Section

malabari-logo-mobile

രണ്ട് ചിരികള്‍: ഒന്ന് ജീവിതത്തിന്റെ ചിരി, രണ്ടാമന്റെത് ജോസഫ് മാഷിന്റെ കൈവെട്ടിയവരുടെ ചിരി…..

HIGHLIGHTS : വി.കെ ജോബിഷ് എഴുതുന്നു… LGBT ആക്ടിവിസ്റ്റ് സുല്‍ഹാസിന്റെ കൊലപാതകവും, ബംഗ്ലാദേശിലെ തീവ്രവാദ വിരുദ്ധകോടതിയുടെ വധശിക്ഷയും, പൊളിറ്റിക്കല്‍ ഇസ്ലാം...

വി.കെ ജോബിഷ് എഴുതുന്നു…

LGBT ആക്ടിവിസ്റ്റ് സുല്‍ഹാസിന്റെ കൊലപാതകവും, ബംഗ്ലാദേശിലെ തീവ്രവാദ വിരുദ്ധകോടതിയുടെ വധശിക്ഷയും, പൊളിറ്റിക്കല്‍ ഇസ്ലാം എങ്ങനെയാവും കാണുന്നുണ്ടാവുക..?

sameeksha-malabarinews

കാണുന്നില്ലേ രണ്ട് ചിരികള്‍. ഒന്നാമന്റേത് ജീവിതത്തിന്റെ ചിരി. രണ്ടാമന്റേത് അവനെ കൊന്നവന്റെ ചിരി. രണ്ടാമന്റെ ചിരി ആ വണ്ടിയില്‍ മാത്രമുള്ളതല്ല. പല നാടുകളില്‍ പടര്‍ന്ന പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ ചിരിയാണിത്. ഓര്‍മ്മയില്ലേ ജോസഫ് മാഷിന്റെ കൈ വെട്ടിയവരുടെ ചിരി. സ്വര്‍ഗലോകത്തിലേക്കുള്ള പ്രവര്‍ത്തിയുടെ ആഹ്ലാദം നിറഞ്ഞ ചിരി. അന്ന് പുറത്തു നിന്നുള്ള ചിരിയായിരുന്നു നാം കണ്ടതെങ്കില്‍ ഇന്ന് അകത്തുനിന്നുള്ള ചിരി. ആ ചിരി വീണ്ടും കണ്ടപ്പോള്‍ ഇവിടെ പങ്കുവെക്കണമെന്നു തോന്നി.
പോട്ടെ. ആരാണീ ചിത്രത്തിലുള്ളവര്‍ ?
ഒന്നാമന്‍ സുല്‍ഹാസ് മന്നന്‍. ബംഗ്ലാദേശിലെ LGBT ആക്ടിവിസ്റ്റായിരുന്നു. പ്രകൃതി സ്‌നേഹി, സ്വാതന്ത്ര്യവാദി, യാത്രികന്‍, നര്‍ത്തകന്‍ തുടങ്ങിയ ഇഷ്ടങ്ങളിലൂടെ ജീവിച്ച് ചുറ്റുമുള്ളവര്‍ക്കെല്ലാം സന്തോഷം നല്‍കിയ മനുഷ്യന്‍. ഒപ്പം ബംഗ്ലാദേശിലെ ആദ്യത്തെ LGBT അവകാശമാസികയായ രൂപന്റെ എഡിറ്റര്‍കൂടിയായിരുന്നു സുല്‍ഹാസ്. ധാക്ക സര്‍വകലാശാലയില്‍ നിന്ന് ഇന്റര്‍നാഷണല്‍ റിലേഷന്‍സില്‍ ബിരുദമെടുത്ത സുല്‍ഹാസ് തുടര്‍ന്ന് ഡാക്കയിലെ യു.എസ് എംബസിയില്‍ ജോലി നോക്കി. പിന്നീട് അതില്‍ നിന്ന് മാറി യു.