ന്യൂഡല്‍ഹി: കരസേനയുടെ ചീറ്റ ഹെലികോപ്റ്റര്‍ ജമ്മു കശ്മീരിലെ ഗുറേസ് സെക്ടറിലുള്ള മഞ്ഞുമൂടിയ പ്രദേശത്ത് തകര്‍ന്നുവീണു. അപകടത്തില്‍ പൈലറ്റ് മരിച്ചു. സഹപൈലറ്റ് ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.
വെള്ളിയാഴ്ച ഉച്ച കഴിഞ്ഞാണ് ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗുറേസ് താഴ്വരയിലെ ഗുജ്‌റാന്‍നല്ല മേഖലയിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണത്. സേനയുടെ തിരച്ചില്‍ സംഘം സംഭവ സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മഞ്ഞുവീഴ്ചയാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
ഹെലികോപ്റ്ററുമായുള്ള ആശയവിനിമയ ബന്ധം നഷ്ടപ്പെട്ടിരുന്നുവെന്നും അന്വേഷണം നടത്തിവരികയാണെന്നും അധികൃതര്‍ മാധ്യമങ്ങളോട് പറഞ്ഞു.




