
തേഞ്ഞിപ്പലം:വായനക്കാര്‍ക്ക് വ്യത്യസ്ത അനുഭവങ്ങളും ആശയങ്ങളും നല്‍കുന്ന എഴുത്തുകാരനാണ് വൈക്കം മുഹമ്മദ് ബഷീറെന്നും വീണ്ടും വായിക്കുമ്പോള്‍ പുതിയ ആശയങ്ങളാണ് അദ്ദേഹത്തിന്റെ കൃതികള്‍ നല്‍കുന്നതെന്നും നടന്‍ മാമുക്കോയ പറഞ്ഞു. കാലിക്കറ്റ് സര്‍വകലാശാല വൈക്കം മുഹമ്മദ് ബഷീര്‍ ചെയര്‍, ബഷീറിന്റെ ജന്മദിനത്തോടനുബന്ധിച്ച് നടത്തിയ ബഷീര്‍ സ്മൃതിയില്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യജീവിതത്തില്‍ എക്കാലത്തും പ്രസക്തമായ കഥാപാത്രങ്ങളെ സൃഷ്ടിച്ചതു കൊണ്ടാണ് ബഷീറിന്റെ കഥാപാത്രങ്ങള്‍ ഇന്ന് ഏറെ ഉദ്ധരിക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സാധാരണക്കാരന്റെ ഭാഷയില്‍ എഴുതിയ സാധാരണക്കാരനായ എഴുത്തുകാരനായിരുന്നു ബഷീറെന്ന് ഉദ്ഘാടനം നിര്‍വഹിച്ച ഡോ. സി.എല്‍. ജോഷി പറഞ്ഞു. ചടങ്ങില്‍ ബഷീറിന്റെ അപൂര്‍വ ഫോട്ടോകള്‍ ലോകത്തിന് സമ്മാനിച്ച പുനലൂര്‍ രാജന്റെ ഫോട്ടോ രജിസ്ട്രാര്‍ ഡോ. സി.എല്‍. ജോഷി അനാഛാദനം ചെയ്തു.


പി.കെ. പാറക്കടവ്, ഡോ. മിനി പ്രസാദ്, ഡോ. പി.കെ. പോക്കര്‍ എന്നിവര്‍ ബഷീര്‍ അനുസ്മരണ പ്രഭാഷണങ്ങള്‍ നടത്തി. ഡോ. ആര്‍.വി.എം. ദിവാകരന്‍ അദ്ധ്യക്ഷത വഹിച്ചു. വൈക്കം മുഹമ്മദ് ബഷീര്‍ ജന്മദിനത്തോടനുബന്ധിച്ച് നടന്ന വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള സമ്മാനങ്ങള്‍ മാമുക്കോയ വിതരണം ചെയ്തു. ജാവേദ് അസ്ലം സംവിധാനം നിര്‍വഹിച്ച പാത്തുമ്മാന്റെ ആട് എന്ന സംഗീത ആല്‍ബത്തിന്റെ പോസ്റ്റര്‍ ചടങ്ങില്‍ പ്രകാശനം ചെയ്തു.