കോഴിക്കോട് യുവാവിന്റെ പരാക്രമം, കാര്‍ ഇടിച്ചു തകര്‍ത്തു, വെളിച്ചെണ്ണ മില്ലിന് തീയിട്ട് ഭീകര അന്തരീക്ഷം സൃഷ്ടിച്ചു

കോഴിക്കോട് :വെളിമണ്ണയില്‍ യുവാവിന്റെ പരാക്രമം. റോഡരികില്‍ നിര്‍ത്തിയിട്ട കാര്‍ പിക്കപ്പ് വാന്‍ ഉപയോഗിച്ച് ഇടിച്ച് തകര്‍ത്തു. ശേഷം വെളിമണ്ണ മേലേടത്ത് ജബ്ബാറിന്റെ ഗ്രീന്‍ പ്ലസ് എന്ന വെളിച്ചെണ്ണ മില്ലിന് തീയിട്ടു. സമീപത്ത് നിര്‍ത്തിയിട്ട ആമ്പുലന്‍സിന്റെ ടയറും കത്തിനശിച്ചു.

പുലര്‍ച്ചെ ഒരു മണിയോടെ പ്രതി താമരശ്ശേരി ചുങ്കത്ത് റോഡരികില്‍ നിര്‍ത്തിയിട്ട ആബുലന്‍സ് എടുക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും ശ്രമം പരാജയപ്പെട്ടു. തുടര്‍ന്ന് നിരവധി വാഹനങ്ങള്‍ക്ക് കൈകാണിച്ചതായി നാട്ടുകാര്‍ പറയുന്നു. പിന്നീട് സമീപത്ത് നിന്നും നിര്‍ത്തിയിട്ട KL 41 S 4762 എന്ന പിക്കപ്പ് വാന്‍ എടുത്ത് സ്ഥലം വിട്ട പ്രതി ഈ പിക്കപ്പ് വാന്‍ ഉപയോഗിച്ചാണ് വെളിമണ്ണയില്‍ എത്തി പുലര്‍ച്ചെ 2.30 ഓടെ റോഡരികില്‍ നിര്‍ത്തിയിട്ട കാര്‍ ഇടിച്ചു തകര്‍ത്തത്, അവിടെ നിന്നും കടന്ന പ്രതി സമീപത്തെ വെളിച്ചെണ്ണ മില്ലിന് തീയിടുകയായിരുന്നു. സമീപത്തെ വീട്ടുകാര്‍ ഉണര്‍ന്നതിനെ തുടര്‍ന്ന് ഇവിടെ നിന്നും രക്ഷപ്പെടുകയുമായിരുന്നു.

ഇതിനു ശേഷം ഓമശ്ശേരി മങ്ങാടുള്ള പെട്രോള്‍ പമ്പില്‍ എത്തിയ പ്രതി പിക്കപ്പിന്റെ ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് പമ്പില്‍ നിര്‍ത്തിയിട്ടിരുന്ന മറ്റൊരു പ്പിക്കപ്പ് എടുത്ത് അവിടെ നിന്നും സ്ഥലം വിട്ടു. ഈപ്പിക്കപ്പ് വെളിമണ്ണയിലെ ഒരു വീടിന്റെ പോര്‍ച്ചില്‍ കയറ്റി വച്ചിട്ടുണ്ട്. പെട്രോള്‍ പമ്പിലെ CCTV യില്‍ പ്രതിയുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. ആളെ കുറിച്ച് സൂചന ലഭിച്ചതായാണ് വിവരം. പ്രതിക്കായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്.

Share news
error: Content is protected !!
Scroll to Top