എസ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡവലപ്പ്‌മെന്റില്‍ ജോലി ചെയ്തു വരികയായിരുന്നു. ആ സമയത്താണ് 2016 ഏപ്രിലില്‍ സ്വവര്‍ഗാനുരാഗികള്‍ക്കും ഭിന്നലിംഗക്കാര്‍ക്കുമായി ധാക്കയില്‍ ഒരു ‘മഴവില്‍റാലി’ സംഘടിപ്പിക്കാന്‍ സുല്‍ഹാസും സുഹൃത്ത് മഹബൂബ് റബ്ബിയും കൂടി തീരുമാനിച്ചത്. മഹബൂബ് കുട്ടികളെ നാടകം പഠിപ്പിച്ചു കൊണ്ടിരുന്ന അവിടുത്തെ തിയറ്റര്‍ ഗ്രൂപ്പിലെ അംഗവുംകൂടി ആയിരുന്നു. തങ്ങളുടെ ഐഡന്റിറ്റിയുടെ തിരിച്ചറിവിനൊപ്പം ഒരു രാജ്യത്തെ ചേര്‍ത്തുവെക്കാനുള്ള ആഹ്വാനമായിരുന്നു ആ റാലി ലക്ഷ്യം വെച്ചത്. എന്നാല്‍ സ്‌നേഹം സാമൂഹികമായി അംഗീകരിക്കപ്പെടുന്നതോടൊപ്പം വൈവിധ്യമുള്ള മനുഷ്യജീവനുകളുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തേണ്ടതിനെക്കുറിച്ചുള്ള ആ ആഗ്രഹത്തിന് അധികം ആയുസ്സുണ്ടായില്ല. കാരണം ആധുനികതയ്‌ക്കെതിരായി ലോകവ്യാപകമായി പ്രവര്‍ത്തിച്ചുവരുന്ന ഇസ്ലാമിസ്റ്റ് തീവ്രവാദികളില്‍ ചിലര്‍ അവിടെയുമുണ്ടായിരുന്നു. അവരില്‍ ചിലര്‍ 2016 ലെ ഏപ്രിലിലെ ഒരുച്ചയ്ക്ക് കൊറിയര്‍ സര്‍വീസില്‍ നിന്ന് വന്നതാണെന്ന് പറഞ്ഞുകൊണ്ട് സുല്‍ഹാസിന്റെ അപ്പാര്‍ട്ട്‌മെന്റിലേക്ക് കയറുകയും അദ്ദേഹത്തെയും ഒപ്പമുണ്ടായിരുന്ന മഹബൂബിനെയും കഴുത്തറുത്തും വെടിവെച്ചും കൊന്നുകളഞ്ഞു. നിമിഷനേരങ്ങള്‍കൊണ്ട്
രക്തത്തില്‍ കുളിച്ചു കിടക്കുന്ന സുല്‍ഹാസും റബ്ബിയും.!
ചുറ്റുമുള്ള മനുഷ്യസ്‌നേഹികള്‍ തകര്‍ന്നു പോയ ദിവസം. ബംഗ്ലാദേശില്‍ മതേതര എഴുത്തുകാര്‍, ബ്ലോഗര്‍മാര്‍ ,പ്രൊഫസര്‍മാര്‍, സ്വതന്ത്ര ചിന്തകര്‍ തുടങ്ങി ഒരുപാടുപേര്‍ കൊല്ലപ്പെട്ട സമയം കൂടിയായിരുന്നു ആ വര്‍ഷങ്ങള്‍. എല്ലാം ലോകവ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത് ഇപ്പോഴും ഓര്‍മ്മയിലുണ്ട്.
ദാരുണമായ ഓരോ കൊലപാതകത്തിനു ശേഷമുള്ള അലര്‍ച്ചകള്‍ക്കിടയില്‍നിന്നും അവിടുത്തെ മനുഷ്യസ്‌നേഹികള്‍ തങ്ങളുടെ രാഷ്ട്രത്തോടായി പിന്നെയും പിന്നെയും ചോദിച്ചു.
കുറ്റവാളികള്‍ക്ക് ശിക്ഷ കിട്ടുമോ..? എന്നെങ്കിലും നീതി നടപ്പാകുമോ…?
