ബജറ്റില്‍ താനൂരിന് 60 കോടിയുടെ പദ്ധതികള്‍.

താനൂര്‍ :ബജറ്റില്‍ താനൂരിന് 60 കോടിയുടെ പദ്ധതികള്‍. താനൂരിലെ വിദ്യാഭ്യാസ മേഖലക്ക് പ്രത്യേക ഊന്നല്‍ നല്‍കിയാണ് ബജറ്റ് അവതരിപ്പിച്ചിട്ടുള്ളത്. അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ നടപടികളായ ദേവധാര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിന് പുറമെ കാട്ടിലങ്ങാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍, പൊന്മുണ്ടം ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍, നിറമരുതൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ എന്നിവയും മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുമെന്ന് ബജറ്റില്‍ പറയുന്നു. മണ്ഡലത്തിലെ ആറ് സര്‍ക്കാര്‍ ഹൈസ്കൂളുകളില്‍ നാലും അന്താരാഷ്ട്ര നിലവാരത്തിലേക്ക് മാറും. താനൂര്‍ ഗവ. കോളേജിനായി കഴിഞ്ഞ ബജറ്റില്‍ തുക അനുവദിച്ചതിനെ തുടര്‍ന്ന് ഇതിന്റെ നടപടികള്‍ പുരോഗമിക്കുകയാണ്. ഇതോടെ താനൂരിനെ സമഗ്ര വിദ്യാഭ്യാസ മണ്ഡലമാക്കി മാറ്റാനുള്ള തീവ്രശ്രമമാണ് വി അബ്ദുറഹിമാന്‍ എംഎല്‍എ യുടെ നേതൃത്വത്തില്‍ നടക്കുന്നത്.

താനൂര്‍ ഹാര്‍ബറിനും പുതിയ ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. താനൂര്‍ ടൌണിനെയും മത്സ്യബന്ധന തുറമുഖത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലം നിര്‍മാണത്തിന് 20 കോടിയും വകയിരുത്തി. അപകടത്തില്‍ തകര്‍ന്ന പാലമായ അഞ്ചുടി-കുണ്ടുങ്ങല്‍ പാലം പുനര്‍നിര്‍മിക്കാന്‍ 17 കോടി അനുവദിച്ചു.   കനോലി കനാലിന് കുറുകെ പാലങ്ങള്‍ നിര്‍മിക്കാന്‍ തുക വകയിരുത്തിയിട്ടുണ്ട്. ഭവനരഹിതരായ മത്സ്യതൊഴിലാളികള്‍ക്കും പട്ടികജാതി വിഭാഗക്കാര്‍ക്കും ഫ്ളാറ്റ് സമുച്ചയവും ബജറ്റില്‍ അനുവദിച്ചിട്ടുണ്ട്.

Related Articles