂത്രപരിശോധനയിലൂടെയാണ് ഇതിനാവശ്യമായ ബയോ മാര്‍ക്കറുകള്‍ വികസിപ്പിക്കുന്നത്.
തുടര്‍ച്ചയായി നിരവധി മരുന്നുകള്‍ കഴിക്കുന്ന രോഗികളിലുണ്ടാകുന്ന ഇന്‍ഫെക്ഷനുകളെക്കുറിച്ചും പഠനം നടക്കുന്നു. ഇവയ്‌ക്കെല്ലാം ആവശ്യമായ കള്‍ച്ചറുകളും മറ്റ് സാമ്പിളുകളും ധാരണ പ്രകാരം സര്‍വകലാശാലക്ക് ലഭ്യമാകും.
കാലിക്കറ്റ് സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. ഡിനോജ് സെബാസ്റ്റ്യനും ഇക്‌റ ഇന്റര്‍നാഷണല്‍ ഹോസ്പിറ്റല്‍&റിസര്‍ച്ച് സെന്റര്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. പി.വി. അന്‍വറും ധാരാണാപത്രത്തില്‍ ഒപ്പുവെച്ചു. സര്‍വകലാശാലാ ബയോടെക്നോളജി പഠനവകുപ്പിലെ ഡോ. കെ.കെ. ഇല്യാസ്, ഡോ. അനു ജോസഫ്, ഇക്‌റ ഇന്റര്‍നാഷണല്‍ ഹോസ്പിറ്റല്‍&റിസര്‍ച്ച് സെന്ററിലെ ഡോ. ഫിറോസ് അസീസ്, ഡോ. എന്‍.വി. വാജിദ്, ഗവേഷണ വിദ്യാര്‍ഥികളായ കെ. രേഷ്മ, കെ. ജസ്ന എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.




