Section

malabari-logo-mobile

തീർത്ഥയാത്ര ബാക്കിയാക്കി ബാപ്പാക്ക മടങ്ങി….

HIGHLIGHTS : സ്‌മരണ; സനില്‍ നടുവത്ത്‌ വേദനിപ്പിക്കുന്ന ഒരു വാർത്തയുണ്ടെന്ന് പറഞ്ഞു കൊണ്ടാണ് സജീവൻ പറഞ്ഞത് – ബാപ്പാക്ക പോയി. ഞാനൊന്നമ്പരന്ന് പോയി… ഒപ...

സ്‌മരണ; സനില്‍ നടുവത്ത്‌
വേദനിപ്പിക്കുന്ന ഒരു വാർത്തയുണ്ടെന്ന് പറഞ്ഞു കൊണ്ടാണ് സജീവൻ പറഞ്ഞത് – ബാപ്പാക്ക പോയി.
ഞാനൊന്നമ്പരന്ന് പോയി…

ഒപ്പം നടന്ന തലമുറക്കാരെക്കാൾ ബാപ്പാക്കയുടെ വേർപാട് വേദനിപ്പിക്കുന്നത് എന്നേയും സജീവനേയും, പരപ്പനങ്ങാടി
മുഹമ്മദ് സ്മാരക വായനശാലയിലെ പുതിയ തലമുറയിലെ പ്രവർത്തകരെയുമായിരിക്കാം.
അങ്ങിനെയായിരുന്നു ബാപ്പാക്ക.
പിന്നിൽ നടന്നു വന്ന പുതിയ തലമുറയെ ചേർത്തു നിർത്തി വാ തോരാതെ രാഷ്ട്രീയവും പുതിയ പുസ്തകങ്ങളും ചർച്ചക്ക് വെച്ചൊരാൾ.

sameeksha-malabarinews

തറയിൽ മുഹമ്മദ് എന്ന ബാപ്പാക്ക.
ഒരു കൈയിൽ പുസ്തകവും മറുകൈയിൽ കമ്യൂണിസ്റ്റ് രാഷ്ട്രീയവും മുറുകെ പിടിച്ചൊരാൾ.
അടിയന്തിരാവസ്ഥ കാലത്ത് അതിനെതിരെ പോസ്റ്ററൊട്ടിച്ചും മുദ്രാവാക്യം വിളിച്ചും തെരുവിൽ നിന്നയാൾ.

സി.പി.എം ൻ്റെ പരപ്പനങ്ങാടി അഞ്ചപ്പുര ടൗൺ ബ്രാഞ്ച് സിക്രട്ടറിയായിരുന്നു  സഖാവ് ബാപ്പു.
ദീർഘകാലം മുഹമ്മദ് സ്മാരക വായനശാലയുടെ പ്രസിഡണ്ട്.

ബീഡി തെറ്പ്പും ഇന്നത്തെ ഡിവൈഎഫ്‌ഐയുടെ പഴയ രൂപമായ കെഎസ്‌വൈഎഫും
രാഷ്ട്രീയവേദികൾക്ക് തുടക്കമിട്ടു.
തൊഴിൽ അല്ലെങ്കിൽ തൊഴിലില്ലായ്മ വേതനം
എന്ന മുദ്രാവാക്യമുയർത്തി
കെഎസ്‌വൈഎഫിന്റെ സമരത്തിൽ
പങ്കെടുത്തതിന് പോലീസിൻ്റെ ലാത്തിയടി…

കടുത്ത പ്രയാസങ്ങളിലും
വായന ആനന്ദവും ആഘോഷവുമാക്കി അവസാനം വരെ.

ഇടക്ക് പുസ്തകങ്ങൾക്കായി
എന്റെ അടുത്ത് വരും.
മോട്ടോർ സൈക്കിൾ ഡയറിയായിരുന്നു അവസാനം കൊണ്ടുപോയത്.
അധികം വൈകാതെ ശാരീരിക അവശതയിലേക്ക് നീങ്ങി. പ്രായം പ്രയാസപ്പെടുത്തിക്കൊണ്ടിരുന്നു.

വയ്യാതായെങ്കിലും ഇടക്ക് വരും. കാണാനും സംസാരിക്കാനും.
മുകളിൽ എൻ്റെ ഓഫീസിലേക്ക് കയറി വരാൻ ബുദ്ധിമുട്ടായി തുടങ്ങിയപ്പോൾ താഴെ നിന്ന് വിളിക്കും. ഞാൻ ഇറങ്ങി ചെല്ലും.
ഓട്ടോറിക്ഷ ഡ്രൈവർമാർ
നേരമ്പോക്കിന് ഇരിക്കാനിട്ട ബെഞ്ചിൽ
ഞങ്ങളിരുന്ന് സംസാരിക്കും.
പുസ്തകങ്ങളും രാഷ്ട്രീയവും മതവും എല്ലാം ചർച്ചയാവും.
ഇടക്ക് അവിടെയിരുന്നൊരു
ഫോട്ടോയും എടുത്തു.

ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് മുമ്പാവണമെന്ന് തോന്നുന്നു., ഒരിക്കൽ കണ്ടപ്പോൾ പറഞ്ഞു. ഒരു യാത്ര പോണം.തീർത്ഥയാത്ര…
വാനപ്രസ്ഥം പോലെ…
ആ വാക്കുകൾ ഏറെ പ്രയാസപ്പെടുത്തി.
ഒരു സഖാവിൻ്റെ തീർത്ഥയാത്രയെക്കുറിച്ച് , ബാപ്പാക്കയെ കുറിച്ച് ഞാനൊരു കഥയെഴുതി.
ബാപ്പാക്കയിൽ അത് വലിയ ഒരു സന്തോഷമുണ്ടാക്കിയെന്ന് എനിക്ക് തോന്നിയിരുന്നു.
ഈ അടുത്ത് കണ്ടപ്പോഴും
ആ കഥയെക്കുറിച്ച് ബാപ്പാക്ക പറഞ്ഞു.
”നടക്കാതെ പോയ ആ തീർത്ഥയാത്ര കയ്യൂരിലേക്കും കരിവെള്ളൂരിലേക്കും കാവുമ്പായിലേക്കുമായിരുന്നു…….”

 

സഹൃദയനായ
ഒരു നല്ല മനുഷ്യൻ
യാത്രയായിരിക്കുന്നു.
സജീവൻ പറഞ്ഞത്
ശരിയാണ്.
ശരിക്കും വേദനയാണ്.

ലാൽസലാം സഖാവേ.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!