Section

malabari-logo-mobile

നിയമസഭാ തെരഞ്ഞെടുപ്പ് ,വോട്ടര്‍ പട്ടിക കുറ്റമറ്റതാക്കാന്‍ എല്ലാവരും സഹകരിക്കണം;ജില്ലാ കലക്ടര്‍

HIGHLIGHTS : മലപ്പുറം : നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടര്‍ പട്ടിക കുറ്റമറ്റതാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും പൊതുജനങ്ങളും സഹകരിക്കണമെന്ന് ജ...

മലപ്പുറം : നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടര്‍ പട്ടിക കുറ്റമറ്റതാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും പൊതുജനങ്ങളും സഹകരിക്കണമെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അഭ്യര്‍ത്ഥിച്ചു. കലക്ടറേറ്റില്‍ ചേര്‍ന്ന രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രായപൂര്‍ത്തി വോട്ടവകാശം ഉറപ്പുവരുത്തുന്നതിന് 18 വയസ്സ് പൂര്‍ത്തിയായ മുഴുവനാളുകളും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണം. ജനാധിപത്യ സംവിധാനത്തില്‍ ഏറ്റവും ശക്തമായ ആയുധമാണ് വോട്ടവകാശം. ഇതുപയോഗിക്കുന്നതിന് വോട്ടര്‍പട്ടികയില്‍ പേരുണ്ടാകണം. വോട്ടര്‍ പട്ടിക കുറ്റമറ്റതാണെങ്കില്‍ മാത്രമേ ജനാധിപത്യവും കുറ്റമറ്റതാകൂ.

ബൂത്ത് ലെവല്‍ ഓഫീസര്‍മാരുമായി സഹകരിച്ച് വോട്ടര്‍പട്ടികയിലെ ഇരട്ടിപ്പും മറ്റ് അപാകതകളും പരിഹരിക്കണം. മരിച്ചവരെ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യണം. ഒരാള്‍ക്ക് ഒന്നിലധികം ബൂത്തുകളില്‍ വോട്ട് ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കണം. ഇതിനായി പൊതുജനങ്ങളും രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും പൂര്‍ണമായി സഹകരിക്കണം. മലപ്പുറം ഗവ. കോളജില്‍ നടക്കുന്ന വോട്ടിങ് മെഷീന്റെ ആദ്യഘട്ട പരിശോധന നാളെ പൂര്‍ത്തിയാവും. കോളജില്‍ ഫെബ്രുവരി മൂന്നിന് രാവിലെ 10.30ന് നടക്കുന്ന മോക്ക് പോളില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്ക് പങ്കെടുക്കാം. 1,000 വോട്ടര്‍മാരില്‍ കൂടുതലുള്ള പോളിങ് സ്റ്റേഷനുകളില്‍ അധിക പോളിങ് ബൂത്തുകള്‍ ഒരുക്കും. നിലവിലുള്ള ബില്‍ഡിങുകളില്‍ സൗകര്യങ്ങളില്ലെങ്കില്‍ താത്ക്കാലിക സൗകര്യം ഒരുക്കും.

sameeksha-malabarinews

തെരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളിലും കോവിഡ് മാര്‍ഗനിര്‍ദേശങ്ങളും ഹരിത ചട്ടങ്ങളും പാലിക്കണം. 80 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശ പ്രകാരം പോസ്റ്റല്‍ ബാലറ്റ് അനുവദിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും. ബൂത്തുകള്‍ ഭിന്നശേഷി സൗഹൃദമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. കോവിഡ് പോസിറ്റീവായവര്‍ക്കും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശ പ്രകാരം വോട്ട് ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കും. പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഫ്ളക്സ് ഉപയോഗിക്കാന്‍ പാടില്ല. പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് കമ്മീഷന്‍ നിര്‍ദേശിക്കുന്ന ആളുകളെ മാത്രമേ പങ്കെടുപ്പിക്കാവൂ. സാനിറ്റൈസര്‍, മാസ്‌ക് എന്നിവ ഉപയോഗിക്കുന്നതോടൊപ്പം സാമൂഹിക അകലവും മറ്റ് കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാനും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കണമെന്നും കലക്ടര്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.
യോഗത്തില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ഇ. മുഹമ്മദ് യൂസഫ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി. റഷീദ് ബാബു, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!