പശ്ചിമ ബംഗാളിലെ ബിര്‍ഭും അക്രമം കല്‍ക്കട്ട ഹൈക്കോടതി സി ബി ഐ അന്വേഷണത്തിന് ഉത്തരവിട്ടു. ബംഗാള്‍ പൊലീസ് സമര്‍പ്പിച്ച കേസ് ഡയറി പരിശോധിച്ച ശേഷമാണ് കോടതി ഉത്തരവിട്ടത്. കേസില്‍ അടുത്ത വാദം കേള്‍ക്കുന്ന ഏപ്രില്‍ ഏഴിന് മുമ്പായി അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി നിര്‍േദശിച്ചു. കേസ് അന്വേഷണം കേന്ദ്ര ഏജന്‍സിക്ക് കൈമാറരുതെന്ന മമതാ ബാനര്‍ജി സര്‍ക്കാരിന്റെ അഭ്യര്‍ഥന തള്ളിക്കൊണ്ടാണ് കോടതിവിധി.
തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഭാദു ഷെയ്ഖിന്റെ കൊലയ്ക്ക് തിരിച്ചടിയെന്നോണം ചൊവ്വാഴ്ച നടത്തിയ കൂട്ടക്കൊലയില്‍ എട്ടുപേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. അക്രമികള്‍ വീടുകള്‍ക്ക് തീ വച്ചു. ആക്രമണത്തില്‍ 10ഓളം വീടുകള്‍ പൂര്‍ണമായും കത്തി നശിക്കുകയും ചെയ്തു. സംഭവത്തില്‍ കേന്ദ്രം റിപ്പോര്‍ട്ട് തേടിയിരുന്നു. വിഷയത്തില്‍ കോടതി ബുധനാഴ്ച സ്വമേധയാ കേസ് എടുത്തിരുന്നു.
അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മമത ബാനര്‍ജി ഉടന്‍ രാജിവെക്കണമെന്ന ആവശ്യങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. സംസ്ഥാനത്തെ ക്രമസമാധാന നില വഷളായതായി ആരോപിച്ച് ബിജെപി ബംഗാള്‍ ഘടകം അമിത് ഷാക്ക് കത്തയച്ചിരുന്നു. പാര്‍ലമെന്റ് സമ്മേളനത്തിനായി രാജ്യതലസ്ഥാനത്ത് എത്തിയ ബംഗാളില്‍ നിന്നുള്ള പാര്‍ട്ടി എംപിമാര്‍ ബംഗാളിലെ ക്രമസമാധാന നിലയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ആഭ്യന്തരമന്ത്രിയെ കണ്ടിരുന്നു.
അതിനിടെ സംഭവത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തുവന്നിരുന്നു. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. പ്രതികളെ പിടികൂടാന്‍ കേന്ദ്രസര്‍ക്കാര്‍ എല്ലാ സഹായവും നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.




