Section

malabari-logo-mobile

ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ് നാളെ മുതല്‍

HIGHLIGHTS : ഇന്ത്യയിലെ ഏറ്റവും വലിയ വാട്ടര്‍ തീം ഫെസ്റ്റിവല്‍

malabarinews
ജല ടൂറിസത്തിന്റെ അനന്ത സാധ്യതകള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ വാട്ടര്‍ തീം ഫെസ്റ്റിവല്‍
ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റിന് നാളെ (ഡിസംബര്‍ 26) ബേപ്പൂരില്‍ തുടക്കമാകും.  നാളെ  വൈകീട്ട് ആറു മണിക്ക് ബേപ്പൂര്‍ മറീന ബീച്ചില്‍ സിനിമാ താരം മമ്മൂട്ടി പരിപാടി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും.  ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അദ്ധ്യക്ഷത വഹിക്കും.  എംപി മാരായ എം.വി.ശ്രേയസ് കുമാര്‍, എം.കെ രാഘവന്‍ എന്നിവര്‍ സംബന്ധിക്കും.  ജില്ലാ കലക്ടര്‍ ഡോ.എന്‍.തേജ് ലോഹിത് റെഡ്ഡി സ്വാഗതം ആശംസിക്കും.  വിനോദ സഞ്ചാര വകുപ്പ് ഡയറക്ടര്‍ വി.ആര്‍.കൃഷ്ണതേജ  റിപ്പോര്‍ട്ട് അവതരിപ്പിക്കും.  അഡിഷണല്‍ ചീഫ് സെക്രട്ടറി ഡോ.വി.വേണു  മുഖ്യ പ്രഭാഷണം നടത്തും.  സബ് കലക്ടര്‍ വി.ചെല്‍സാസിനി നന്ദി പ്രകാശിപ്പിക്കും.

നാളെ മുതല്‍ 29 വരെയാണ് ഫെസ്റ്റ് നടക്കുക.   ബേപ്പൂരിന്റെ പെരുമയും ചരിത്രവും പൈതൃകവും വിനോദസഞ്ചാര മേഖലയില്‍ കൂടുതല്‍ വിനിയോഗിക്കുക എന്ന ലക്ഷ്യത്തോടെ വിവിധ മേഖലകളുമായി സഹകരിച്ചാണ് ഫെസ്റ്റിവല്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.  ജല ടൂറിസം മേഖലയെ പരിപോഷിപ്പിക്കുക, സാഹസിക വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുക, എന്നിവയും മേളയുടെ ലക്ഷ്യങ്ങളാണ്.

 

26ന് രാവിലെ ആറു മണിക്ക് കോഴിക്കോട് ബീച്ച് കള്‍ച്ചറല്‍ സോണില്‍ നടക്കുന്ന സൈക്കിള്‍ റൈഡ് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്യും.  ചടങ്ങില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ അദ്ധ്യക്ഷനാവും. വൈകീട്ട് നാലുമണിക്ക് വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ പാരിസണ്‍സ് ഗ്രൗണ്ടില്‍ ഫുഡ് ആന്‍ഡ് ഫ്‌ളീ മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്യും.  മുന്‍ എംഎല്‍എ വികെസി മമ്മദ് കോയ അദ്ധ്യക്ഷത വഹിക്കും.

 

വിവിധ ജല മേളകള്‍ക്കാണ് ഡിസംബര്‍ 29 വരെ ബേപ്പൂര്‍ മറീന വേദിയാവുക.  ജല കായികമത്സരങ്ങളായ കയാക്കിങ്, സ്റ്റാന്‍ഡ് അപ്പ് പെഡലിങ്, ബാംബൂ റാഫ്റ്റിങ്ങ്, സെയിലിംഗ് രെഗെട്ട തുടങ്ങിയവയും തദ്ദേശവാസികള്‍ക്കായുള്ള ചൂണ്ടയിടല്‍, വലവീശല്‍, നാടന്‍ തോണികളുടെ തുഴച്ചില്‍ മത്സരങ്ങളും ട്രഷര്‍ ഹണ്ട് എന്നിവയും നടക്കും. നാഷണല്‍ കൈറ്റ് ഫ്ളയിങ്, കൈറ്റ് സര്‍ഫിംഗ്, ഫ്ളൈയിങ് ബോര്‍ഡ് ഡെമോ തുടങ്ങിയ പ്രദര്‍ശന ഇനങ്ങള്‍ക്കു പുറമേ സമാപന ദിവസം ബേപ്പൂര്‍ പ്രദേശത്തെ മത്സ്യബന്ധന ബോട്ടുകളുടെ പരേഡും ഉണ്ടായിരിക്കും.

ഉദ്ഘാടന- സമാപന ദിവസങ്ങളില്‍ വൈകീട്ട് ഇന്ത്യന്‍ നാവികസേനയുടെ ഹെലികോപ്റ്റര്‍ ടീം നടത്തുന്ന സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ ഓപ്പറേഷന്റെ പ്രദര്‍ശനവും നാവിക കപ്പലുകളുടെ ദീപാലങ്കാരവും ഉണ്ടാകും. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് ഡോര്‍നിയര്‍ വിമാനത്തിന്റെ ഫ്ളൈ പാസ്റ്റും നാവിക കോസ്റ്റ് ഗാര്‍ഡ് ബാന്‍ഡിന്റെ പ്രകടനവും ഇതിന്റെ ഭാഗമാണ്. ഈ ദിവസങ്ങളില്‍ നാവിക കോസ്റ്റ് ഗാര്‍ഡ് കപ്പലുകള്‍ സന്ദര്‍ശിക്കുന്നതിന് പൊതുജനങ്ങള്‍ക്ക് ബേപ്പൂര്‍ തുറമുഖത്ത് അവസരമൊരുക്കും.

കരകൗശല രംഗത്തെ പ്രഗത്ഭരായ സര്‍ഗാലയ, ഉറവ്, കിര്‍താഡ്സ് തുടങ്ങിയവര്‍ ഉള്‍ക്കൊള്ളുന്ന ഫ്ളീ മാര്‍ക്കറ്റ് ഫെസ്റ്റിവലിന്റെ മോടി കൂട്ടും. കോസ്റ്റ് ഗാര്‍ഡ്, ഫിഷറീസ്, മാരിടൈം ബോര്‍ഡ്, ടൂറിസം തുടങ്ങിയവയുടെ പ്രത്യേക പവലിയനും ഫെസ്റ്റിവലിന്റെ ഭാഗമായി ഉണ്ടായിരിക്കും.

ഫെസ്റ്റിന്റെ ഭാഗമായി ജല കായിക ഇനങ്ങള്‍ കൂടാതെ എല്ലാ ദിവസവും മലബാര്‍ രുചി വൈവിധ്യങ്ങളോടു കൂടിയ ഭക്ഷ്യമേള, കരകൗശല പ്രദര്‍ശനങ്ങള്‍,  ഫ്‌ളീ മാര്‍ക്കറ്റ് തുടങ്ങിയവയും ഉണ്ടാകും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

MORE IN Latest News