കോഴിക്കോട് കണ്ടെത്തിയത് പത്തു വര്‍ഷത്തിലേറെ പഴക്കമുള്ള വെടിയുണ്ടകള്‍

കോഴിക്കോട്: തൊണ്ടയാട് ആളൊഴിഞ്ഞ പറമ്പില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. വെടിയുണ്ടകള്‍ ജര്‍മ്മനി, ഇംഗ്ലണ്ട്, പൂനൈ എന്നിവിടങ്ങളില്‍ നിര്‍മ്മിച്ചവയാണെന്ന് നേരത്തെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇവയ്ക്ക് പത്തു വര്‍ഷത്തിലേറെ പഴക്കമുണ്ടെന്ന് പ്രാഥമിക നിഗമനം.

കഴിഞ്ഞ ദിവസമാണ് തൊണ്ടയാട് ആളൊഴിഞ്ഞ പറമ്പില്‍ അഞ്ച് പെട്ടികളിലായി വെടിയുണ്ടകള്‍ കണ്ടെത്തിയത്. കാട് വെട്ടിത്തെളിയിക്കുന്നതിനിടയിലാണ് വെടിയുണ്ടകള്‍ സ്ഥലമുടമയുടെ ശ്രദ്ധയില്‍പ്പെട്ടത്. റൈഫിളില്‍ ഉപയോഗിക്കുന്ന 0.22 ഇനത്തില്‍പ്പെടുന്ന വെടിയുണ്ടകളാണ് കണ്ടെത്തിയത്. ഫയറിംഗ് പരിശീലനത്തിന് ഉപയോഗിക്കുന്ന ടാര്‍ഗെറ്റും സ്ഥലത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്. പൊലീസും ബോംബ് സ്‌ക്വാഡും നടത്തിയ പരിശോധനയില്‍ കൂടുതല്‍ പെട്ടികള്‍ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ആകെ 266 വെടിയുണ്ടകളാണ് കണ്ടെടുത്തത്. സ്ഥലത്ത് വെടിവെപ്പ് പരിശീലനമോ മറ്റോ നടന്നിട്ടുണ്ടോയെന്നതിലും അന്വേഷണം നടക്കുന്നുണ്ട്.

ജില്ലാ ക്രൈം ബ്രാഞ്ച് എസിപിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം പുരോഗമിക്കുന്നത്. പ്രദേശത്തെ സിസിടിവികള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് നിലവിലെ നീക്കം. വെടിയുണ്ടകള്‍ ഉപേക്ഷിച്ചവരെ കണ്ടെത്താനാണ് സിസിടിവികള്‍ പരിശോധിക്കുന്നത്. ജില്ലയിലെ റെഫിള്‍ ക്ലബുകളുടെ വിവരശേഖരണവും തുടങ്ങിയിട്ടുണ്ട്. ബാലിസ്റ്റിക് പരിശോധനയും പുരോഗമിക്കുകയാണ്.

 

Share news
error: Content is protected !!
Scroll to Top