ഇടുക്കി : ഇന്നലെ നിര്‍ത്തിവെച്ച അരിക്കൊമ്പനെ വെടിവയ്ക്കാനുള്ള ദൗത്യം ഇന്ന് തുടരും. ട്രാക്കിങ് ടീം പുലര്‍ച്ചെ മുതല്‍ തന്നെ അരിക്കൊമ്പനെ നിരീക്ഷിക്കുന്നുണ്ട്. നിലവില്‍ ശങ്കരപാണ്ഡ്യമെട്ട് എന്ന ഭാഗത്തായിരുന്നു ആനയുള്ളത്. ഇപ്പോള്‍ കൊമ്പന്‍ ശങ്കരപാണ്ഡ്യ മേട്ടില്‍ നിന്ന് താഴേക്ക് ഇറങ്ങിയെന്നാണ് സംശയം. കൊച്ചി ധനുഷ്‌കോടി ദേശീയപാതയും ആനയിറങ്കലും കടത്തി ദൗത്യ മേഖലയില്‍ എത്തിച്ച ശേഷമായിരിക്കും മയക്കുവെടി വയ്ക്കുക. ഇതിനുള്ള ശ്രമങ്ങളാണ് രാവിലെ നടക്കുക.
ദൗത്യ മേഖയില്‍ സൗകര്യപ്രദമായ സ്ഥലത്തെത്തിയാല്‍ മയക്കു വെടി വക്കാനുള്ള സംഘം പുറപ്പെടും. ദൗത്യ മേഖലയിലേക്ക് എത്തിക്കാനുള്ള ശ്രമം വിജയിച്ചില്ലെങ്കില്‍ ദൗത്യം നാളെയും നീളും. മദപ്പാടിലായ ചക്കക്കൊമ്പന്‍ കാട്ടാനക്കൂട്ടത്തിനൊപ്പമെത്തിയതാണ് അരിക്കൊമ്പന്‍ ശങ്കരപാണ്ഡ്യമെട്ടിലേക്ക് മാറാന്‍ കാരണം.
വനംവകുപ്പ് ഉദ്യോഗസ്ഥരടക്കം 150 ലേറെ പേരാണ് ചിന്നക്കനാലില്‍ ജനജീവിതം ദുസ്സഹമാക്കി നാശം വിതച്ച അരിക്കൊമ്പനെ സ്ഥലം മാറ്റാനുള്ള ദൗത്യസംഘത്തിലുള്ളത്.
ആനയെ കണ്ടെത്താത്തതിനാലാണ് വെളളിയാഴ്ചത്തെ ദൗത്യം നിര്‍ത്തി വെച്ചതെന്ന് ഡിഎഫ്ഒ അറിയിച്ചിരുന്നു. രാവിലെ നാല് മണിക്ക് ആരംഭിച്ച അരിക്കൊമ്പന്‍ ദൗത്യമാണ് നിര്‍ത്തിവെച്ചത്. ജിപിഎസ് കോളര്‍ ബേസ് ക്യാമ്പില്‍ തിരിച്ചെത്തിച്ചിരുന്നു. മണിക്കൂറുകളോളം തിരച്ചില്‍ നടത്തിയിട്ടും അരിക്കൊമ്പനെ കണ്ടെത്താനായിരുന്നില്ല. ചിന്നക്കനാലിലെ സിമന്റ് പാലത്തിന് സമീപം ആനക്കൂട്ടത്തെ കണ്ടിരുന്നെങ്കിലും അക്കൂട്ടത്തില്‍ അരിക്കൊമ്പനില്ല എന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ദൗത്യം നിര്‍ത്തിവെച്ചത്. അരിക്കൊമ്പന് പകരം ദൗത്യ സംഘം കണ്ടത് ചക്ക കൊമ്പനെയാണെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. രാവിലെ വേട്ടുവാഞ്ചേരിയില്‍ ഒരു തവണ മാത്രമാണ് അരിക്കൊമ്പനെ ദൗത്യസംഘം കണ്ടത്. പിന്നീട് കാണാതാവുകയായിരുന്നു.
അരിക്കൊമ്പനെ പിടിക്കുന്നതിനായി പടക്കം പൊട്ടിച്ച് ആനകളെ ഒറ്റപ്പെടുത്താനുളള ശ്രമവും വിജയിച്ചിരുന്നില്ല. ഇതിന് ശേഷമാണ് കൊമ്പനെ കാണാതായത്. അരിക്കൊമ്പനൊപ്പം കുട്ടിയാനകളടക്കമുളള കൂട്ടം, പടക്കം പൊട്ടിച്ചിട്ടും അരിക്കൊമ്പനെ ഒറ്റപ്പെടുത്താന്‍ കഴിഞ്ഞില്ല, ആന നില്‍ക്കുന്നത് വാഹനമെത്താന്‍ ബുദ്ധിമുട്ടുളള സ്ഥലത്താണ് എന്നതും ദൗത്യം നീളാന്‍ കാരണമായെന്നാണ് വിലയിരുത്തല്‍.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



