സ്നേഹത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും പേരായി ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ് മാറി: മന്ത്രി മുഹമ്മദ് റിയാസ്

HIGHLIGHTS : Beypore Water Fest has become a symbol of love and harmony: Minister Muhammad Riyaz

careertech

ജനങ്ങളുടെ സ്നേഹത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും പേരായി ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റ് മാറിയതായി പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ് നാലാം സീസണിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. നാടിന്റെയും ജനങ്ങളുടെയും ഉത്സവമായി വാട്ടര്‍ ഫെസ്റ്റ് മാറിക്കഴിഞ്ഞു. ബേപ്പൂര്‍ എന്ന നാട് ലോകഭൂപടത്തില്‍ നിലനില്‍ക്കുന്ന കാലത്തോളം ബേപ്പൂര്‍ വാട്ടര്‍ഫെസ്റ്റും ഉണ്ടാകുമെന്നും അത്രമാത്രം ജനങ്ങള്‍ ഫെസ്റ്റിനെ ഏറ്റെടുത്തു കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു.

ജനകീയ കൂട്ടായ്മയും മികച്ച നേതൃത്വവും ആ നേതൃത്വത്തിലുള്ള ജനങ്ങളുടെ വിശ്വാസവുമാണ് വാട്ടര്‍ ഫെസ്റ്റിന്റെ വിജയരഹസ്യമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച മേയര്‍ ഡോ. ബീനഫിലിപ്പ് പറഞ്ഞു. ഉത്സവങ്ങളുടെ നാടായ കോഴിക്കോടിന് ഒരു തിലകക്കുറിയായി ഫെസ്റ്റ് മാറിയെന്നും അവര്‍ അഭിപ്രായപ്പെട്ടു.

sameeksha-malabarinews

ഈയടുത്ത കാലത്തൊന്നും ഇത്രയും വലിയ ജനക്കൂട്ടം കണ്ടിട്ടില്ലെന്നും അത് ബേപ്പൂര്‍ ഫെസ്റ്റിന്റെ വലിയ വിജയമാണെന്നും വിശിഷ്ടാതിഥിയായെത്തിയ സിനിമ സംവിധായകനും നടനുമായ ബേസില്‍ ജോസഫ് പറഞ്ഞു. ഫെസ്റ്റിന്റെ ഭാഗമായി നാട് വര്‍ണ്ണാഭമായി. ആളുകളുടെ മുഖത്തും സന്തോഷം. ഇത്തരം ആഘോഷങ്ങളിലൂടെ ജനങ്ങള്‍ ജീവിതം ആസ്വദിക്കുന്നത് കാണുന്നത് വലിയ സന്തോഷമാണെന്നും അദ്ദേഹം പറഞ്ഞു.

വാട്ടര്‍ ഫെസ്റ്റിന് എത്തിയ ജനസാഗരം അമ്പരപ്പിക്കുന്നതാണെന്ന് സിനിമാതാരം സൗബിന്‍ ഷാഹിര്‍ പറഞ്ഞു. ആളുകളുടെ സ്‌നേഹവും ആവേശവും ഒരുമയും കാണുമ്പോള്‍ കണ്ണും മനസ്സും നിറയുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സമാപനച്ചടങ്ങില്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. ബീന ഫിലിപ്പ് അധ്യക്ഷയായി. പ്രശസ്ത സിനിമ താരങ്ങളായ ബേസില്‍ ജോസഫ്, സൗബിന്‍ ഷാഹിര്‍ എന്നിവര്‍ വിശിഷ്ട അതിഥികളായെത്തി. എംഎല്‍എമാരായ അഹമ്മദ് ദേവര്‍കോവില്‍, സച്ചിന്‍ ദേവ്,
ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ്, കേരള ടൂറിസം ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് ചെയര്‍മാന്‍ എസ് കെ സജീഷ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ഗവാസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി കെ ശൈലജ, ഫറോക്ക്, കടലുണ്ടി പഞ്ചായത്ത് പ്രസിഡന്റ് വി അനുഷ, കോര്‍പ്പറേഷന്‍ സ്ഥിരം സമിതി അധ്യക്ഷരായ പി സി രാജന്‍, കെ കൃഷ്ണകുമാരി, മുന്‍ മേയര്‍ വി കെ സി മമ്മത് കോയ, സിറ്റി പൊലീസ് കമ്മിഷണര്‍ ടി നാരായണന്‍, സബ് കളക്ടര്‍ ഹര്‍ഷില്‍ ആര്‍ മീണ, അസി. കളക്ടര്‍ ആയുഷ് ഗോയല്‍, കോസ്റ്റ് ഗാര്‍ഡ് സ്റ്റേഷന്‍ കമാന്‍ഡര്‍ സന്ദീപ് സിങ്,
മറ്റു ജനപ്രതിനിധികള്‍ , ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ വിശിഷ്ടാതിഥികള്‍ക്കും വിവിധ സേനാ മേധാവികള്‍ക്കും മന്ത്രി ഉപഹാരം സമ്മാനിച്ചു. വാട്ടര്‍ ഫെസ്റ്റിന്റെ ഭാഗമായി നടന്ന വിവിധ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!