HIGHLIGHTS : Arvind Kejriwal released from jail
ഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ജയില്‍ മോചിതനായി. തിഹാര്‍ ജയിലിന് മുന്നില്‍ വന്‍ സ്വീകരണമാണ് ആംആദ്മി പ്രവര്‍ത്തകര്‍ ഒരുക്കിയത്. അഞ്ച് മാസത്തിന് ശേഷമാണ് കെജ്രിവാള്‍ പുറത്തിറങ്ങുന്നത്. എത്ര തകര്‍ക്കാന്‍ ശ്രമിച്ചാലും തകരില്ലെന്ന് ജയിലിന് മുന്നില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് കെജ്‌രിവാള്‍ പറഞ്ഞു.
മദ്യനയ അഴിമതിക്കേസില്‍ സുപ്രീംകോടതി ജാമ്യം അനുവദിച്ചതോടെയാണ് കെജ്രിവാളിന്റെ ജയില്‍മോചനം സാധ്യമായത്. ഈ വര്‍ഷം മാര്‍ച്ച് 21 മുതല്‍ തടവില്‍ കഴിയുന്ന അരവിന്ദ് കെജ്രിവാളിന് പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ വീണ്ടും ഏറ്റെടുക്കാം. ഇ ഡി കേസില്‍ സുപ്രീംകോടതി ജാമ്യം നല്‍കുന്നതിന് മുമ്പ് സിബിഐ അറസ്റ്റ് രേഖപ്പെടുത്തിയതോടെയാണ് കെജ്രിവാളിന് ജയിലില്‍ തുടരേണ്ടി വന്നത്. വിചാരണ ഉടനെ ഒന്നും പൂര്‍ത്തിയാകാന്‍ സാധ്യതയില്ലെന്നും അതിനാല്‍ ജാമ്യം നല്‍കുകയാണെന്നും രണ്ടംഗ ബെഞ്ച് വ്യക്തമാക്കി.
സാക്ഷികളെ സ്വാധീനിക്കരുത്, സെക്രട്ടറിയേറ്റില്‍ പ്രവേശിക്കരുത്, ചില ഫയലുകള്‍ മാത്രമേ കാണാവൂ തുടങ്ങിയ മുന്‍കേസിലെ ജാമ്യ വ്യവസ്ഥകള്‍ തുടരും. അറസ്റ്റിന്റെ കാര്യത്തില്‍ ബെഞ്ചിലെ രണ്ടു ജഡ്ജിമാര്‍ ഭിന്ന വിധിയാണ് നല്‍കിയത്. ജസ്റ്റിസ് സൂര്യകാന്ത് സിബിഐ അറസ്റ്റിനോട് യോജിച്ചപ്പോള്‍ ജസ്റ്റിസ് ഉജ്ജല്‍ ഭുയ്യാന്‍ അതിരൂക്ഷ വിമര്‍ശനം ഉയര്‍ത്തി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു