
വയനാട് ലോക്‌സഭ ഉപതിരഞ്ഞെടുപ്പിനായി തിരുവമ്പാടി നിയോജകമണ്ഡലത്തിലെ ബൂത്തുകള്‍ ഒരുങ്ങി. തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി ജില്ല തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ല കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് അറിയിച്ചു. ഇന്ന് (നവംബര്‍ 13) രാവിലെ ഏഴ് മണിമുതല്‍ വൈകീട്ട് ആറ് മണി വരെയാണ് വോട്ടെടുപ്പ്. പോളിംഗിന് ആവശ്യമായ എല്ലാ ഒരുക്കങ്ങളും ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
ഇന്ന് രാവിലെ എട്ട് മണിയോടെ മണ്ഡലത്തിലെ വിതരണ സ്വീകരണ കേന്ദ്രങ്ങളില്‍ ബൂത്തുകളിലേക്ക് ആവശ്യമായ പോളിംഗ് സാമഗ്രികളുടെ വിതരണം ആരംഭിച്ചു. കൂടത്തായി സെന്റ് മേരീസ് സ്‌കൂളിലെത്തി ജില്ല തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ല കളക്ടര്‍ വിതരണ കേന്ദ്രത്തിലെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചു. ഉച്ചയ്ക്ക് ഒന്നരയോടെ വിതരണം പൂര്‍ത്തിയായി. വൈകീട്ടോടെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍
അവരവരുടെ പോളിങ് ബൂത്തുകളിലെത്തി ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. പോളിംഗ് ബൂത്തിലേക്കുള്ള ഇ.വി.എം. മെഷീനുകളും വോട്ടര്‍ പട്ടികയുടെ മാര്‍ക്ക് ചെയ്ത കോപ്പിയും അടങ്ങുന്ന പെട്ടിയും മറ്റ് സാമഗ്രികളും ഉപവരണാധികാരിയുടെ നേതൃത്വത്തിലാണ് ബന്ധപ്പെട്ട തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വിതരണം ചെയ്തത്.
ജില്ലാതല കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു
തിരുവമ്പാടി മണ്ഡലത്തില്‍ മൂന്ന് ഓക്‌സിലറി ബൂത്തുകള്‍ ഉള്‍പ്പെടെ ആകെ 181 പോളിംഗ് സ്റ്റേഷനുകളാണുള്ളത്. മൂന്ന് മാതൃക പോളിംഗ് സ്റ്റേഷനും ഒരു പിങ്ക് (സ്ത്രീ സൗഹൃദ) പോളിംഗ് സ്റ്റേഷനും ഇതില്‍പ്പെടും.
സുതാര്യവും സുരക്ഷിതവുമായ വോട്ടെടുപ്പിനായി എല്ലാ പോളിങ് സ്റ്റേഷനുകളിലും വെബ്കാസ്റ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാ ബൂത്തുകളിലെയും വോട്ടെടുപ്പ് നടപടിക്രമങ്ങള്‍ വെബ് കാസ്റ്റിംഗ് വഴി നിരീക്ഷിക്കുന്നതിനായി ജില്ല കണ്‍ട്രോള്‍ റൂം കോഴിക്കോട് കളക്ടറേറ്റില്‍ പ്രവര്‍ത്തനം ആരംഭിച്ചു. പോള്‍ മാനേജര്‍ കണ്‍ട്രോള്‍ റൂമും ഇവിടെ പ്രവര്‍ത്തിക്കും. ഇതിനു പുറമെ തിരഞ്ഞെടുപ്പ് സാധന സാമഗ്രികളുടെ വിതരണ-സ്വീകരണ കേന്ദ്രമായും വോട്ടെണ്ണല്‍ കേന്ദ്രമായും പ്രവര്‍ത്തിക്കുന്ന കൂടത്തായി സെന്റ് മേരീസ് എച്ച്എസ്എസ്സിലും ഉപവരണാധികാരിയുടെ നിയന്ത്രണത്തില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും. ഇവിടെ കെഎസ്ഇബി, മെഡിക്കല്‍ സംഘം, ബിഎസ്എന്‍എല്‍ എന്നിവയുടെ സേവനവും ഉണ്ടാകും.
മാതൃക പോളിംഗ് സ്റ്റേഷനില്‍ ഭിന്നശേഷിക്കാര്‍ക്കുള്ള വീല്‍ച്ചെയര്‍, മുതിര്‍ന്ന പൗരര്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും കുട്ടികള്‍ക്കും പ്രത്യേക സൗകര്യങ്ങള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്.
