ബഹ്‌റൈനില്‍ ട്രക്കിനു പിറകില്‍ പിക്കപ് വാനിടിച്ച് മലയാളി മരിച്ചു

മനാമ: ട്രക്കിന് പിറകില്‍ പിക്കപ് വാനിടിച്ച് മലയാളി മരിച്ചു. ബഹ്‌റൈനില്‍ പ്ലാഫിക്‌സ് കമ്പനിയില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്യുന്ന ആലപ്പുഴ മാവേലിക്കര ചെട്ടിക്കുളങ്ങര തെക്കേവീട്ടില്‍ കിഴക്കേതില്‍ മധു രാഘവന്‍(48) ആണ് മരിച്ചത്. ഇതേ കമ്പനിയിലെ ജീവനക്കാരായ ഡ്രൈവര്‍ കൊല്ലം കടക്കല്‍ സുനില്‍ നടരാജന്‍, ഷൊര്‍ണൂര്‍ സ്വദേശി ഗിരീഷ് എന്നിവരെ പരിക്കുകളോടെ സല്‍മാനിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇവര്‍ സഞ്ചരിച്ചിരുന്ന പിക്കപ്പ് വാന്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിന് പിറകില്‍ ഇടിക്കുകയായിരുന്നു. മിന സമല്‍മാനും ഹിദ്ദ് പാലത്തിനു സമീപത്തുവെച്ചാണ് അപകടം സംഭവിച്ചത്. എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് റോഡരികില്‍ നിര്‍ത്തിയിട്ട ഗ്യാസ് സിലിണ്ടറുകള്‍ കയറ്റിയ ട്രക്കിന്റെ പിറകില്‍ ഇടിച്ചാണ് അപകടം സംഭവിച്ചത്. നടുവില്‍ നിന്ന് വലത്തോട്ട് മറ്റൊരു വാഹനം ട്രാക്ക് മാറി വന്നതിനെ തുടര്‍ന്ന് പെട്ടെന്ന് വെട്ടിച്ച് മാറ്റുന്നതിനിടെ നിയന്ത്രണം വിട്ട പിക്കപ്പ് ട്രക്കിലിടിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. ഇടിയെ തുടര്‍ന്ന് പിക്കപ്പിന്റെ വലതു ഭാഗം പൂര്‍ണമായി തകരുകയും തലകീഴായി മറിയുകയുമായിരുന്നു.

മധു 14 വര്‍ഷമായി ഗള്‍ഫില്‍ ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ; സരോജിനി. രണ്ട് മക്കളുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികള്‍ ആരംഭിച്ചു.

Share news
error: Content is protected !!
Scroll to Top