‘സൈന്യം വെടിനിര്‍ത്തല്‍ നടപ്പാക്കും: പ്രതിരോധ മന്ത്രാലയം

ദില്ലി: പാകിസ്ഥാനുമായുള്ള വെടിനിര്‍ത്തല്‍ സൈന്യം നടപ്പാക്കുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ വിശദമാക്കി പ്രതിരോധ മന്ത്രാലയം. പഹല്‍ഗാമിലെ ആക്രമണത്തിന് ശേഷം സംയമനത്തോടെയും ഉത്തരവാദിത്തത്തോടെയും മാത്രമാണ് ഇന്ത്യ തിരിച്ചടിച്ചതെന്ന് വിവിധ സേനകളുടെ വാര്‍ത്താസമ്മേളനത്തില്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. എസ് 400, ബ്രഹ്മോസ് മിസൈല്‍ അടക്കം എല്ലാം സുരക്ഷിതമെന്ന് കേണല്‍ സോഫിയ ഖുറേഷി പറഞ്ഞു.

ഇതെല്ലാം തകര്‍ത്തെന്ന് പാകിസ്ഥാന്‍ വ്യാജപ്രചാരണം നടത്തുകയാണ്. അതിര്‍ത്തിയിലെ എല്ലാ വ്യോമത്താവളങ്ങളും സുരക്ഷിതമാണ്. ഇന്ത്യന്‍ സൈന്യം പാകിസ്ഥാന് ശക്തമായ തിരിച്ചടിയാണ് നല്‍കിയത്. നാല് വ്യോമസേനാ താവളങ്ങള്‍ക്ക് നേരെ ശക്തമായ പ്രത്യാക്രമണം നടത്തി. പാകിസ്ഥാന്റെ എയര്‍ ഡിഫന്‍സ്, റഡാര്‍ സംവിധാനങ്ങള്‍ നിര്‍വീര്യമാക്കാന്‍ കഴിഞ്ഞുവെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. നിയന്ത്രണരേഖയ്ക്ക് സമീപം പാക് പ്രതിരോധ സംവിധാനങ്ങള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കി. അവരുടെ പ്രതിരോധ സംവിധാനങ്ങള്‍ക്ക് ഏറ്റത് വലിയ തിരിച്ചടിയെന്നും ഇനിയും ഏത് സാഹചര്യത്തിനും സജ്ജമെന്നും ഇന്ത്യന്‍ സൈന്യം വ്യക്തമാക്കി.

പാകിസ്ഥാനിലെ ആരാധനാലയങ്ങളെ ഇന്ത്യ ആക്രമിച്ചുവെന്ന പ്രചാരണം തീര്‍ത്തും വ്യാജമാണെന്നും ഉദ്യോഗസ്ഥര്‍ ചുണ്ടിക്കാട്ടി. ഇന്ത്യ ഒരു മതേതര രാജ്യമാണ്. ഇന്ത്യ പ്രത്യാക്രമണം നടത്തിയത് ഭീകരകേന്ദ്രങ്ങളില്‍ മാത്രമാണ്. എല്ലാ മതങ്ങളെയും വിശ്വാസങ്ങളെയും ബഹുമാനത്തോടെ കാണുന്ന രാജ്യമാണ് ഇന്ത്യ. ആരാധനാലയങ്ങള്‍ ആക്രമിച്ചുവെന്ന പ്രചാരണത്തെ ഇന്ത്യ ശക്തമായി അപലപിക്കുന്നുവെന്നും സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ ഉദ്യോ?ഗസ്ഥര്‍ വ്യക്തമാക്കി. അതിര്‍ത്തി കാക്കാന്‍ സര്‍വസജ്ജമെന്നും ജാഗ്രതയോടെ തുടരുമെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

സൈന്യങ്ങള്‍ക്കിടയിലെ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് വെടിനിര്‍ത്തിയത്. വെടിനിര്‍ത്താനുള്ള തീരുമാനം വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയാണ് വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചത്.

ഇരുരാജ്യങ്ങളും അംഗീകരിക്കുന്ന വേദിയില്‍ തുടര്‍ ചര്‍ച്ചയെന്ന അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോയുടെ പ്രസ്താവനയും ഇന്ത്യ തള്ളി. ഒരു മൂന്നാം കക്ഷിയും ഇടപെട്ടില്ലെന്നതിനൊപ്പം ഒരു തുടര്‍ ചര്‍ച്ചയുമില്ലെന്നും ഇന്ത്യ വ്യക്തമാക്കി. ഇന്ന് ഉച്ച തിരിഞ്ഞ് 3.35-നാണ് പാക് ഡിജിഎംഒ ഇങ്ങോട്ട് വിളിച്ചത്. അതനുസരിച്ചാണ് വെടിനിര്‍ത്തല്‍ ധാരണയായത്. 12-ന് ഉച്ചയ്ക്ക് 12 മണിക്ക് വീണ്ടും ഡിജിഎംഒ തലത്തില്‍ ചര്‍ച്ച നടക്കും. ഇതോടെ വെടിനിര്‍ത്തല്‍ കരാര്‍ പ്രാവര്‍ത്തികമായെന്നും കര, വ്യോമ, കടല്‍ മാര്‍ഗങ്ങളില്‍ വെടിനിര്‍ത്തലിനാണ് തീരുമാനമെന്നും വിക്രം മിസ്രി അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top