Section

malabari-logo-mobile

ബേപ്പൂരിനെ ഉത്തരവാദിത്വ ടൂറിസത്തിലൂടെ ലോകശ്രദ്ധാകേന്ദ്രമാക്കാം; മന്ത്രി മുഹമ്മദ് റിയാസ്

HIGHLIGHTS : ബേപ്പൂരിന്റെ സാധ്യതകള്‍ തുറന്നുപറഞ്ഞ് മന്ത്രി

കോഴിക്കോട്; ഒരു കാലത്ത് രാജ്യത്തിന്റെ കവാടം എന്നറിയപ്പെട്ടിരുന്ന സ്ഥലമാണ് ബേപ്പൂര്‍. ബേപ്പൂര്‍ തുറമുഖവും ഉരു നിര്‍മ്മാണ സാധ്യതകളും ലോക ശ്രദ്ധയാകര്‍ഷിക്കുന്നതാണ്. രാജ്യത്തിന് തന്നെ മാതൃകയാക്കാവുന്ന രീതിയില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ലിറ്റററി സര്‍ക്യൂട്ട് സംവിധാനത്തില്‍ ഉള്‍പ്പെടുത്തി ബേപ്പൂര്‍ സുല്‍ത്താനായ വൈക്കം മുഹമ്മദ് ബഷീറിന്റെ സ്മാരകം നിര്‍മ്മിക്കുമെന്നും ടുറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ്. സമഗ്ര ഉത്തരവാദിത്ത ടൂറിസം വികസന പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
ശുചിത്വത്തിന് പ്രാധാന്യം നല്‍കിയാവണം സഞ്ചാരികളെ വരവേല്‍ക്കേണ്ടതെന്നും മന്ത്രി ഓര്‍മ്മപ്പെടുത്തി. നാടും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടതും ഓരോ പൗരന്റെയും കടമയാണ്.

അറബിക്കടല്‍, ചാലിയാര്‍ പുഴ, തീരത്തുനിന്നും പുഴയിലും കടലിലുമായി ഒരു കിലോമീറ്റര്‍ ദൂരത്തിലുള്ള പുലിമുട്ട്, ബേപ്പൂര്‍ തുറമുഖം, വിളക്കുമാടം, കടലുണ്ടി പക്ഷി സങ്കേതം, കടലും പുഴയും സംഗമിക്കുന്ന കടലുണ്ടിക്കടവ് അഴിമുഖം, അപൂര്‍വ്വ കണ്ടല്‍ച്ചെടികളുടെ പച്ചപ്പു നിറഞ്ഞ കണ്ടല്‍ക്കാടുകള്‍ എന്നിങ്ങനെ വിവിധ ആകര്‍ഷണങ്ങളും കലാസാംസ്‌കാരിക തനിമയും ഭക്ഷണ വൈവിധ്യവും ഗ്രാമീണ ജീവിത രീതികളും ഉള്‍പ്പെടെ ഒരു വിനോദസഞ്ചാര കേന്ദ്രത്തിനാവശ്യമായ എല്ലാ ഘടകങ്ങളും ഒത്തിണങ്ങിയ സ്ഥലമാണ് ബേപ്പൂരെന്ന് മന്ത്രി പറഞ്ഞു. കോഴിക്കോട് ജില്ലയിലെ ചരിത്രവും സാംസ്‌കാരിക തനിമയും ഒത്തിണങ്ങിയ ബേപ്പൂരിനെ ഉത്തരവാദിത്ത ടൂറിസത്തിലൂടെ ലോകശ്രദ്ധ ആകര്‍ഷിക്കുന്ന കേന്ദ്രമാക്കി മാറ്റാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

sameeksha-malabarinews

ഉപയോഗിക്കാതെ ഉപേക്ഷിച്ച പാലവും പഴയ കെ എസ് ആര്‍ ടി സി ബസുകളുമെല്ലാം ടൂറിസത്തിന്റെ ഭാഗമാണ്. ഇവ പാശ്ചാത്യ രാജ്യങ്ങളിലുള്ള രീതിയില്‍ ഭക്ഷണ ശാലകളാക്കി മാറ്റാനുള്ള പദ്ധതിയും ആലോചനയിലുണ്ടെന്ന് മന്ത്രി പറഞ്ഞു.

പദ്ധതിയോടനുബന്ധിച്ച് ഏകദിന ശില്‍പശാലയും സംഘടിപ്പിച്ചിരുന്നു. ‘ഉത്തരവാദിത്ത ടൂറിസത്തിലൂടെ പ്രാദേശിക വികസനം’, ‘ബേപ്പൂരിലെ ടൂറിസം പദ്ധതികള്‍’, ‘ബേപ്പൂരിലെ ഉത്തരവാദിത്ത ടൂറിസം സാധ്യതകള്‍’ എന്നീ വിഷയങ്ങളിലാണ് ക്ലാസുകള്‍ എടുത്തത്. സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്‍ കോര്‍ഡിനേറ്റര്‍ കെ. രൂപേഷ്‌കുമാര്‍, ടൂറിസം ജോയിന്റ് ഡയറക്ടര്‍ സി.എന്‍.അനിത കുമാരി, ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ ഒ.പി. ശ്രീകലാ ലക്ഷ്മി എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.

കടലുണ്ടി പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.അനുഷ അധ്യക്ഷത വഹിച്ചു. മേയര്‍ ഡോ.ബീന ഫിലിപ്പ് മുഖ്യാതിഥിയായിരുന്നു. ജില്ലാ കളക്ടര്‍ ഡോ.എന്‍.തേജ് ലോഹിത് റെഡ്ഡി, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.പി.ഗവാസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത പൂക്കാടന്‍, വാര്‍ഡ് കൗണ്‍സിലര്‍ പി.ഷീബ, ബേപ്പൂര്‍ വികസന സമിതി ചെയര്‍മാന്‍ എം.ഗിരീഷ്, പ്രദേശത്തു നിന്നുള്ള വിവിധ ജനപ്രതിനിധികള്‍, ടൂറിസം വകുപ്പ് ഉദ്യോഗസ്ഥര്‍, ഉത്തരവാദിത്ത ടൂറിസം മിഷന്‍ ടീം തുടങ്ങിയവര്‍ പങ്കെടുത്തു. ചെറുവണ്ണൂര്‍ കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടിയില്‍ കരകൗശല വസ്തുക്കളുടെ പ്രദര്‍ശനവും വില്‍പനയും ഉണ്ടായിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!