തമ്മിലടിപ്പിക്കാനുള്ള ശ്രമത്തിനെതിരെ മതേതര കക്ഷികള്‍ ഒന്നിക്കേണ്ട സമയത്ത് സിപിഎമ്മിനെ ദുര്‍ബലപ്പെടുത്താനല്ല നോക്കേണ്ടത്; മുഖ്യമന്ത്രി

കോഴിക്കോട് : ലീഗ് നേതാക്കളുടെ സിപിഎം വിരുദ്ധ പരാമര്‍ശങ്ങളെ തള്ളി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട്ട് കഴിഞ്ഞ നാലു ദിവസങ്ങളായി നടന്ന കേരള നദ്‌വത്തുള്‍ മുജാഹിദ് 10-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര്‍എസ്എസിനെതിരെ മതേതര കക്ഷികള്‍ ഒന്നിക്കേണ്ട സമയത്ത് സിപിഎമ്മിനെ ദുര്‍ബലപ്പെടുത്താനല്ല നോക്കേണ്ടെതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട്ടെ മുജാഹിദ് സമ്മേളനത്തിനിടെ പികെ ബഷീറും പികെ ഫിറോസും നടത്തിയ വിമര്‍ശനത്തിനായിരുന്നു ഇതേ വേദിയില്‍ പിണറായിയുടെ മറുപടി.

സമ്മേളനത്തില്‍ പങ്കെടുത്ത ഗോവ ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍പിളള രാജ്യത്തെ മതമൈത്രിയെക്കുറിച്ച് പറഞ്ഞതിനോട് സിപിഐ നേതാവ് ബിനോയ് വിശ്വം പ്രതികരിച്ചിരുന്നു. പിന്നീട് സിപിഎം എംപി ജോണ്‍ ബ്രിട്ടാസ് സംവാദം നടത്തി ആര്‍എസ്എസിന്റെ നിലപാട് മാറ്റാന്‍ കഴിയുമെന്ന് കെഎന്‍എം കരുതുന്നുണ്ടോ എന്ന ചോദ്യവും ഉന്നയിച്ചിരുന്നു. ഇതിന് മറുപടിയായാണ് ലീഗ് നേതാക്കളായ പി.കെ ബഷീറും പി.കെ ഫിറോസും സിപിഎമ്മിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചത്.

നാടിന്റെ ശാന്തിയും സമാധാനവും സംരക്ഷിക്കപ്പെടണം. മതനിരപേക്ഷത സംരക്ഷിക്കാന്‍ മതരാഷ്ട്രവാദികളെ അകറ്റിനിര്‍ത്തേണ്ടതുണ്ട്. രാജ്യത്ത് വല്ലാത്തൊരു ആശങ്കയും ഭയപ്പാടും ഓരോ ദിവസവും കഴിയുന്തോറും ന്യൂനപക്ഷ വിഭാഗങ്ങളില്‍ ശക്തിപ്പെട്ടുവരുന്ന അവസ്ഥ നാം കാണുന്നു. നമ്മുടെ രാജ്യത്തെ കേന്ദ്രസ്ഥാനങ്ങളില്‍ ഇരിക്കുന്നവരുടെ തന്നെ ഇടപെടലുകളാണ് ഇതിന് ഇടയാക്കുന്നത്. ജനങ്ങളുടെ ഐക്യത്തെ ഭിന്നിപ്പിക്കുന്നതിനുവേണ്ടി നിലപാടെടുത്ത സംഘടനകള്‍ വര്‍ഗീയമായി ആളുകളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്ത് മഹാഭൂരിപക്ഷവും മതനിരപേക്ഷമായി ചിന്തിക്കുന്നവരാണ്. യഥാര്‍ഥത്തില്‍ വര്‍ഗീയവാദികള്‍ രാജ്യത്തിന്റെ താല്‍പര്യത്തിനെതിരായാണ് നിലകൊള്ളുന്നത്. വര്‍ഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കാന്‍ നമുക്ക് കഴിയണം. തെറ്റിദ്ധരിപ്പിക്കാന്‍ പല മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നുണ്ട് എന്നത് തിരിച്ചറിയാതിരിക്കുന്നത് സ്വയം ആപത്തിലേക്ക് തളളിവിടുന്നതിന് തുല്യമായിരിക്കും. മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ഇന്ത്യയില്‍ മതന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെടുന്നുണ്ട്. മറുവശത്ത് മതന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കാന്‍ ശ്രമിക്കുന്നു. മതന്യൂനപക്ഷങ്ങളില്‍ പ്രബലമായ രണ്ട് വിഭാഗങ്ങളെയും രാജ്യത്തിന്റെ പല ഭാഗങ്ങളില്‍വെച്ച് അതിഹീനമായ രീതിയില്‍ ആക്രമിച്ചത് നമുക്ക് കാണാന്‍ കഴിയും. അത്തരത്തിലുള്ള ശക്തികള്‍ക്ക് വലിയതോതില്‍ ഇടപെടാന്‍ കഴിയാത്ത സാഹചര്യം നിലനില്‍ക്കുന്ന സ്ഥലങ്ങളില്‍ മതന്യൂനപക്ഷങ്ങളെ തമ്മിലടിപ്പിക്കാനുള്ള ശ്രമം നടക്കുന്നു. വര്‍ഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കണം. ഏതു വര്‍ഗീയതയും സമൂഹത്തിന് ആപത്താണ്. മുഖ്യമന്ത്രി പറഞ്ഞു.

ആര്‍എസ്എസിന്റെ ആശയങ്ങള്‍ ഇന്ന് ഭരണതലത്തില്‍ നടപ്പാക്കപ്പെടുകയാണ്. ഓരോ രംഗവും കൈയ്യടക്കപ്പെടുകയാണ്. അവരുടെ കൈപ്പിടിയില്‍ ഒതുക്കുന്നതിന് ശ്രമം നടത്തുകയാണ്. അക്കാര്യത്തില്‍ കേരളം വേറിട്ടുനില്‍ക്കുകയാണ്. മതനിരപേക്ഷ ചിന്താഗതിക്കാര്‍ ഒന്നിച്ച് അതിനെ എതിര്‍ക്കാനാണ് ശ്രമിക്കുന്നത്. ആ സമയത്ത് തെറ്റായ ഒരു ചിത്രം വരച്ചുകാട്ടുന്നത് നല്ലതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്ത് വര്‍ഗീയതയെ പ്രതിരോധിക്കാന്‍ സിപിഎം സ്വീകരിക്കുന്ന സമീപനം എന്താണെന്ന് വ്യക്തമാണ്. മഹാവിപത്തിനെ നേരിടാന്‍ നേരിയ ഭിന്നതകളെല്ലാം മാറ്റിവെച്ച് നമുക്ക് മതനിരപേക്ഷതയുടെ ഭാഗമായി അണിനിരക്കാനാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top