കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹലോത്ത്
. സോണിയ – അശോക് ഗഹലോത്ത് കൂടിക്കാഴ്ച്ചക്ക് പിന്നാലെ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഗഹ്ലോത് മത്സരത്തിനില്ലെന്ന കാര്യം വ്യക്തമാക്കിയത്. ബുധനാഴ്ച രാത്രിയാണ് കൂടിക്കാഴ്ചയ്ക്കായി ഗഹലോത്ത് ഡല്‍ഹിയിലെത്തിയത്.
രാജസ്ഥാനിലെ സംഭവവികാസങ്ങളില്‍ സോണിയ ഗാന്ധിയോട് മാപ്പ് പറഞ്ഞതായും ഗഹ്ലോത് പറഞ്ഞു. നെഹ്‌റു കുടുംബവുമായുള്ളത് 50 വര്‍ഷത്തെ ബന്ധമാണെന്നും ഗഹലോത്ത് വിശദീകരിച്ചു. രാജസ്ഥാനിലെ എംഎല്‍എമാരുടെ നീക്കം ഹൈക്കമാന്റും ഗഹ്ലോതുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ ദില്ലിയിലെത്തിയ അശോക് ഗഹ്ലോത് സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തിയത്.
അതേസമയം കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനായി ശശി തരൂര്‍ നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. നാളെ പത്രിക നല്‍കുമെന്ന് ദിഗ് വിജയ് സിംഗും വ്യക്തമാക്കിയിട്ടുണ്ട്. മത്സരിക്കാന്‍ വേണ്ടിയാണ് താന്‍ നാമനിര്‍ദേശ പത്രിക വാങ്ങുന്നതെന്ന് വ്യക്തമാക്കിയ ദിഗ് വിജയ് സിങ്, ഹൈക്കമാന്റ് പ്രതിനിധിയാണോ എന്ന ചോദ്യത്തിന് സ്വയം പ്രതിനിധീകരിക്കുന്നുവെന്നാണ് മറുപടി നല്‍കിയത്. ആരൊക്കെ മത്സരിക്കുമെന്ന കാര്യമറിയാന്‍ നാളെ വരെ കാത്തിരിക്കൂവെന്നും അദ്ദേഹം പറഞ്ഞു.



