കോണ്‍ഗ്രസില്‍ കലാപം അടങ്ങുന്നില്ല: മലപ്പുറം ഡിസിസി ഓഫീസിലും കരിങ്കൊടി

മലപ്പുറം: ഡിസിസി അധ്യക്ഷനെ പ്രഖ്യാപിച്ചതിനുപിറകെ കോണ്‍ഗ്രസ് ആസ്ഥാനത്ത് കരിങ്കൊടി പ്രതിഷേധം. ംലപ്പുറം ഡിസിസി ഓഫീസിലെ കൊടിമരത്തില്‍ പാര്‍ടി പതാക താഴ്ത്തിക്കെട്ടിയാണ് കറുത്ത കൊടി ഉയര്‍ത്തിയത്. രാവിലെ ഓഫീസ് ജിവനക്കാരെത്തി കരിങ്കൊടി നീക്കി.

വി എസ് ജോയിയെ പ്രസിഡന്റാക്കാന്‍ ചരടുവലിച്ച എ പി അനില്‍കുമാറിനെതിരെയാണ് ഗ്രൂപ്പുകളുടെ പടയൊരുക്കം. കലക്ടറേറ്റ് ഉള്‍പ്പെടെ വിവിധ ഭാഗങ്ങളില്‍ അനില്‍കുമാറിനെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു.

കെപിസിസി പുനഃസംഘടന ലക്ഷ്യമിട്ട് കരുതലോടെയാണ് മുന്നണികളുടെ നീക്കം. പരസ്യ പ്രതികരണമില്ലെങ്കിലും ഗ്രൂപ്പുകളില്‍ വിഴുപ്പലക്കല്‍ ശക്തമാണ്.

മകന്‍ ഷൗക്കത്തിനെ അവസാന നിമിഷം വെട്ടിയതില്‍ ആര്യാടന്‍ മുഹമ്മദ് കടുത്ത അമര്‍ഷത്തിലാണ്. പറയാനുള്ളത് പിന്നീട് പറയുമെന്നായിരുന്നു ആദ്യ പ്രതികരണം. ഞായര്‍ വി എസ് ജോയി വീട്ടില്‍ സന്ദര്‍ശിച്ച് മടങ്ങിയശേഷമായിരുന്നു ആര്യാടന്റെ പ്രതികരണമെന്നതും ശ്രദ്ധേയം. ഷൗക്കത്തിനെ ഡിസിസി പ്രസിഡന്റാക്കാമെന്ന ഉറപ്പിലാണ് ആര്യാടന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ നിലമ്പൂരില്‍ വി വി പ്രകാശിന് സീറ്റ് വിട്ടുനല്‍കിയത്. ഇത് പാലിക്കാതെ വഞ്ചിച്ചതില്‍ ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവരോട് ആര്യാടന്‍ അതൃപ്തി അറിയിച്ചിട്ടുണ്ട്.

കെഎസ്യു സംസ്ഥാന പ്രസിഡന്റായ വി എസ് ജോയി യൂത്ത് കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കാതെ ആര്യാടന്റെ നോമിനിയായാണ് കെപിസിസി ജനറല്‍ സെക്രട്ടറിയായത്. അനില്‍കുമാര്‍ കെ സി വേണുഗോപാല്‍ പക്ഷത്തേക്ക് മാറിയതില്‍ കടുത്ത പ്രതിഷേധത്തിലാണ് ജില്ലയിലെ ഐ ഗ്രൂപ്പ്.
ജില്ലയില്‍ ‘വി’ ഗ്രൂപ്പ് പിടിമുറുക്കുമെന്ന പേടി എ, ഐ നേതാക്കള്‍ക്കുണ്ട്. ഇത് തടയാന്‍ പ്രാദേശികതലത്തില്‍ കമ്മിറ്റികള്‍ വിളിച്ചുചേര്‍ത്ത് ഗ്രൂപ്പ് പ്രവര്‍ത്തനം ശക്തമാക്കാനാണ് തീരുമാനം. കെപിസിസി പുനഃസംഘടന ലക്ഷ്യമിട്ട് യോജിച്ച് നീങ്ങാനും ധാരണയായി. അതേസമയം, കെപിസിസി പുനഃസംഘടനയില്‍ ഭാരവാഹിത്വം വാഗ്ദാനംചെയ്ത് ഇരു ഗ്രൂപ്പുകളില്‍നിന്നും കൂടുതല്‍ നേതാക്കളെ ഒപ്പം കൂട്ടാനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുകയാണ് ‘വി’ ഗ്രൂപ്പ്.

Share news
error: Content is protected !!
Scroll to Top