അഷറഫ്ക്ക ഓര്‍മ്മയായി…

സുരേഷ് രാമകൃഷ്ണന്‍

എവിടെ നിന്നോ ഒരു അവധൂതനെപോലെ പരപ്പനങ്ങാടിയില്‍ വന്നെത്തിച്ചേരുകയായിരുന്നു മഹാനായ ഈ കലാകാരന്‍. മഹാപ്രവാഹത്തിന്റെ കുത്തൊഴുക്കില്‍ ഏതോ കൈവഴി
യിലേക്ക് കരകവിഞ്ഞ് ഒഴുകിയായിരിക്കണം അദേഹം ഈ നാട്ടിലെത്തിയത്. ബാബുരാജിനെ പോലുള്ള സംഗീത ഇതിഹാസങ്ങള്‍ക്കൊപ്പം ജീവതാളം പങ്കുവെച്ചാണ് ഇദേഹം ജീവിച്ചത്. ഒരുപുരുഷായുസിന്റെ ഏറിയ നാളും സംഗീതത്തോടൊപ്പവും സംഗീതജ്ഞരോടൊപ്പവും നിഴലുപോലെ നടന്നു.

തബലയുടെ പെരുക്കങ്ങള്‍ ആനത്തിരമാലകള്‍ പോലെ ഈ വിരലുകളില്‍ നിന്നും ആര്‍ത്തിരമ്പി. പഴയകാല കല്ല്യാണവീടുകളും ഉത്സവപറമ്പുകളും ഗാനമേളകള്‍ക്ക് വേണ്ടി കാതോര്‍ത്തിരുന്ന കാലത്തായിരുന്നു ഈ കുറിയ മനുഷ്യന്റെ വിരലുകള്‍ താള വിസ്മയം തീര്‍ത്തത്. മലബാറിലെ ഒട്ടുമിക്ക മാപ്പിളപ്പാട്ട് കലാകാരന്‍മാരുടെയും പാട്ടിലെ താളം അഷറഫ്ക്കയായിരുന്നു.

ഏറെ നാളായി അദേഹത്തെ ശ്വാസ സംബന്ധമായ രോഗം ബുദ്ധിമുട്ടിച്ചിരുന്നു .സംസാരത്തിനിടയില്‍ വാക്കുകള്‍ക്ക് വേണ്ടി അദേഹം ഒരുപാട് ബുദ്ധിമുട്ടിയിരുന്നു, അപ്പോഴും അദേഹത്തിന്റെ വിരലുകള്‍ അനര്‍ഗളം സംസാരിച്ചുകൊണ്ടിരുന്നു. വിരലിന്റെ തുമ്പില്‍ നിന്നും നാദം പരസ്പരം സംവദിക്കുന്ന സ്വര്‍ഗീയ അനുഭവമായി അപ്പോഴും നമ്മളിലേക്ക് പകര്‍ന്നുകൊണ്ടിരുന്നു.

ഇന്ന് ഈ ഹൃദയനാദം നിലച്ചിരിക്കുന്നു. പക്ഷേ, സംഗീത രാത്രികളെ ഹൃദയത്തില്‍ സൂക്ഷിക്കുന്ന മലബാറിന്റെ ഉത്സവ മനസുകളില്‍ നിന്ന് ഈ നാദം ഒരിക്കലും നിലയ്ക്കുന്നില്ല….

ഒരു സൂഫിവര്യനെപ്പോലെ അദ്ദേഹം പ്രയാണം ചെയ്ത ഭൂപടത്തിലെ എല്ലാ അതിരുകളിലെയും ദുഃഖത്തെയും,സത്യത്തെയും,നാദത്തിന്റെ ആനന്ദത്തില്‍ മാത്രം അതിജീവിച്ചതിനെ കുറിച്ച് അദ്ദേഹം മലബാറിന്യൂസിനോട് പറഞ്ഞത് ഞങ്ങള്‍ ഒരിക്കല്‍ കൂടി ഓര്‍ക്കുന്നു….

 

Share news
 • 52
 •  
 •  
 •  
 •  
 •  
 • 52
 •  
 •  
 •  
 •  
 •