അട്ടപ്പാടി മധുവധക്കേസിലെ 12 പ്രതികളുടെ ജാമ്യം റദ്ദാക്കി. വധക്കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേസിലെ സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ രാജേഷ് എം മേനോന്‍ നല്‍കിയ ഹര്‍ജിയില്‍ മണ്ണാര്‍ക്കാട് എസ്സി എസ്ടി കോടതിയാണ് വിധി പറഞ്ഞത്.
പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് കോടതി വിധി. ഇന്ന് ഹാജരായ മൂന്ന് പ്രതികളെ റിമാന്‍ഡ് ചെയ്തു. മറ്റുള്ള പ്രതികളെയും ഉടനെ റിമാന്‍ഡ് ചെയ്യാന്‍ കോടതി നിര്‍ദ്ദേശം നല്‍കി.
സഹായിച്ചവര്‍ക്ക് നന്ദിയെന്നും ഉത്തരവില്‍ സന്തോഷമുണ്ടെന്നും കേസില്‍ നീതി കിട്ടും എന്ന് പ്രതീക്ഷയുണ്ടെന്നും ഭീഷണി നേരിട്ടെന്നും കുടുംബം വിധിയില്‍ പ്രതികരിച്ചു.
പ്രതികള്‍ ഹൈക്കോടതി ജാമ്യ ഉപാധികള്‍ ലംഘിച്ചെന്ന് വ്യക്തമാക്കുന്ന നിരവധി രേഖകള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നാണ് പ്രതിഭാഗം കോടതിയില്‍ വാദിച്ചത്. 2018 മെയ് 30നാണ് കേസിലെ 16 പ്രതികളും ജാമ്യത്തില്‍ ഇറങ്ങിയത്. നിരന്തരമായ കൂറുമാറ്റം സ്വാധീനങ്ങള്‍ക്ക് വഴങ്ങിയാണെന്ന് കോടതിക്കു ബോധ്യപ്പെട്ടു.