നീതിപീഠത്തിലും ഇസ്ലാമിലും വിശ്വസിച്ചവര്‍ കുറ്റവാളികളായ ഇസ്ലാമുകള്‍ ഒരിക്കലും ജയിക്കരുതേ എന്ന് ഉറക്കെയുറക്കെപ്പറഞ്ഞു.
വര്‍ഷം അഞ്ചുകഴിഞ്ഞു.
അവരുടെ കരുതലിന്റെയും പ്രതീക്ഷയുടെയും പുറത്ത് കഴിഞ്ഞ ദിവസം കുറ്റവാളികള്‍ക്കെതിരായി, തോക്കും കത്തിയുമായി നടക്കുന്ന ഭീരുക്കള്‍ക്കെതിരായി ബംഗ്ലാദേശ് തീവ്രവാദവിരുദ്ധ കോടതിയുടെ വിധി വന്നു. കൊലപാതകത്തില്‍ പങ്കെടുത്ത ആറ് ഇസ്ലാമിസ്റ്റ് തീവ്രവാദികള്‍ക്കും വധശിക്ഷ. ഒപ്പം കുറ്റവാളികളോട് യാതൊരു ദയയും കാണിക്കരുതെന്ന് മുസ്ലീമായ ജഡ്ജി എം.ഡി മുജീബുര്‍ റഹ്മാന്‍ ഒന്നുകൂടി അടിവരയിട്ടു. നീതിപീഠത്തിന്റെ ജീവനുള്ള അടിവര.!
‘സ്വതന്ത്ര അഫ്ഗാന്‍’ രൂപപ്പെട്ടതിനുപിന്നാലെ ഇസ്ലാമിനെതിരായി വരുന്ന അനേകം നറേഷനുകളുണ്ട്. അതിലൊന്നാണ് ഇസ്ലാം ഭൂരിപക്ഷമുള്ള രാജ്യങ്ങളില്‍ നിന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് ഒരിക്കലും നീതി കിട്ടില്ലെന്നത്. അതുകൊണ്ടുതന്നെ ഈ സമയത്തുള്ള ഈ വിധിയില്‍ ഇസ്ലാമിനും ഇസ്ലാമിനെ സ്‌നേഹിക്കുന്ന മനുഷ്യസ്‌നേഹികള്‍ക്കും ആശ്വസിക്കാം. ഒപ്പം സ്വാതന്ത്ര്യത്തിനും അഭിപ്രായത്തിനും മേല്‍ ഭയം നിറയ്ക്കുന്നവര്‍ ഇസ്ലാമല്ലെന്ന് ഉറപ്പിച്ചെടുക്കുന്ന ഈ വിധിയില്‍ നിന്ന് ബംഗ്ലാദേശിലെ ഘഏആഠ സമൂഹത്തിനും ഏറെ മുന്നോട്ടു നടക്കാനാവുമെന്നുറപ്പാണ്. ഇസ്ലാം തീവ്രവാദികളില്‍ നിന്ന് ഭീഷണിയുണ്ടായപ്പോള്‍ അപകടമാണെന്നറിഞ്ഞിട്ടും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഒരു ബംഗ്ലാദേശ് സമൂഹം സൃഷ്ടിക്കാന്‍ ദൃഢനിശ്ചയവുമായി ഇറങ്ങിയ സുല്‍ഹാസിനെയും മഹബൂബിനെയും തങ്ങളുടെ ഭാവി സമരങ്ങളില്‍ അവര്‍ മുന്നില്‍ നിര്‍ത്തട്ടെ. അവര്‍ ചരിത്രത്തിലെ ധീരന്മാരാണ്. അവര്‍ ലോകത്തിന്റെ കൂടെയുണ്ടാവണം. ഒപ്പം ഇസ്ലാമിന്റെ പേരില്‍ ചുറ്റിലും ഭയം നിറക്കുന്ന തീവ്രവാദികളെ ഭീരുക്കളെന്ന് കാലം അടയാളപ്പെടുത്തട്ടെ.
