Section

malabari-logo-mobile

ഓട്ടിസം ബാധിതരുടെയും രക്ഷിതാക്കളുടെയും ആശങ്കയില്ലാതാക്കാന്‍ സ്‌പെക്ട്രം പദ്ധതിക്ക് സാധിക്കും: മുഖ്യമന്ത്രി

HIGHLIGHTS : ഓട്ടിസം ബാധിതരുടെയും രക്ഷിതാക്കളുടെയും ആശങ്കകള്‍ക്ക് അറുതി വരുത്താന്‍ സംസ്ഥാന സര്‍ക്കാരിന്റെ സ്‌പെക്ട്രം പദ്ധതിക്ക് സാധിക്കുമെന്ന് മുഖ്യമന്ത്രി പിണ...

ഓട്ടിസം ബാധിതരുടെയും രക്ഷിതാക്കളുടെയും ആശങ്കകള്‍ക്ക് അറുതി വരുത്താന്‍ സംസ്ഥാന സര്‍ക്കാരിന്റെ സ്‌പെക്ട്രം പദ്ധതിക്ക് സാധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിലവില്‍ ഓട്ടിസം തെറാപ്പിയെക്കുറിച്ചും ഇവരുടെ തൊഴില്‍, പുനരധിവാസം എന്നിവയെക്കുറിച്ചും ആശങ്കകളുണ്ട്. സ്‌പെക്ട്രം പദ്ധതിയിലൂടെ ഓട്ടിസം ബാധിതര്‍ക്കും രക്ഷിതാക്കള്‍ക്കും ജീവിതമാറ്റം ഉണ്ടാകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. സ്‌പെക്ട്രം പദ്ധതിയുടെ ഉദ്ഘാടനവും ഓപ്പറേഷന്‍ ശരണബാല്യം പദ്ധതി പത്ത് ജില്ലകളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ പ്രഖ്യാപനവും നവ്യാനായര്‍ തയ്യാറാക്കിയ ചിന്നം ചിറു കിളിയേ നൃത്ത വീഡിയോയുടെ പ്രകാശനവും നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
നവകേരള നിര്‍മിതിക്കായി സര്‍ക്കാര്‍ ഊര്‍ജസ്വലമായ പ്രവര്‍ത്തനം നടത്തുകയാണ്. ഈ ഘട്ടത്തിലും അംഗപരിമിതര്‍ക്കായി പ്രത്യേകം പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കുന്നു. നവകേരളം നമ്മുടെ എല്ലാവരുടേതുമാകണമെന്നാണ് സര്‍ക്കാരിന്റെ കാഴ്ചപ്പാട്. ഓട്ടിസം ബാധിതരുടെ ആശയവിനിമയ ശേഷി പുതിയ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ വര്‍ദ്ധിപ്പിക്കുന്നതിന് ഊന്നല്‍ നല്‍കണം. ഭിന്നശേഷിക്കാരായവര്‍ ചില പ്രത്യേക മേഖലയില്‍ പ്രാഗത്ഭ്യം തെളിയിച്ചവരാണെന്ന് നമുക്ക് കാണാനായിട്ടുണ്ട്. പൊതുചികിത്‌സാ രീതി ഓട്ടിസം ഭേദമാക്കുന്നതിന് ഫലപ്രദമാവില്ല. ചെറുപ്പത്തിലേ കണ്ടെത്തുകയും അനുയോജ്യമായ വ്യക്തിഗത ഇടപെടല്‍ ഉണ്ടാവുകയും ചെയ്താല്‍ വലിയ മാറ്റം ഉണ്ടാക്കാനാവും. അംഗപരിമിതരുടെ ഉന്നമനത്തിനായി നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്കും അശരണര്‍ക്കുമായി നൂതന പദ്ധതികള്‍ നടപ്പാക്കാന്‍ ശ്രദ്ധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിഷിലെ ടീച്ചര്‍ അസിസ്റ്റന്റും ഭിന്നശേഷിക്കാരനുമായ അരുണ്‍ ഗോപന്‍, മുഖ്യമന്ത്രി പ്രസംഗിച്ചുകൊണ്ടിരിക്കെ, അദ്ദേഹത്തിന്റെ ചിത്രം വരച്ച് സമ്മാനിച്ചു. കൈവിരലുകള്‍ക്ക് മാത്രം ചലന ശേഷിയുള്ള മാവേലിക്കര സ്വദേശി ഗീതു കൃഷ്ണയുടെ ചിത്രങ്ങള്‍ അടങ്ങിയ പുസ്തകം മുഖ്യമന്ത്രിക്ക് സമ്മാനിച്ചു.
ഓട്ടിസം തെറാപ്പി കേന്ദ്രങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്താനും മികച്ച കേന്ദ്രങ്ങളെ എംപാനല്‍ ചെയ്യാനും തീരുമാനിച്ചിട്ടുണ്ടെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ആരോഗ്യ സാമൂഹ്യനീതി മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. അഞ്ച് മെഡിക്കല്‍ കോളേജുകളില്‍ ഓട്ടിസം കേന്ദ്രങ്ങള്‍ തുടങ്ങും. ഡോക്ടര്‍മാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുന്നതിനൊപ്പം നൂതന ആശയവിനിമയ ഉപാധികള്‍ കണ്ടെത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. സാമൂഹ്യനീതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍, വാര്‍ഡ് കൗണ്‍സിലര്‍ പാളയം രാജന്‍, നവ്യാനായര്‍, സാമൂഹ്യനീതി ഡയറക്ടര്‍ ജാഫര്‍ മാലിക്, വനിതാ ശിശുവികസന വകുപ്പ് ഡയറക്ടര്‍ ഷീബ ജോര്‍ജ്, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ എ. റംലാബീവി, കെ. എസ്. എസ്. എം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ബി. മുഹമ്മദ് അഷീല്‍ എന്നിവര്‍ പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!