തിരഞ്ഞെടുപ്പ് ജോലികള്‍ക്കായി ഓരോ പോളിങ് സ്റ്റേഷനിലും ഒരു പ്രിസൈഡിങ് ഓഫീസര്‍, ഒരു ഫസ്റ്റ് പോളിംഗ് ഓഫീസര്‍, രണ്ട് പോളിങ് ഓഫീസര്‍മാര്‍ എന്നിങ്ങനെ നിയോഗിച്ചിട്ടുണ്ട്. 1200 വോട്ടര്‍മാരില്‍ കൂടുതലുള്ള സ്റ്റേഷനുകളില്‍ ഒരു പോളിങ് ഓഫീസറെ വീതം അധികം നിയോഗിച്ചിട്ടുമുണ്ട്. 20 ശതമാനം ഉദ്യോഗസ്ഥരാണ് റിസര്‍വിലുള്ളത്.
1,84,808 വോട്ടര്‍മാര്‍
തിരുവമ്പാടി മണ്ഡലത്തില്‍ ഇത്തവണ 93,371 സ്ത്രീ വോട്ടര്‍മാരും 91,434 പുരുഷ വോട്ടര്‍മാരും മൂന്ന് ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരുമുള്‍പ്പെടെ 1,84,808 വോട്ടര്‍മാരാണുള്ളത്. മണ്ഡലത്തില്‍ 18,19 പ്രായപരിധിയില്‍ ഉള്‍പ്പെടുന്ന 2277 പുതിയ വോട്ടര്‍മാരാണുള്ളത്. 2792 ഭിന്നശേഷി വിഭാഗത്തില്‍പ്പെടുന്ന വോട്ടര്‍മാരുമുണ്ട്.
കൂടത്തായി സെന്റ് മേരീസ് എച്ച്എസ്എസ്സാണ് തിരുവമ്പാടി മണ്ഡലത്തിലെ വോട്ടെണ്ണല്‍ കേന്ദ്രം. മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് സാധന സാമഗ്രികളുടെ വിതരണ-സ്വീകരണ കേന്ദ്രവും വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിക്കുന്ന സ്ട്രോങ് റൂമും സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ്. വിതരണകേന്ദ്രം പൂര്‍ണമായും സിസിടിവി ക്യാമറ നിരീക്ഷണത്തിലാണ്. ലൈവ് നിരീക്ഷണ സംവിധാനവും പ്രവര്‍ത്തിക്കുന്നുണ്ട്.
വയനാട് ഉപതിരഞ്ഞെടുപ്പില്‍ 16 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്. അതിനാല്‍ രണ്ട് ബാലറ്റ് യൂണിറ്റുകളും 181 വീതം കണ്‍ട്രോള്‍ യൂണിറ്റുകളും വിവിപാറ്റുമാണുള്ളത്. 20-25 ശതമാനം വീതം ബാലറ്റ് യൂണിറ്റും കണ്‍ട്രോള്‍ യൂണിറ്റും വിവിപാറ്റും അധികമായി കരുതിയിട്ടുണ്ട്.
മെഡിക്കല്‍ കിറ്റ്, കുടി വെള്ളം, മുതിര്‍ന്ന പൗരര്‍ക്കുള്ള പ്രത്യേക ക്യൂ, വെയില്‍ ഏല്‍ക്കാതെ വോട്ട് ചെയ്യാനുള്ള സൗകര്യം, ശുചിമുറി എന്നിവ പോളിംഗ് സ്റ്റേഷനുകളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പോളിംഗ് ബൂത്തുകളുടെ 200 മീറ്റര്‍ ചുറ്റളവില്‍ സ്വകാര്യ വാഹനങ്ങള്‍ പ്രവേശിപ്പിക്കാന്‍ പാടില്ല.
പോളിംഗ് കനത്തസുരക്ഷയില്‍
തിരഞ്ഞെടുപ്പിന്റെ സുഗമവും കുറ്റമറ്റതുമായ നടത്തിപ്പിനായി 700-ഓളം പോലീസ് ഉദ്യോഗസ്ഥരെയാണ് മണ്ഡലത്തില്‍ നിയോഗിച്ചിട്ടുള്ളത്. സിഎപിഎഫ്, ആംഡ് പോലീസ് ബറ്റാലിയന്‍, കേരള പോലീസ് എന്നിവരുടെ കനത്ത സുരക്ഷയിലാണ് പോളിംഗ് നടക്കുക.
മണ്ഡലത്തിലെ 28 പ്രശ്നബാധിത പോളിംഗ് ബൂത്തുകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ 18 മൈക്രോ ഒബ്സര്‍വര്‍മാരെ നിയോഗിച്ചിട്ടുണ്ട്. യന്ത്രത്തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ അവ മാറ്റി സ്ഥാപിക്കുന്നതിനായി മണ്ഡലത്തില്‍ 19 വീതം സെക്ടര്‍ ഓഫീസര്‍മാരെയും സെക്ടര്‍ പോലീസ് ഓഫീസര്‍മാരെയും നിയോഗിച്ചിച്ചുണ്ട്.
പ്രശ്നബാധിത പോളിംഗ് ബൂത്തുകളില്‍ പോലിസിന് പുറമെ, സെന്‍ട്രല്‍ ആംഡ് പോലിസ് ഫോഴ്‌സിനെയും (സി.എ.പി.ഫ്.) വിന്യസിച്ചിട്ടുണ്ട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




