സ്‌റ്റേഷന്‍ വിട്ട ട്രെയിനില്‍ കയറാന്‍ ബോംബ് ഭീഷണി; യാത്രക്കാരന്‍ ഷൊര്‍ണൂരില്‍ പിടിയില്‍

ഷൊര്‍ണ്ണൂര്‍: സ്റ്റേഷന്‍ വിട്ട ട്രെയിനില്‍ കയറാന്‍ ബോംബ് ഭീഷണി മുഴക്കിയ യാത്രക്കാരാന്‍ പിടിയിലായി. പഞ്ചാബ് സ്വദേശിയായ ജയ്‌സിങ് റാത്തറാണ് പിടിയിലായത്.

രാജധാനി എക്‌സ്പ്രസില്‍ കയറാന്‍ വേണ്ടിയായിരുന്നു ഇയാള്‍ വ്യാജ ബോംബ് ഭീഷണി പ്രയോഗിച്ചത്.

എറണാകുളത്തു നിന്ന് ട്രെയിന്‍ പുറപ്പെട്ടപ്പോഴാണ് സംഭവം. ട്രെയിനില്‍ കയറാന്‍ കഴിയാതെ വന്ന ഇയാള്‍ ഭീഷണി മുഴക്കുകയായിരുന്നു.

തുടര്‍ന്ന് ട്രെയിന്‍ ഷൊര്‍ണൂരില്‍ നിര്‍ത്തിയിട്ടു.ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി. ഈ സമയം ഇയാള്‍ ട്രെയിനില്‍ കയറി.

മാര്‍ബിള്‍ വ്യാപാരിയായ ജയ്‌സിങ് കച്ചവടത്തിന്റെ ആവശ്യത്തിനായി എറണാകുളത്ത് എത്തിയതായിരുന്നു. തുടര്‍ന്ന് പുലര്‍ച്ചെ രാജധാനി എക്‌സ്പ്രസില്‍ പുറപ്പെടാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇയാള്‍ എത്തിയപ്പോഴേക്കും ട്രെയിന്‍ എറണാകുളം സ്‌റ്റേഷന്‍ വിട്ടിരുന്നു. ഇതോടെയാണ് ഇയാള്‍ തൃശ്ശൂര്‍ കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ച് ട്രെയിനില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് പറഞ്ഞ് ഭീഷണി പരത്തുകയായിരുന്നു. എറണാകുളം മുതല്‍ സീറ്റില്‍ ഇല്ലാതിരുന്ന ഇയാളെ കണ്ട യാത്രക്കാര്‍ ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. അങ്ങിനെയാണ് ഇയാള്‍ പിടിയിലാകുന്നത്. ഇയാളുടെ കൈവശമുണ്ടായിരുന്ന രണ്ട് ഫോണുകളില്‍ ഒന്നില്‍ നിന്നാണ് ഇയാള്‍ വിളിച്ചത്. വിളിച്ചശേഷം ഈ ഫോണ്‍ ഇയാള്‍ സ്വിച്ച്ഓഫ് ചെയ്തു വെച്ചിരുന്നു. എന്നാല്‍ കൈവശമുണ്ടായിരുന്ന മറ്റേഫോണ്‍ പരിശോധിച്ചപ്പോള്‍ അതില്‍ അയാള്‍ വിളിച്ച നമ്പറും ഉണ്ടായിരുന്നു. മൂന്ന് മണികൂറോളം വൈകിയാണ് രാജധാനി എക്‌സ്പ്രസ് യാത്ര തുടര്‍ന്നത്.

Share news
error: Content is protected !!
Scroll to Top