‘ആണ്‍കുട്ടികള്‍ ചൂലെടുക്കുന്നത് വീടിന്റെ ഐശ്വര്യമാണ്’: കെ ആര്‍ മീര

HIGHLIGHTS : 'Boys picking up brooms is the prosperity of the house' - KR Meera

ഒരു ആണ്‍കുട്ടിയെ വളര്‍ത്തി വലുതാക്കി ഒന്നിനും കൊള്ളാത്തവനായി സമൂഹത്തിലേക്കിറക്കി വിടുന്ന പ്രബുദ്ധ മലയാളിയുടെ വളര്‍ത്തുരീതിയെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ വേദിയില്‍ കെ ആര്‍ മീര. എഴുത്തുകാരിയും എഡിറ്ററുമായ ഷൈനി ആന്റണിയുമൊത്തു നടന്ന സേഷനില്‍ സംസാരിക്കുകയായിരുന്ന മീര, ‘ആണ്‍കുട്ടികള്‍ ചൂലെടുക്കുന്നത് വീടിന്റെ ഐശ്വര്യമാണ് ‘ എന്ന് ഹാസ്യരൂപത്തില്‍ പ്രസ്താവിച്ചു.

എഴുതിയ എല്ലാ കഥാപാത്രങ്ങളിലൂടെയും അതാത് കാലഘട്ടത്തില്‍ ജീവിച്ചിരുന്ന തന്നെത്തന്നെയാണ് അവതരിപ്പിക്കാന്‍ ശ്രമിച്ചിരുന്നതെന്നും ആയതിനാല്‍ കഥാപാത്രങ്ങള്‍ വ്യത്യസ്തമെങ്കിലും അവ തമ്മില്‍ ആന്തരികമായ സാമ്യത സാധ്യമാണെന്നും മീര കൂട്ടിച്ചേര്‍ത്തു.

sameeksha-malabarinews

സ്ത്രീകള്‍ കേന്ദ്ര കഥാപാത്രമാകുന്ന കഥകള്‍ മാത്രമെന്തിനാണ് രചിക്കുന്നത് എന്ന പതിവു ചോദ്യത്തിന്, ‘ലോകമുണ്ടായ കാലം തൊട്ട് പുരുഷകേന്ദ്രീകൃത കൃതികള്‍ നമ്മള്‍ വായിച്ചു മടുത്തില്ലേ, ഇനിയെങ്കിലും സ്ത്രീകള്‍ കേന്ദ്ര കഥാപാത്രങ്ങളാകട്ടെ’ എന്ന തന്റെ നിലപാടിന് ഊന്നല്‍ നല്‍കിക്കൊണ്ട് സമൂഹത്തില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന സ്ത്രീകള്‍ക്കു നേരെയുള്ള അസമത്വ നിലപാടുകളെ മീര ചോദ്യം ചെയ്തു.

തന്റെ കഥകള്‍, ആണ്‍കുട്ടികളെ നല്ല മനുഷ്യരാക്കാനും ആളുകളെ ജീവിതത്തിലെ പല ശക്തമായ നിലപാടുകളെടുക്കുവാനും പ്രാപ്തരാക്കിയെന്നറിയുന്നതിലുള്ള തന്റെ സന്തോഷം മീര പങ്കുവെച്ചു. മരം മുറിക്കുവാന്‍ ഉപയോഗിക്കുന്ന മഴുവിന്റെ തടിയെടുക്കുന്നതും മരത്തില്‍ നിന്നുതന്നെയാണെന്ന വളരെ ലളിതമായ ഉപമയിലൂടെ സ്ത്രീയുടെ സ്വാതന്ത്ര്യം ഹനിക്കുവാന്‍ സ്ത്രീയെ തന്നെയുപയോഗിക്കുന്ന പ്രാകൃത മനോഭാവത്തെ മീര ചോദ്യം ചെയ്തു.

എന്താണ് സ്വാതന്ത്ര്യമെന്നും അതനുഭവിക്കുമ്പോഴുണ്ടാകുന്ന ആനന്ദമെന്തെന്നും തിരിച്ചറിയാനായാല്‍ സ്ത്രീകളുടെ ചിന്താഗതികളില്‍ മാറ്റം വരുമെന്നും ഇരകളെ ആക്രമിക്കാന്‍ ഇരകളെത്തന്നെയുപയോഗിക്കുന്ന സമൂഹത്തിന്റെ ചട്ടക്കൂടിനുള്ളില്‍ നിന്നും പുറത്തുകടക്കാനാവുമെന്നും മീര കൂട്ടിച്ചേര്‍ത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!