” സുല്‍ഹാസ് മരിച്ചിട്ടില്ല. ഞാന്‍ അവന്റെ ആത്മാവിനെ എല്ലായിടത്തും കാണുന്നു. ബംഗ്ലാദേശിലെ നദികളിലും പച്ചപ്പാടങ്ങളിലും അദ്ദേഹം ഇപ്പോഴും ജീവനോടെയുണ്ട്. അവന്റെ കൊലപാതകികളെ ജയിക്കാന്‍ ഞങ്ങള്‍ അനുവദിക്കുകയില്ല ”
സുല്‍ഹാസിന്റെ ഓര്‍മ്മ ദിവസങ്ങളിലൊന്നില്‍ സഹോദരന്‍ മിന്‍ഹാസ് കഴിഞ്ഞ വര്‍ഷങ്ങളില്‍ പറഞ്ഞ വാക്കുകളാണിത്.
അത് അല്പം തിരുത്തി മിന്‍ഹാസിനോട് ഞങ്ങള്‍ തിരിച്ചും പറയുന്നു.
ബംഗ്ലാദേശിലെ പച്ചപ്പാടങ്ങളിലും നദികളിലും മാത്രമല്ല സുല്‍ഹാസ് ഇപ്പോള്‍ ജീവനോടെയുള്ളത്. ആ നദികളില്‍ നിന്ന് സുല്‍ഹാസ് ലോകം മുഴുവന്‍ ഒഴുകിപ്പരക്കുന്നുണ്ട്. സുല്‍ഹാസിനെ കൊന്ന കുറ്റവാളികള്‍ക്കെതിരായ വിധിയിലൂടെ ആ ഒഴുക്കിന് ശക്തി കൂടിയിട്ടുണ്ട്. അത്രമാത്രം.
വാല്‍ക്കഷണം
…………………..
ഇത്രയും വായിച്ചതിനു ശേഷം ചിലര്‍ക്കെങ്കിലും ഒരു സംശയം ബാക്കിയുണ്ടാവും. ഈ വിധി ഇങ്ങനെ ആഹ്ലാദമുണ്ടാക്കേണ്ടതാണോ എന്ന്?
ഇയാള്‍ വധശിക്ഷയെ അനുകൂലിക്കുകയല്ലേ എന്ന്?
അവര്‍ക്കായി ഞാന്‍ കെ.ആര്‍ മീരയുടെ ആരാച്ചാരില്‍ നിന്ന് ഒരു ഭാഗം വീണ്ടും വായിക്കുകയാണ്.
”മാഡം നിങ്ങള്‍ ഡെത്ത് പെനാല്‍റ്റിയെ അനുകൂലിക്കുകയാണോ?”
‘ഒരിക്കലുമല്ല. ഞങ്ങള്‍ അനുകൂലിക്കുന്നത് ഒരു സ്ത്രീക്ക് പുരുഷനോടൊപ്പം തുല്യ അവസരം നല്‍കുന്നതിനെമാത്രമാണ്…”
” വധശിക്ഷ നിര്‍ത്തലാക്കുന്നതിനെക്കുറിച്ച് എന്താണു നിങ്ങളുടെ അഭിപ്രായം?”
”അതല്ല, ഇവിടെ ചര്‍ച്ചാ വിഷയം… ”
…………………………
………………………….
”ജൊതീന്ദ്രനാഥിനെ തൂക്കിക്കൊല്ലുമ്പോള്‍ സ്ത്രീയെന്ന നിലയില്‍ നിങ്ങളുടെ കൈ വിറയ്ക്കുകയില്ലേ?”
”കൈ വിറയ്ക്കുകയില്ല. പക്ഷേ പാഴായിപ്പോയ ആ ജീവിതത്തെ ഓര്‍ത്ത് എന്റെ ഹൃദയം തീര്‍ച്ചയായും വിറയ്ക്കും.”
” അയാള്‍ക്ക് ഒരു ഭാര്യയും കുട്ടികളുമുണ്ട് എന്ന് ഓര്‍മയുണ്ടോ?’
”അത് അയാളായിരുന്നില്ലേ ഓര്‍ക്കേണ്ടത് ?”
”നിങ്ങള്‍ വധശിക്ഷയെ അനുകൂലിക്കുകയാണോ?”
”ഞാന്‍ അനുകൂലിക്കുന്നില്ല …
ഇത്രമാത്രം

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!