
ന്യൂഡല്‍ഹി :ചരക്കുസേവന നികുതിയിലെ സങ്കീര്‍ണതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി സംഘടനയായ കോണ്‍ഫഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് (സി.എ.ഐ.ടി)ഫെബ്രുവരി 26 ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തു. ബന്ദിന്റെ ഭാഗമായി റോഡ് ഉപരോധിക്കുമെന്ന് കോണ്‍ഫഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്സ് പ്രസ്താവനയില്‍ അറിയിച്ചു.
ഓള്‍ ഇന്ത്യ ട്രാന്‍സ്പോര്‍ട്ട് വെല്‍ഫെയര്‍ അസോസിയേഷന്‍ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചു.ജി.എസ്.ടി കൗണ്‍സിലിന് പല തവണ പരാതികള്‍ നല്‍കിയിട്ടും ഇതുവരെ പ്രതികരിച്ചിട്ടില്ലെന്ന് സി.എ.ഐ.ടി വൃത്തങ്ങള്‍ അറിയിച്ചു. ജി.എസ്.ടി കൗണ്‍സില്‍ സ്വന്തം അജണ്ടയുമായി മുന്നോട്ടുപോകുന്നു എന്ന തോന്നലാണ് ഇതുണ്ടാക്കുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു.
വ്യാപാരികളുടെ സഹകരണം തേടുന്നതില്‍ കൗണ്‍സില്‍ ഒരു താത്പര്യവും കാണിക്കുന്നില്ലെന്നും വ്യാപാരി സംഘടന കുറ്റപ്പെടുത്തി. രാജ്യത്തെ വ്യാപാര രംഗത്തെ പ്രശ്‌നങ്ങള്‍ മനസിലാക്കാതെ വ്യാപാരികളെ ബുദ്ധിമുട്ടിക്കുന്ന നിലപാടാണ് കൗണ്‍സില്‍ സ്വീകരിക്കുന്നതെന്നും കോണ്‍ഫഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്സ് വിമര്‍ശിച്ചു.
ഒരു രാജ്യം ഒരു നികുതി എന്ന പേരില്‍ ആരംഭിച്ച ചരക്കുസേവന നികുതിയില്‍ പല അപാകതകളും ഉണ്ട്. നികുതി ഘടന ലളിതവത്കരിക്കുന്നതിന് കൗണ്‍സില്‍ ഒരു വിധത്തിലുള്ള നടപടികളും സ്വീകരിക്കുന്നില്ലെന്നും സംഘടന നേതാക്കള്‍ പറഞ്ഞു. കൗണ്‍സിലിന്റെ വ്യാപാരി വിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ചാണ് ബന്ദ് നടത്താന്‍ തീരുമാനിച്ചതെന്നും സംഘടന അറിയിച്ചു.





