15 തദ്ദേശ വാർഡുകളിലെ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്തെ 15 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലം ഇന്നറിയാം. രാവിലെ 10 മണിക്കാണ് വോട്ടെണ്ണല്‍. 11 പഞ്ചായത്ത് വാര്‍ഡിലും ഒരു ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡിലും മൂന്ന് നഗരസഭാ വാര്‍ഡുകളിലേക്കുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ഇന്നലെയായിരുന്നു വോട്ടെടുപ്പ്. ഇന്നത്തെ ഉപതെരഞ്ഞെടുപ്പ് ഫലം ചില തദ്ദേശ സ്ഥാപനങ്ങളിലെങ്കിലും ഏറെ നിര്‍ണായകമാണ്.

കണ്ണൂരില്‍ ഒരു സീറ്റിന്റെ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫ് ഭരിക്കുന്ന ആറളം പഞ്ചായത്തില്‍ എല്‍ഡിഎഫ് അംഗം മരിച്ചതിനെ തുടര്‍ന്നുള്ള ഉപതെരഞ്ഞെടുപ്പാണ് നടന്നത്. ഭരണം നിലനിര്‍ത്താന്‍ എല്‍ഡിഎഫും പിടിച്ചടക്കാന്‍ യുഡിഎഫും മത്സരിച്ചതോടെ വാശിയേറിയ പ്രചാരണമാണ് ഇവിടെ നടന്നത്. വീര്‍പ്പാട് വാര്‍ഡില്‍ നിന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി വിജയിച്ച ബേബി ജോണ്‍ പൈനാപ്പള്ളിയുടെ മരണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. പതിനേഴ് വാര്‍ഡുള്ള പഞ്ചായത്തില്‍ നിലവില്‍ ഇരുമുന്നണിക്കും എട്ട് വീതം അംഗങ്ങളുണ്ട്.

കഴിഞ്ഞ തവണ എട്ട് വോട്ടിനാണ് വാര്‍ഡ് യുഡിഎഫിനെ കൈവിട്ടത്. ബേബി ജോണിനോട് മത്സരിച്ച് പരാജയപ്പെട്ട സുരേന്ദ്രന്‍ തന്നെയായിരുന്നു ഇത്തവണയും സ്ഥാനാര്‍ത്ഥി. 1185 വോട്ടര്‍മാരുടെ വാര്‍ഡില്‍ ഭൂരിപക്ഷവും സ്ത്രീകളാണ്. ഈഴവ, ആദിവാസി വിഭാഗങ്ങളിലെ വോട്ട് ഏങ്ങോട്ട് പോകുമെന്നത് ഫലത്തെ സ്വാധീനിക്കുമെന്നാണ് വിലയിരുത്തല്‍. ആറളം പഞ്ചായത്ത് പത്താം വാര്‍ഡ് ഉപതെഞ്ഞെടുപ്പ് പോളിംഗ് അവസാനിച്ചപ്പോള്‍ 92 ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയത്.

ഉപതെരഞ്ഞെടുപ്പ് വാര്‍ഡുകള്‍ ഇവ

1. പത്തനംതിട്ട: കലഞ്ഞൂര്‍ – പല്ലൂര്‍
2. ആലപ്പുഴ: മുട്ടാര്‍ -നിലുതോട്
3. കോട്ടയം: എലിക്കുളം -ഇളങ്ങുളം
4. എറണാംകുളം: വേങ്ങൂര്‍ – ചൂരത്തോട്
5. എറണാംകുളം: മാറാടി – നോര്‍ത്ത്
6. എറണാംകുളം: വാരപ്പെട്ടി – കോഴിപ്പിള്ളി സൗത്ത്
7. എറണാംകുളം: പിറവം കരക്കോട്
8 മലപ്പുറം: വണ്ടൂര്‍ – മുടപ്പിലാശ്ശേരി
9 മലപ്പുറം: തലക്കാട് – പാറശ്ശേരി
10. മലപ്പുറം: ചെറുകാവ് – ചേവായൂര്‍
11 മലപ്പുറം: നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് – വഴിക്കടവ്
12. കോഴിക്കോട്: വളയം – കല്ലുനിര
13. കണ്ണൂര്‍; ആറളം – വീര്‍പ്പാട്
14. തിരുവനന്തപുരം: നെടുമങ്ങാട് – പതിനാറാംകല്ല്
15. വയനാട്: സുല്‍ത്താന്‍ബത്തേരി – പഴേരി

Share news
error: Content is protected !!
Scroll to Top