Section

malabari-logo-mobile

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രാജിവെച്ചു

HIGHLIGHTS : Bihar Chief Minister Nitish Kumar has resigned

sameeksha-malabarinews
ന്യൂഡല്‍ഹി: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രാജിവെച്ചു. ഗവര്‍ണറെ കണ്ട് നിതീഷ് രാജിക്കത്ത് കൈമാറി. ഗവര്‍ണറെ കാണാന്‍ നിതീഷ് കുമാര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടിരുന്നു. 12.30ന് ഗവര്‍ണറെ കാണാനാണ് നിതീഷ് കുമാര്‍ തീരുമാനിച്ചിരുന്നത്. ജെ.ഡി.യു. എന്‍ഡിഎ മുന്നണി വിട്ടേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ എം.എല്‍.എമാരുടേയും എം.പിമാരുടേയും അടിയന്തരയോഗം ഇന്ന് പട്നയില്‍ ചേര്‍ന്നു. പാര്‍ട്ടിയിലെ എല്ലാ എം.എല്‍.എമാരും എം.പിമാരും തിങ്കളാഴ്ച വൈകിട്ടുതന്നെ പറ്റ്നയില്‍ എത്തണമെന്നും ചൊവ്വാഴ്ച യോഗം ചേരുമെന്നുമാണ് അറിയിച്ചിരുന്നത്. എന്‍.ഡി.എ. മുന്നണി വിട്ട് ആര്‍.ജെ.ഡി, കോണ്‍ഗ്രസ്, ഇടതു പാര്‍ട്ടികളുമായി ജെ.ഡി.യു. സഖ്യംചേര്‍ന്ന് സമാന്തര സര്‍ക്കാര്‍ രൂപവത്കരിക്കാനാണ് നീക്കമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

243 അംഗ ബിഹാര്‍നിയമസഭയില്‍ 80 സീറ്റുമായി ആര്‍.ജെ.ഡി.യാണ് വലിയ ഒറ്റക്കക്ഷി. ബി.ജെ.പി.ക്ക് 77 സീറ്റും ജെ.ഡി.യു.വിന് 55 സീറ്റുമാണുള്ളത്. ആര്‍.ജെ.ഡി.യുമായി സഖ്യത്തിലുള്ള കോണ്‍ഗ്രസിന് 19 സീറ്റുണ്ട്. 122 സീറ്റാണ് കേവലഭൂരിപക്ഷത്തിനു വേണ്ടത്. ബിജെപിക്ക് 16 മന്ത്രിമാരാണ് നിതീഷ് കുമാര്‍ മന്ത്രിസഭയിലുള്ളത്. ബിജെപി നേതാക്കള്‍ ഇപ്പോള്‍ പാട്‌നയിലെത്തിയിട്ടുണ്ടെന്നാണ് വിവരം. 16 മന്ത്രിമാരും ഉടന്‍ രാജിവയ്ക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ന് രാവിലെ തന്നെ ബിജെപി നേതൃത്വം നിതീഷ് കുമാറുമായി ചര്‍ച്ച നടത്താനെത്തിയിരുന്നു. എന്നാല്‍ ഈ അനുനയനീക്കങ്ങളെല്ലാം പാളുകയായിരുന്നു.

കോണ്‍ഗ്രസ് നിതീഷിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. തേജസ്വി യാദവ് സ്വീകരിക്കുന്ന നിലപാടിനൊപ്പം നില്‍ക്കുമെന്ന് ആര്‍ജെഡി എംഎല്‍എമാരും അറിയിച്ചു. ജെ.ഡി.യു.വുമായി സഹകരിക്കാമെന്ന് മുഖ്യ പ്രതിപക്ഷമായ ആര്‍.ജെ.ഡി. നേതൃത്വം ഇതിനോടകം വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

മുഖ്യമന്ത്രി നിതീഷ്‌കുമാറിനെ രാഷ്ട്രീയമായി ഒതുക്കാനുള്ള ബിജെപിയുടെ ശ്രമമാണ് ജെഡിയുവിന്റെ അമര്‍ഷത്തിനു കാരണം. മഹാരാഷ്ട്രയിലെ സംഭവവികാസങ്ങളും ജെഡിയുവിനെ അസ്വസ്ഥരാക്കുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ റിമോട്ട് കണ്‍ട്രോള്‍ ഭരണം നടത്തുന്നതാണ് നിതീഷ്‌കുമാര്‍ നേരിടുന്ന പ്രധാന വെല്ലുവിളി. ഏകീകൃത സിവില്‍കോഡ്, ജനസംഖ്യ നിയന്ത്രണബില്‍ തുടങ്ങിയ വിഷയങ്ങളില്‍ ഹിന്ദുത്വ അജന്‍ഡയ്ക്ക് അനുസൃതമായുള്ള ബിജെപി മന്ത്രിമാരുടെ പ്രസ്താവനകള്‍ ജെഡിയുവിനെ തളര്‍ത്തുന്നു. കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിതി ആയോഗിന്റെ ഏഴാമത് ഭരണസമിതിയോഗത്തില്‍ നിതീഷ് കുമാര്‍ എത്തിയിരുന്നില്ല. അഗ്‌നിപഥില്‍ അടക്കം പ്രതിഷേധമറിയിച്ച നിതീഷ് കുമാര്‍ രാഷ്ട്രപതിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്നും വിട്ടുനിന്നിരുന്നു. കൂടാതെ സ്പീക്കറെ മാറ്റണമെന്ന് നിതീഷ് കുമാര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അതിന് ബിജെപി വഴങ്ങിയിരുന്നില്ല. ഇതും നിതീഷ് കുമാറിനെ ചൊടിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

കേന്ദ്രമന്ത്രിസഭയില്‍ കൂടുതല്‍ പ്രാതിനിധ്യമെന്ന ആവശ്യം ബിജെപി തള്ളിയതും ജെഡിയുവിനെ പ്രകോപിപ്പിച്ചിട്ടുണ്ട്. ഏക ജെഡിയു പ്രതിനിധിയായിരുന്ന ആര്‍ സി പി സിങ് ബിജെപിയോട് അടുത്തതോടെയാണ് അദ്ദേഹത്തിന് രാജ്യസഭയില്‍ തുടര്‍ അവസരം നല്‍കാതിരുന്നത്. അങ്ങനെ സിങ് മന്ത്രിസഭയില്‍നിന്ന് പുറത്തായി. കഴിഞ്ഞ ദിവസം ജെഡിയുവിട്ട സിങ് ബിജെപിയില്‍ ചേരുമെന്നാണ് വിവരം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജെഡിയുവിന്റെ സീറ്റ് കുറയ്ക്കാന്‍ ബിജെപി ശ്രമിച്ചതായും ആരോപണമുണ്ട്. ആര്‍ജെഡിയുമായുള്ള പിണക്കം അവസാനിപ്പിക്കാന്‍ നിതീഷ് കുമാര്‍ ഈയിടെ ചില നീക്കങ്ങളും നടത്തി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക