ബെംഗളൂരു ദുരന്തം; മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍, മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ ധനസഹായം

HIGHLIGHTS : Bengaluru tragedy; Karnataka government announces magisterial inquiry

cite

ബെംഗളൂരു :ബെംഗളൂരുവില്‍ ആര്‍സിബി ഐപിഎല്‍ കിരീടം നേടിയതിന്റെ വിക്ടറി പരേഡിനിടെയുണ്ടായ അപകടത്തില്‍ 11 പേര്‍ മരിച്ച സംഭവത്തില്‍ കര്‍ണാടക സര്‍ക്കാര്‍ മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ചു. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ ധനസഹായം അനുവദിക്കുമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. പരുക്കേറ്റവരുടെ ചികിത്സാച്ചെലവ് പൂര്‍ണമായും സംസ്ഥാനസര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ദുരന്തം ഉണ്ടായത് എങ്ങനെ എന്നതിലാണ് മജിസ്ട്രേറ്റ് തല അന്വേഷണം. 15 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നും ജില്ലാ ഭരണകൂടത്തില്‍ നിന്ന് വിശദീകരണം തേടുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ദുരന്തത്തിന് കാരണം ആളുകള്‍ ഇടിച്ച് കയറിയതാണെന്നും ദുരന്തത്തിനെച്ചൊല്ലി രാഷ്ട്രീയക്കളിക്കില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു. ചെറിയ ഗേറ്റുകളാണ് ചിന്നസ്വാമി സ്റ്റേഡിയത്തിന്റേത്. ഗേറ്റുകളിലൂടെ ആളുകള്‍ ഇടിച്ച് കയറിയതാണ് ദുരന്തത്തിന് വഴി വച്ചത്. ചില ഗേറ്റുകള്‍ ആളുകള്‍ തകര്‍ത്തു. 35,000 പേര്‍ക്ക് മാത്രം ഇരിക്കാവുന്ന സ്റ്റേഡിയം പരിസരത്തേക്ക് മൂന്നുലക്ഷം പേരെത്തുമെന്ന് കരുതിയില്ല. വിധാന സൗധയ്ക്ക് സമീപവും ലക്ഷക്കണക്കിന് പേരെത്തിയിരുന്നു. അവിടെ ദുരന്തമുണ്ടായില്ലെന്നും മുഖ്യമന്ത്രിപറഞ്ഞു. ഇത് സംസ്ഥാന സര്‍ക്കാര്‍ നടത്തിയ പരിപാടിയല്ല. ബെംഗളൂരു നഗരത്തില്‍ ആ സമയത്തുണ്ടായിരുന്ന എല്ലാ പോലീസ് ഉദ്യോഗസ്ഥരെയും ഈ ഭാഗത്ത് വിന്യസിച്ചിരുന്നുവെന്നും സിദ്ധരാമയ്യ കൂട്ടിച്ചേര്‍ത്തു.

ഒരു കുട്ടിയുള്‍പ്പെടെ 11 പേര്‍ക്കാണ് അപകടത്തില്‍ ജീവന്‍ നഷ്ടമായത്. 47 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരുടെയെല്ലാം ആരോഗ്യനില തൃപ്തികരമാണ്. അപകടനില തരണം ചെയ്തു. മരിച്ച 11 പേരില്‍ എട്ട് പേരെ തിരിച്ചറിഞ്ഞു ദിവ്യാംശി (13), ദിയ (26), ശ്രാവണ്‍ (21), ഭൂമിക്, സഹാന, ദേവി, ശിവു (17) മനോജ് എന്നിവരെയാണ് തിരിച്ചറിഞ്ഞത്. തിരിച്ചറിയാത്ത മൂന്ന് പേരുടെ മൃതദേഹം വൈദേഹി, ബൗറിംഗ് ആശുപത്രികളിലാണ്

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!