തോട്ടട വിവാഹാഘോഷത്തിനിടെ ബോംബേറ് ; മൂന്ന് പേര്‍ കൂടി അറസ്റ്റില്‍

കണ്ണൂര്‍ തോട്ടടയില്‍ വിവാഹാഘോഷത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍. ഏച്ചൂര്‍ സ്വദേശികളായ മിഥുന്‍, ഗോകുല്‍, കടമ്പൂര്‍ സ്വദേശി സനല്‍ എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ ആകെ അറസ്റ്റിലായവരുടെ എണ്ണം നാലായി.

ബോംബ് പൊട്ടിയില്ലെങ്കില്‍ വാള്‍ ഉപയോഗിച്ച് ആക്രമണം നടത്താനായിരുന്നു സംഘത്തിന്റെ പദ്ധതി. ഇതനുസരിച്ച് ഒരു കാറില്‍ നാലംഗസംഘം വാളുകളുമായി വിവാഹവീടിന് സമീപത്ത് എത്തി എന്നുമാണ് പൊലീസിന്റെ കണ്ടെത്തല്‍. ആയുധവുമായി വന്ന കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. കണ്ണൂര്‍ എസ്പിയാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്.

ബോംബ് നിര്‍മ്മിച്ചത് താനാണെന്ന് നേരത്തെ പിടിയിലായ മിഥുന്‍ സമ്മതിച്ചിരുന്നു. പൊലീസ് ചോദ്യം ചെയ്യലില്‍ മിഥുന്‍ കുറ്റം സമ്മതിച്ചു. മറ്റ് പ്രതികളായ അക്ഷയ്, ഗോകുല്‍ എന്നിവര്‍ ബോംബ് നിര്‍മ്മിക്കാന്‍ സഹായിച്ചെന്നും മിഥുന്‍ മൊഴി നല്‍കി. ഇന്നലെയാണ് കേസിലെ പ്രധാനപ്രതിയായ മിഥുന്‍ എടക്കാട് സ്റ്റേഷനില്‍ കീഴടങ്ങിയത്.

ഏച്ചൂര്‍ സ്വദേശി ഗോകുല്‍ ഇന്നലെ കസ്റ്റഡിയിലായിരുന്നു. കേസില്‍ ഒന്നാംപ്രതി അക്ഷയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പ്രതികള്‍ സഞ്ചരിച്ച വാഹനം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വെള്ള ട്രാവലര്‍ വാഹനമാണ് കസ്റ്റഡിയിലെടുത്തത്. കൊലപാതകം നടന്ന ദിവസം പ്രതികള്‍ സംഭവ സ്ഥലത്തേക്ക് എത്തിയതും ബോംബ് എത്തിച്ചതും ഇവിടെ നിന്ന് രക്ഷപ്പെട്ടതും ഈ വാഹനത്തിലാണെന്നാണ് പൊലീസിന്റെ നിഗമനം.

ബോംബുമായി എത്തിയ സംഘത്തില്‍പ്പെട്ട ആളാണ് മരിച്ച ജിഷ്ണു. സംഘം എറിഞ്ഞ ബോംബ് അബദ്ധത്തില്‍ സംഘാംഗമായ ജിഷ്ണുവിന്റെ തലയില്‍ വീണ് പൊട്ടുകയായിരുന്നു. കേസില്‍ പിടിയിലായവര്‍ മരിച്ചയാളുടെ സുഹൃത്തുക്കളാണ്. കല്യാണത്തലേന്ന് വീട്ടില്‍ ഏച്ചൂരില്‍ നിന്നെത്തിയ സംഘവും തോട്ടടയിലെ യുവാക്കളും തമ്മില്‍ രാത്രി നടന്ന സംഗീത പരിപാടിക്കിടെ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായിരുന്നു. നാട്ടുകാര്‍ ഇടപെട്ട് പ്രശ്‌നം പരിഹരിച്ചെങ്കിലും ഉച്ചയ്ക്ക് പ്രതികാരം വീട്ടാന്‍ ഏച്ചൂര്‍ സംഘം ബോംബുമായി എത്തുകയായിരുന്നു.

 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top