കൊച്ചി: ഹൈക്കോടതിയില്‍ നിരുപാധികം മാപ്പ് പറഞ്ഞ് ബോബി ചെമ്മണ്ണൂര്‍. കോടതിയെ അപമാനിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. മാധ്യമങ്ങള്‍ വന്നുചോദിച്ചപ്പോഴുണ്ടായ പ്രതികരണമാണ് തന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് ബോബി ചെമ്മണ്ണൂരിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
കോടതി അവഹേളിക്കാനല്ല ജാമ്യാപേക്ഷ ലഭിച്ചിട്ടും പുറത്തിറങ്ങാത്തതെന്നും റിലീസ് ഓര്‍ഡര്‍ അഭിഭാഷകന്‍ എത്തിക്കാന്‍ വൈകിയതാണെന്നും ബോബിയുടെ അഭിഭാഷകന്‍ പറഞ്ഞു. എന്നാല്‍, അയാള്‍ ഏതുദിവസം ഇറങ്ങിയാലും കോടതിക്ക് ഒന്നുമില്ലെന്നും പക്ഷേ കോടതിയെ വെല്ലുവിളിക്കാന്‍ അനുവദിക്കില്ലെന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ വ്യക്തമാക്കി.
ബോബി ഇനി അനാവശ്യമയി വായ തുറക്കില്ലെന്നും മുന്നറിയിപ്പ് നല്‍കിയെന്നും അഭിഭാഷകന്‍ അറിയിച്ചതോടെ കോടതി തത്കാലം നടപടികള്‍ അവസാനിപ്പിച്ചു.
നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്ന നാടകീയ സംഭവങ്ങളായിരുന്നു ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിച്ചതിന് പിന്നാലെ കഴിഞ്ഞദിവസം ഉണ്ടായത്. ഹൈക്കോടതി ജാമ്യം അനുവദിച്ചിട്ടും ജാമ്യം നടപ്പാക്കേണ്ടതില്ലെന്ന് ബോബി ചെമ്മണ്ണൂര്‍ അഭിഭാഷകരെ അറിയിക്കുകയായിരുന്നു. റിമാന്‍ഡ് കാലാവധി കഴിഞ്ഞിട്ടും സാങ്കേതിക പ്രശ്നങ്ങളില്‍ കുരുങ്ങി പുറത്തിറങ്ങാന്‍ പറ്റാത്ത തടവുകാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ് ബോബി ചെമ്മണ്ണൂര്‍ ജയിലില്‍ തുടരാന്‍ തീരുമാനിച്ചത്.




