HIGHLIGHTS : Bulldozer Raj illegal; Supreme Court
ന്യൂഡല്‍ഹി: ബുള്‍ഡോസര്‍ രാജ് നിയമ വിരുദ്ധമെന്ന് സുപ്രീംകോടതി. കേസകളില്‍ പ്രതികളുടെ വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിക്കുന്നത് സുപ്രീംകോടതി വിലക്കേര്‍പ്പെടുത്തി. ശിക്ഷിക്കപ്പെട്ടവരുടെ വീടുകള്‍ തകര്‍ക്കാന്‍ നിയമം അനുവദിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ നടപ്പിലാക്കുന്നത് തികച്ചും ഭരണഘടനാ വിരുദ്ധമാണ്. വീടുകള്‍ ഒഴിപ്പിക്കണമെങ്കില്‍ നിയമപരമായി നോട്ടീസ് നല്‍കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
വീട് പൊളിക്കല്‍ നടപടിയിലേക്ക് കടക്കുകയാണെങ്കില്‍ ഇരകള്‍ക്ക് അപ്പീല്‍ നല്‍കാന്‍ സമയം അനുവദിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. പാര്‍പ്പിടം ഒരാളുടെ മൗലിക ആവകാശമാണ്. ഒരു വ്യക്തി കേസില്‍ പെട്ട് ശിക്ഷിക്കപ്പെട്ടാല്‍ പോലും അയാളുടെ വീട് പൊളിച്ചുമാറ്റുന്ന നടപടി ഭരണഘടനാ വിരുദ്ധമാണ്. വീടുകളോ കെട്ടിടങ്ങളോ പൊളിക്കുന്നതിന് നിയമവും നടപടിക്രമങ്ങളും കര്‍ശനമായി പാലിക്കേണ്ടതുണ്ട്. കൃത്യമായ നോട്ടീസ് നല്‍കുകയും വീട്ടുടമയുടെ വിശദീകരണം കേള്‍ക്കുകയും വേണം. അധികാര ദുര്‍വിനിയോഗം അനുവദിക്കാന്‍ ആകില്ലെന്നും ജനാധിപത്യത്തിന്റെ വളര്‍ച്ചക്ക് വ്യക്തിസ്വാതന്ത്ര്യം സംരക്ഷിക്കുന്നത് പ്രധാനമാണെന്നും കോടതി ചൂണ്ടിക്കാട്ടി. കുറ്റാരോപിതര്‍ക്കും ചില അവകാശങ്ങളും സംരക്ഷണങ്ങളും ഉണ്ട്. നിയമപരമായ അവകാശങ്ങള്‍ നടപ്പിലാക്കുന്നതിന് സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കുമെന്നും കോടതി വ്യക്തമാക്കി.
ഒരു വ്യക്തി കുറ്റക്കാരനാണോ എന്നു കണ്ടെത്താനുള്ള അധികാരം കോടതികള്‍ക്കാണ്. സര്‍ക്കാരുകള്‍ക്ക് ശിക്ഷ വിധിക്കാന്‍ അധികാരമില്ല. കോടതികളുടെ അധികാരത്തിലേക്കാണ് സര്‍ക്കാര്‍ കടന്നു കയറുന്നതെന്നും കോടതി പറയാത്ത വിധി നടപ്പാന്‍ സര്‍ക്കാരിന് അധികാരമില്ലെന്ന് ജസ്റ്റിസുമാരായ ഭൂഷണ്‍ ആര്‍ ഗവായ്, കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെ സുപ്രധാനമായ വിധിയില്‍ പറയുന്നു.