2026 ഓടെ കേരളത്തിലെ വയോജനങ്ങള്‍ ആകെ ജനസംഖ്യയുടെ 25% ആകും: മന്ത്രി ആര്‍. ബിന്ദു

HIGHLIGHTS : By 2026, Kerala's elderly population will account for 25% of the total population

2026-ഓടെ കേരളത്തിലെ വയോജനങ്ങളുടെ എണ്ണം സംസ്ഥാനത്തിന്റെ ജനസംഖ്യയുടെ 25 ശതമാനം ആകുന്ന സാഹചര്യത്തെ സംസ്ഥാന സര്‍ക്കാര്‍ ഗൗരവകരമായി കാണുന്നതായി ഉന്നതവിദ്യാഭ്യാസ സാമൂഹികനീതി വകുപ്പു മന്ത്രി ഡോ.ആര്‍.ബിന്ദു പറഞ്ഞു. ഇന്ത്യയിലെ വയോജന പരിചരണത്തിലെ ശാക്തീകരണം എന്ന വിഷയത്തില്‍ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും മറ്റ് പങ്കാളികളുടേയും കൂടിയാലോചനയും കാഴ്ചപ്പാടുകളും തേടുന്നതിനായി, നീതി ആയോഗ് സ്റ്റേറ്റ് സപ്പോര്‍ട്ട് മിഷന് കീഴില്‍ തിരുവനന്തപുരം ഐ.എം.ജിയില്‍ നടന്ന ദേശീയ ശില്‍പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

നമ്മുടെ വയോജനങ്ങള്‍ അന്തസ്സോടെയും അഭിമാനത്തോടെയും ജീവിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ഇപ്പോള്‍ തന്നെ പ്രവര്‍ത്തിച്ചു തുടങ്ങേണ്ടതുണ്ട്. ഇന്ത്യയിലെ ഇതര ഭാഗങ്ങളെ അപേക്ഷിച്ച് വയോജനങ്ങളുടെ എണ്ണം വര്‍ധിക്കുന്ന സംസ്ഥാനമെന്ന നിലയില്‍ സമഗ്രമായ ഒരു പരിചരണ ചട്ടക്കൂട് ആവശ്യമാണ്. വര്‍ദ്ധിച്ചുവരുന്ന വയോജന ജനസംഖ്യ ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടാന്‍ രാജ്യത്തുടനീളമുള്ള നയരൂപീകരണ വിദഗ്ധര്‍, വിശിഷ്ട വ്യക്തികള്‍ എന്നിവര്‍ ശില്‍പശാലയില്‍ ഒരുമിക്കുന്നു എന്നത് സന്തോഷകരമാണ്. നിലവില്‍, ഇന്ത്യയിലെ മൊത്തം ജനസംഖ്യയുടെ 11.1 ശതമാനം 60 വയസ്സിന് മുകളിലുള്ളവരാണ് എന്നാണ് കണക്കാക്കുന്നത്. അണുകുടുംബ ഘടനയിലേക്ക് സമൂഹം മാറിക്കഴിഞ്ഞതിനാല്‍ ഉപയോഗിച്ച ശേഷം ഉപേക്ഷിക്കുക എന്ന രീതി കുടുംബബന്ധങ്ങളിലും കാണുന്നുണ്ട്. പ്രായമായവരുടെ വര്‍ദ്ധിച്ചുവരുന്ന സാമൂഹിക, ആരോഗ്യ സംരക്ഷണ ആവശ്യങ്ങളില്‍ ശില്‍പശാല ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശാരീരിക ആരോഗ്യത്തോടൊപ്പം വയോജനങ്ങളുടെ മാനസികവും സാമൂഹികവുമായ ക്ഷേമത്തെ അഭിസംബോധന ചെയ്യേണ്ടത് പ്രധാനമാണ്. വയോജനങ്ങള്‍ പലരും ഏകാന്തതയും അവഗണനയും നേരിടുന്നു. നിരവധി പ്രധാന സംരംഭങ്ങളിലൂടെ മുതിര്‍ന്നവരോടുള്ള പരിചരണത്തിലെ സജീവമായ സമീപനത്തിന് കേരളം പ്രശംസിക്കപ്പെട്ടിട്ടുണ്ട്.

