എച്ച് എല്‍ എല്‍ ഏറ്റെടുക്കാനുള്ള ലേല നടപടി ; കേരളത്തിന് പങ്കെടുക്കാന്‍ അനുമതി നിഷേധിച്ച് കേന്ദ്രം

പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ലിമിറ്റഡിന്റെ (എച്ച് എല്‍ എല്‍ ലൈഫ് കെയര്‍ ലിമിറ്റഡ്) ഏറ്റെടുക്കാനുള്ള ലേല ടെന്‍ഡര്‍ നടപടിയില്‍ പങ്കെടുക്കുന്നതിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം നിരാകരിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ നിലപാടറിയിച്ചു. എച്ച്എല്‍എല്‍ ഓഹരികള്‍ ലേലത്തില്‍ വയ്ക്കുകയാണെങ്കില്‍ ലേലത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്ത് അയച്ചിരുന്നു. ആ കത്തിനാണ് ഇപ്പോള്‍ മറുപടി ലഭിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരുകള്‍ക്കോ / സര്‍ക്കാര്‍ അധീനതയിലുള്ള പൊതുമേഖലാ സംരഭങ്ങള്‍ക്കോ ഇത്തരം ടെന്‍ഡര്‍ നടപടികളില്‍ പങ്കെടുക്കാന്‍ കഴിയില്ല എന്നാണ് കേന്ദ്രത്തിന്റെ വിശദീകരിണം.

ലാഭത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പൊതുമേഖല സ്ഥാപനമാണ് എച്ച്എല്‍എല്‍. ഇതിനെ സ്വകാര്യവല്‍ക്കരിക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനത്തെ തുടക്കം മുതല്‍ തന്നെ കേരളം എതിര്‍ത്തിരുന്നു.
കേന്ദ്ര സര്‍ക്കാരിന്റെ സ്വകാര്യവല്‍കരണ നയത്തിന്റെ ഭാഗമായുള്ള ഓഹരി വിറ്റഴിക്കല്‍ പ്രക്രിയയില്‍ എച്ച് എല്‍ എല്‍ ലൈഫ് കെയര്‍ ലിമിറ്റഡ് എന്ന പൊതുമേഖലാ സ്ഥാപനത്തെ ഉള്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ സന്നദ്ധമാവുകയും അതിനായി കെ എസ് ഐ ഡി സിയെ ചുമതലപ്പെടുത്തിയതും.

കേന്ദ്ര സര്‍ക്കാരിന്റെ ലേല നടപടികളില്‍ പങ്കെടുക്കുന്നതിനും കമ്പനിയുടെ കേരളത്തിലുള്ള ആസ്തികള്‍ ഏറ്റെടുക്കുന്നതിനുള്ള സാധ്യത പരിശോധിക്കുന്നതിനുമാണ് കെ എസ് ഐ ഡി സിയെ ചുമതലപ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ നടപടിയിലേക്ക് കടന്നത്. എന്നാല്‍ ഇതിന് തടസം സൃഷ്ടിച്ചുകൊണ്ടുള്ളതാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്.

 

Share news
error: Content is protected !!
Scroll to Top