നിയമസഭ തെരഞ്ഞെടുപ്പ്: റോഡ് വെട്ടുന്നതിനും കുഴിക്കുന്നതിനും നിയന്ത്രണം

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തടസമില്ലാത്ത വാര്‍ത്താവിനിമയ സൗകര്യം ഉറപ്പാക്കുന്നതിനായി റോഡ് വെട്ടുന്നതിനും കുഴിക്കുന്നതിനും നിയന്ത്രണമേര്‍പ്പെടുത്തി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ഉത്തരവായി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തടസ്സമില്ലാത്ത വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ ഉറപ്പാക്കുന്നതിനായി തെരഞ്ഞെടുപ്പ് സംബന്ധമായ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന കേന്ദ്രങ്ങളില്‍ ബി.എസ്.എന്‍.എല്‍. കണക്റ്റിവിറ്റി ലഭ്യമാക്കിയിട്ടുണ്ട്.

പി.ഡബ്ല്യൂ.ഡി, വാട്ടര്‍ അതോറിറ്റി, കെ.എസ്.ഇ.ബി തുടങ്ങിയ വകുപ്പുകള്‍ നടത്തുന്ന നവീകരണ ജോലികള്‍, കുഴിയെടുക്കല്‍, കേബിള്‍ സ്ഥാപിക്കല്‍ എന്നിവ ബി.എസ്.എന്‍.എല്‍ കേബിളുകള്‍ക്കും മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിക്കാന്‍ ഇടയാക്കും. തെരഞ്ഞെടുപ്പ് കാലയളവില്‍ ഇത്തരം തടസ്സങ്ങള്‍ ഉണ്ടാകുന്നത് തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകളെയും പ്രവര്‍ത്തനങ്ങളെയും സാരമായി ബാധിക്കും.

ബി.എസ്.എന്‍.എല്‍. കണക്ടിവിറ്റിയെ ബാധിക്കുന്ന തരത്തിലുള്ള യാതൊരുവിധ റോഡ് വെട്ടലോ, കുഴിയെടുക്കലോ, മറ്റ് നിര്‍മാണ പ്രവര്‍ത്തനങ്ങളോ തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാകുന്നത് വരെ നടത്താന്‍ പാടില്ല. ഇത് ലംഘിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും കരാറുകാര്‍ക്കെതിരെയും നിയമ നടപടികള്‍ സ്വീകരിക്കും.

Share news
error: Content is protected !!
Scroll to Top