sameeksha-malabarinews

സാമൂഹികവല്‍ക്കരണം പ്രോത്സാഹിപ്പിക്കുന്നതിനും ഏകാന്തത കുറയ്ക്കുന്നതിനുമായി മുതിര്‍ന്നവര്‍ക്കുള്ള ഡേ-കെയര്‍ സെന്ററുകള്‍ വിപുലീകരിക്കുന്ന സായംപ്രഭ പദ്ധതി, പ്രതിസന്ധിയിലായ മുതിര്‍ന്നവര്‍ക്ക് അടിയന്തര വൈദ്യസഹായവും പിന്തുണയും നല്‍കുന്ന വയോരക്ഷ പദ്ധതി, സര്‍ക്കാര്‍ വൃദ്ധസദനങ്ങളില്‍ താമസിക്കുന്നവര്‍ക്ക് സൗജന്യ ആയുര്‍വേദ ചികിത്സയും സാന്ത്വന പരിചരണവും വാഗ്ദാനം ചെയ്യുന്ന വായോമൃതം സംരംഭം, ഡിമെന്‍ഷ്യയും അല്‍ഷിമേഴ്‌സും ബാധിച്ച മുതിര്‍ന്നവരെ സഹായിക്കാന്‍ മെമ്മറി ക്ലിനിക്കുകള്‍ സ്ഥാപിക്കുന്ന ഓര്‍മ്മത്തോണി പദ്ധതി എന്നിവ സംസ്ഥാനത്തിന്റെ വയോജന സംരക്ഷണത്തിന്റെ മികച്ച മാതൃകകളാണ്. മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും പരിപാലനവും ക്ഷേമവും സംബന്ധിച്ച നിയമം (Maintenance and Welfare of Parents and Senior Citizens Act) ഊര്‍ജിതമായി നടപ്പിലാക്കാന്‍ ശ്രമിക്കുകയാണ്. മെച്ചപ്പെട്ട വയോജന പരിചരണം നല്‍കുന്നതിന് പരിചരിക്കുന്നവര്‍ക്കും ഹോം നഴ്‌സുമാര്‍ക്കും സമഗ്രമായ പരിശീലന പരിപാടികള്‍ സംഘടിപ്പിച്ചുവരുന്നു. വയോജന ക്ഷേമത്തില്‍ കേരളം മുന്നിലുണ്ടാകുമെന്ന് ഉറപ്പാക്കിക്കൊണ്ട് നയവും പ്രയോഗവും തമ്മിലുള്ള വിടവ് നികത്താനുള്ള പരിപാടികള്‍ ശില്‍പശാല ആസൂത്രണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. വയോജനങ്ങള്‍ക്കായി നിലവിലുള്ള സംരംഭങ്ങള്‍ വിപുലീകരിക്കാനും വയോജന പരിചരണത്തിനായി പുതിയ തന്ത്രങ്ങള്‍ വികസിപ്പിക്കാനുമുള്ള ശ്രമങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ തുടരുകയാണെന്നും മന്ത്രി പറഞ്ഞു.

നിതി ആയോഗ് മെഡിക്കല്‍ സീനിയര്‍ അഡൈ്വസര്‍ രജിബ് കുമാര്‍ സെന്‍ സ്വാഗതമാശംസിച്ചു. നീതി ആയോഗ് മെഡിക്കല്‍ വിഭാഗം അംഗം ഡോ. വികെ പോള്‍, സാമൂഹിക നീതി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പുനിത്കുമാര്‍, അഡീഷണല്‍ സെക്രട്ടറി കരാലിന്‍ ഘോങ്വാര്‍ എന്നിവര്‍ സംബന്ധിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!