ടേം നിബന്ധന തിരുത്തില്ല, ബംഗാള്‍ തോല്‍വി പാഠം; അടുത്ത തവണ എനിക്കും – പിണറായി വിജയന്‍

തിരുവനന്തപുരം: രണ്ടു ടേം നിബന്ധന തിരുത്തേണ്ട എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കാന്‍ സിപിഎം. പ്രതിഷേധങ്ങളുയരുമ്പോഴും തീരുമാനത്തില്‍ വെള്ളം ചേര്‍ക്കേണ്ടതില്ലെന്നാണ് സിപിഎം പൊളിറ്റ് ബ്യൂറോ (പിബി) അംഗങ്ങള്‍ക്കിടയിലെ ധാരണ.

രണ്ടു ടേം നിബന്ധന കര്‍ശനമാക്കിയപ്പോള്‍ തോമസ് ഐസക്ക്, ജി. സുധാകരന്‍, പി. ശ്രീരാമകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള നിരവധി പ്രമുഖര്‍ക്കാണ് സീറ്റ് നഷ്ടമായത്. ഇത് പാര്‍ട്ടിയുടെ കീഴ്ഘടകങ്ങളില്‍ വലിയ എതിര്‍പ്പിന് വഴിവെച്ചിട്ടുണ്ട്. പാര്‍ട്ടി കേന്ദ്രനേതാക്കളെ വരെ അണികള്‍ ഫോണില്‍ വിളിച്ച് അതൃപ്തിയറിയിക്കുന്നുണ്ട്. എന്നാല്‍ എത്ര സമ്മര്‍ദമുണ്ടായാലും തീരുമാനം മാറ്റേണ്ടതില്ലെന്നാണ് പിബിയില്‍ ധാരണയായിരിക്കുന്നത്.

തുടര്‍ച്ചയായി ജയിച്ചവര്‍ തുടര്‍ന്നതാണ് പാര്‍ട്ടിക്ക് ബംഗാളില്‍ അടിത്തറയിളക്കിയതെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. ബംഗാളില്‍ ഒരു നിര നേതാക്കള്‍ പ്രായമായപ്പോഴേക്കും നയിക്കാന്‍ അടുത്ത തലമുറ ഇല്ലാതെ പോയി എന്നതാണ് പാര്‍ട്ടിക്കുണ്ടായ വലിയ പ്രതിസന്ധി. രണ്ടു ടേമിനെതിരെ സംസ്ഥാന സമിതിയില്‍ വിമര്‍ശനമുണ്ടായപ്പോള്‍ ഇത് എനിക്കും ബാധകമാവും എന്നതായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം.

പാര്‍ട്ടിയുടെ കീഴ്ഘടകങ്ങളിലേക്ക് ബംഗാളിനെ ഉദ്ധരിച്ചാകും പാര്‍ട്ടി വിശദീകരിക്കുക. വ്യക്തി വേണോ പാര്‍ട്ടി വേണോ എന്ന ഒറ്റ ചോദ്യത്തില്‍ ആന്തരികമായി പുകയുന്ന അണികളെ ശാന്തരാക്കാനാകുമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍.

Share news
error: Content is protected !!
Scroll to Top